Content | കുടുംബബന്ധങ്ങള്‍ സുപ്രധാനങ്ങളാണ്. പക്ഷേ അവ പരമമല്ല. നമ്മുടെ മക്കൾ പക്വതയിലേക്കും മാനുഷികവും ആധ്യാത്മികവുമായ സ്വാതന്ത്ര്യത്തിലേക്കും വളര്‍ന്നുവരുന്നതുപോലെതന്നെ ദൈവത്തില്‍ നിന്നുവരുന്ന അവരുടെ പ്രത്യേകവിളി കൂടുതല്‍ വ്യക്തമായും ശക്തമായും ഉയര്‍ന്നുവരും. ഈ വിളിയെ മാതാപിതാക്കള്‍ ബഹുമാനിക്കുകയും ഇതു പിന്‍തുടരാന്‍ തങ്ങളുടെ മക്കളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. യേശുവിനെ അനുഗമിക്കാനുള്ളതാണു ക്രൈസ്തവന്‍റെ പ്രഥമ വിളി എന്ന അവബോധം അവര്‍ക്കുണ്ടായിരക്കണം. "എന്നെക്കാള്‍ കൂടുതല്‍ പിതാവിനെയോ മാതാവിനെയോ സ്നേഹിക്കുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാള്‍ കൂടുതല്‍ മകനെയോ മകളെയോ സ്നേഹിക്കുന്നവനും എനിക്കു യോഗ്യനല്ല" (മത്താ 10:37)
യേശുവിന്‍റെ ഒരു ശിഷ്യനാവുക എന്നതിന്‍റെ അര്‍ഥം ദൈവകുടുംബത്തിലെ അംഗമാകാനുള്ള ക്ഷണം സ്വീകരിക്കുകയും അവിടുത്തെ ജീവിത രീതിയ്ക്കു ചേര്‍ന്ന വിധം ജീവിക്കുകയും ചെയ്യുക എന്നതാണ്. "എന്തെന്നാല്‍ സ്വര്‍ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവരാണ് എന്‍റെ സഹോദരനും സഹോദരിയും അമ്മയും" (മത്താ 12:50).
സമര്‍പ്പിത ജീവിതത്തിലോ വൈദിക ശുശ്രൂഷയിലോ ദൈവരാജ്യത്തിനുവേണ്ടി അവിവാഹിതാവസ്ഥയില്‍ കര്‍ത്താവിനെ അനുഗമിക്കാന്‍ തങ്ങളുടെ മക്കള്‍ക്ക് അവിടുത്തെ വിളിയുണ്ടാകുമ്പോള്‍ അതിനെ മാതാപിതാക്കള്‍ അംഗീകരിക്കുകയും സന്തോഷത്തോടും കൃതജ്ഞതയോടും കൂടി ബഹുമാനിക്കുകയും ചെയ്യണം.
മക്കള്‍ക്കു പ്രായപൂര്‍ത്തിയാകുമ്പോള്‍ അവര്‍ക്കു തങ്ങളുടെ ജോലിയും ജീവിതാവസ്ഥയും തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. അവര്‍ ഈ പുതിയ ഉത്തരവാദിത്വങ്ങള്‍, മാതാപിതാക്കളോടുള്ള വിശ്വാസപൂര്‍വകമായ ബന്ധത്തില്‍, അവരുടെ ഉപേദേശവും ആലോചനയും സന്‍മനസ്സോടെ ചോദിച്ചും സ്വീകരിച്ചും ഏറ്റെടുക്കണം. ജോലിയോ ജീവിതപങ്കാളിയെയോ തിരഞ്ഞെടുക്കുന്നതില്‍ തങ്ങളുടെ മക്കളുടെമേല്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അവര്‍ക്കു വിവേചനപരമായ ഉപദേശം നല്‍കുന്നതിനെ, പ്രത്യേകിച്ച് അവര്‍ ഒരു കുടംബം തുടങ്ങാന്‍ പോകുമ്പോള്‍ ഈ നിയന്ത്രണം തടസ്സപ്പെടുത്തുന്നില്ല. നേരെമറിച്ച് അതിനു പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.
(Derived from the teachings of the Church) |