Content | അബൂജ: ക്രൈസ്തവർ രാജ്യത്ത് പീഡിപ്പിക്കപ്പെടുന്നില്ലെന്നുളള വിചിത്രമായ വാദം ഉന്നയിച്ച നൈജീരിയയിലെ സൊകോട്ടോ സുൽത്താനായ സാദ് അബൂബക്കർ മൂന്നാമന് മറുപടിയുമായി ദി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ. പൂർണ്ണമായും സുൽത്താന് തെറ്റുപറ്റിയെന്ന് സംഘടന വ്യക്തമാക്കി. പടിഞ്ഞാറൻ നൈജീരിയൻ പ്രവിശ്യയിൽ കഴിഞ്ഞ ക്രിസ്തുമസ് ദിനത്തിൽ കൊല്ലപ്പെട്ട 11 ക്രൈസ്തവരെയാണ് നൈജീരിയയിൽ ക്രിസ്തു വിശ്വാസികൾ പീഡനമേൽക്കുന്നതിന്റെ ഉദാഹരണമായി സംഘടന ചൂണ്ടിക്കാട്ടിയത്. തെറ്റായ വാദഗതി ഉന്നയിക്കുന്നതിന് പകരം സുൽത്താൻ ഈ കാര്യത്തിൽ നിശബ്ദത പാലിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് ദി ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ നിയമ കാര്യങ്ങൾക്കായുള്ള ഡയറക്ടർ സാമുവൽ കാംകുർ ശനിയാഴ്ച ഇറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
ക്രൈസ്തവരുടെ സ്ഥലങ്ങൾ പിടിച്ചെടുക്കുകയും, അവരെ കൊലപ്പെടുത്തുന്നതും നൈജീരിയയില്‍ നിത്യസംഭവമാണ്. ഇങ്ങനെയൊരു സാഹചര്യം നിലനിൽക്കേ രാജ്യത്ത് ക്രൈസ്തവ പീഡനമില്ലെന്ന് സുൽത്താൻ പറഞ്ഞതായി മാധ്യമങ്ങളിൽ കണ്ടപ്പോൾ അതീവ ദുഃഖം തോന്നിയതായും സാമുവൽ കാംകുർ പറഞ്ഞു. ക്രൈസ്തവരെ കൂട്ടക്കുരുതി നടത്തിയ സമയത്ത് നിശബ്ദനായിരുന്നതു പോലെ ഇപ്പോഴും സുൽത്താൻ നിശബ്ദനായി തന്നെ തുടരുന്നതായിരുന്നു ഇതിലും മെച്ചമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാദങ്ങള്‍ സ്ഥിരീകരിക്കുന്നതിനായി നൈജീരിയയുടെ വിവിധ പ്രദേശങ്ങളിൽ ഫുലാനി മുസ്ലിം ഗോത്ര വംശജർ ക്രൈസ്തവരെ വധിച്ചതിന്റെ കണക്കുകളും സാമുവൽ കാംകുർ അക്കമിട്ട് നിരത്തിയിട്ടുണ്ട്.
ഈ വർഷം ഫുലാനി ഗോത്ര വംശജർ ആയിരം ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയതെന്നും, 2012 നു ശേഷമുള്ള കണക്കുകൾ എടുത്തു നോക്കുമ്പോൾ ക്രൈസ്തവ കൊലപാതകങ്ങളുടെ എണ്ണം ആറായിരത്തോളം വരുമെന്നും, 12000 ക്രൈസ്തവ വിശ്വാസികൾക്ക് പലായനം ചെയ്യേണ്ടി വന്നുവെന്നും, ഇതൊന്നും പീഡനമല്ലെങ്കിൽ മറ്റെന്താണ് പീഡനമെന്ന് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സുപ്രീം കൗൺസിൽ ഓഫ് ഇസ്‌ലാമിക് അഫേഴ്സ് എന്ന സംഘടനയുടെ പ്രസിഡന്റ് ജനറൽ എന്ന പദവി കൂടി വഹിക്കുന്ന സുൽത്താൻ അബൂബക്കർ ക്രൈസ്തവ കൊലപാതകങ്ങളിൽ പ്രതികരിക്കാതിരുന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്നും സാമുവൽ കാംകുർ കൂട്ടിച്ചേർത്തു. എല്ലാ മതവിഭാഗങ്ങളെയും ഒരേപോലെ പരിഗണിക്കണമെന്നും അദ്ദേഹം നൈജീരിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. |