Content | തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയില്‍ കേന്ദ്രമന്ത്രിയോട് ആശങ്ക അറിയിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യം. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ബിജെപിയുടെ ഗൃഹസന്പര്‍ക്ക പരിപാടിയുടെ ഭാഗമായി വെള്ളയമ്പലം ആര്‍ച്ച് ബിഷപ്പ്സ് ഹൗസിലെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനോടാണ് ആര്‍ച്ച് ബിഷപ്പ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ആശങ്ക അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം സമുദായത്തിന്റെ ആശങ്ക ദൂരീകരിക്കേണ്ടത് ഭരണകര്‍ത്താക്കളുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. വേണ്ടത്ര ചര്‍ച്ച ചെയ്തു ജനങ്ങളെ വിശ്വാസത്തിലെടുത്തു വേണം ബില്‍ നടപ്പാക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടു സമൂഹത്തില്‍ തെറ്റിദ്ധാരണ പരക്കുന്നുണ്ടെന്ന് കിരണ്‍ റിജിജു ആര്‍ച്ച് ബിഷപ്പിനോടു പറഞ്ഞു. പൗരത്വ നിയമഭേദഗതി സംബന്ധിച്ച ശരിയായ അവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനാണ് ബിജെപി ഗൃഹസമ്പര്‍ക്ക പരിപാടികള്‍ ആരംഭിച്ചിട്ടുള്ളത്. സമൂഹത്തില്‍ പൊതുസമ്മതനായ ഒരു നേതാവ് എന്ന നിലയിലാണ് ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യത്തെ കാണുന്നതിന് എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ച 15 മിനിറ്റോളം നീണ്ടു. ബിജെപി ജില്ലാ സെക്രട്ടറി എസ്. സുരേഷും മറ്റു ബിജെപി നേതാക്കളും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. |