Content | കെയ്റോ: കനത്ത സുരക്ഷയില്‍ ക്രിസ്തുമസ് ആഘോഷിച്ച് കോപ്റ്റിക്ക് ക്രൈസ്തവ സമൂഹം. സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക്, ഓര്‍ത്തഡോക്സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുന്നത്. ജനുവരി ആറാം തീയതി തിങ്കളാഴ്ച നേറ്റിവിറ്റി ഓഫ് ദി ക്രൈസ്റ്റ് കത്തീഡ്രൽ ദേവാലയത്തില്‍ നടന്ന പാതിരാ കുര്‍ബാനയില്‍ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദേൽ ഫത്ത അൽ സിസി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കാന്‍ എത്തിയിരിന്നു.
കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ തവദ്രോസ് രണ്ടാമൻ പ്രസിഡന്റിനെ ദേവാലയത്തിലേക്കു സ്വീകരിച്ചു. സമീപ രാജ്യങ്ങളിൽ നിന്നും വിഭിന്നമായി ഈജിപ്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്നത് മുസ്ലിം -ക്രൈസ്തവ ഐക്യം ശക്തമായതിനാലാണെന്ന് അദ്ദേഹം ശുശ്രൂഷകള്‍ക്ക് ശേഷം പറഞ്ഞു. നമ്മൾ ഒരുമിച്ച് നിൽക്കുന്ന കാലത്തോളം നമ്മളെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് അൽ സിസി കൂട്ടിച്ചേര്‍ത്തു. ദേവാലയത്തിൽ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാനെത്തിയവർക്ക് പ്രസിഡന്‍റ് ആശംസകൾ കൈമാറി. നേറ്റിവിറ്റി ഓഫ് ദി ക്രൈസ്റ്റ് കത്തീഡ്രൽ ദേവാലയത്തിന്റെ നിർമ്മാണം കഴിഞ്ഞ വർഷമാണ് പൂർത്തിയായത്. ഈജിപ്തിലെ ദേശീയ ടെലിവിഷൻ ചാനല്‍ പ്രസിഡന്റിന്റെ കത്തീഡ്രൽ സന്ദർശനം തൽസമയം സംപ്രേക്ഷണം ചെയ്തിരുന്നു.
ഇതിനു മുമ്പുള്ള വർഷങ്ങളിലും ക്രിസ്തുമസ് തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ സിസി അര്‍ദ്ധരാത്രിയില്‍ എത്തിചേര്‍ന്നിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഈജിപ്തിൽ ഏകദേശം ഒരുകോടിയോളം കോപ്റ്റിക് ക്രൈസ്തവ വിശ്വാസികളുണ്ടെന്നാണ് അനുമാനം. എന്നാൽ വിശ്വാസത്തിന്റെ പേരിൽ നിരവധി നിയന്ത്രണങ്ങളാണ് ക്രൈസ്തവരുടെ മേല്‍ ചുമത്തിയിരിക്കുന്നത്. ദേവാലയം പണിയുന്നതിനു പോലും കടുത്ത നിയന്ത്രണങ്ങൾ രാജ്യത്തു നിലനിൽക്കുന്നുണ്ട്. ഇതുകൂടാതെ നിരവധി തീവ്രവാദ സംഘടനകളും ക്രൈസ്തവ വിശ്വാസികളെ ലക്ഷ്യംവക്കുന്നുണ്ട്. സിസിയുടെ ഭരണത്തിലും ക്രൈസ്തവ വിരുദ്ധ ആക്രമണ സംഭവങ്ങൾ തുടർക്കഥയാണ്. |