Content | ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ കഴിഞ്ഞ അഞ്ചുവർഷം ഭരണം നടത്താൻ ശ്രമിച്ചത് ക്രിസ്തു കാണിച്ചുതന്ന മാതൃകയിലാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡൽഹി നിയമസഭാ സ്പീക്കർ റാം നിവാസ് ഗോയൽ ഒരുക്കിയ ക്രിസ്തുമസ് പുതുവത്സര വിരുന്നു സൽക്കാരത്തിനിടയിലാണ് ഭാരതത്തില്‍ ഏറ്റവും ജനസമ്മതിയുള്ള നേതാക്കന്മാരില്‍ ഒരാളായ കേജ്രിവാൾ ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. പാവങ്ങളെയും ആലംബഹീനരെയും തന്റെ ജീവിതത്തിലൂടെ ശുശ്രൂഷിച്ച യേശുവിനെ പോലെ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന മോഹല്ല ക്ലിനിക്കുകൾ സര്‍ക്കാര്‍ ആരംഭിച്ചുവെന്നും പാവങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭ്യമാക്കുവാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ക്ഷമയാണ് യേശു പഠിപ്പിച്ച ഏറ്റവും മഹത്തായ സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, മെത്തഡിസ്റ്റ് ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ്പ് സുബോധ് മൊണ്ടല്‍, ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യ ഡല്‍ഹി രൂപത പ്രതിനിധി വാരിസ് കെ മാസിഹ്, ഡല്‍ഹി അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ളയും വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങില്‍ ഭാഗഭാക്കായി. നേരത്തെ മദര്‍ തെരേസക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവതും അനുയായികളും രംഗത്ത് വന്നപ്പോള്‍ ശക്തമായ ഭാഷയില്‍ മറുപടി കൊടുത്ത നേതാവാണ് അരവിന്ദ് കേജ്രിവാൾ.
|