Content | റോം: സാത്താന്‍ ആരാധന യുവജനങ്ങൾക്കിടയില്‍ സാധാരണമായി കൊണ്ടിരിക്കുകയാണെന്നും, അക്രമണോത്സുക സാത്താനികതയെന്ന പകര്‍ച്ചവ്യാധി യുവജനങ്ങളെ പിടികൂടിയിരിക്കുകയാണെന്നും ഇത് സമൂഹത്തിന്റെ തകര്‍ച്ചക്ക് കാരണമായേക്കുമെന്നുള്ള അപായ സൂചനയുമായി ഇറ്റലിയിലെ സുപ്രസിദ്ധ ഭൂതോച്ചാടകന്‍ രംഗത്ത്. ഇത് വെറുമൊരു ഭയമല്ലെന്നും വലിയൊരു അപകടമാണെന്നും, അക്രമണോത്സുകത യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഇതിനെ കുറച്ചു കാണരുതെന്നും കത്തോലിക്ക ഓണ്‍ലൈന്‍ മാധ്യമമായ ‘ക്രക്സ്’നു നല്‍കിയ അഭിമുഖത്തില്‍ ഇറ്റലിയിലെ അന്‍കോണ-ഒസിമോ അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനും ഡൊമിനിക്കന്‍ വൈദികനുമായ ഫാ. ഫ്രാങ്കോയിസ് ഡെര്‍മൈന്‍ പറഞ്ഞു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ഭൂതോച്ചാടന രംഗത്ത് പ്രവര്‍ത്തിച്ചു വരികയാണ് അദ്ദേഹം.
മതനിരപേക്ഷത അവശേഷിപ്പിച്ച ശൂന്യതയാണ് അക്രമണോത്സുക സാത്താനികത നികത്തിയിരിക്കുന്നതെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. മതനിരപേക്ഷതക്ക് പുറമേ, കുടുംബഛിദ്രം, സാത്താനിക സാഹിത്യത്തിന്റേയും വീഡിയോ ഗെയിമിന്റേയും കുട്ടികള്‍ക്കിടയിലെ പ്രചരണം തുടങ്ങിയവയാണ് അക്രമണോത്സുക സാത്താനികതയുടെ കാരണങ്ങളായി ഫാ. ഡെര്‍മൈന്‍ ചൂണ്ടിക്കാട്ടുന്നത്. വിവിധ പ്രശ്നങ്ങളാൽ വീർപ്പുമുട്ടുന്ന സഭയെ ഒരു ബദലായി കാണാത്ത യുവത്വം മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുകയും ഇത് പലപ്പോഴും സാത്താന്‍ ആരാധനയില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.
കുടുംബ കലഹം കുട്ടികളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്നുണ്ടെന്നും ഇത്തരം കുട്ടികള്‍ സാത്താന്‍, ശക്തി നല്‍കുമെന്ന വാഗ്ദാനത്തില്‍ വീഴുന്നുണ്ടെന്നും ഫാ. ഡെര്‍മൈന്‍ പറഞ്ഞു. സ്വന്തം കുടുംബത്തില്‍ നിന്നും സ്നേഹം ലഭിച്ചാല്‍ കുട്ടികള്‍ ഇത്തരത്തില്‍ വഴിതെറ്റിപ്പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്റര്‍നെറ്റിന്റെ വര്‍ദ്ധിച്ച ഉപയോഗവും, സാത്താനിക പരാമര്‍ശമുള്ള വീഡിയോ ഗെയിമുകളും കുട്ടികളില്‍ പൈശാചികതയോടുള്ള ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ‘ചാര്‍ളി, ചാര്‍ളി ചലഞ്ച്’ എന്ന ഗെയിമിനു ഇതുമായി ബന്ധമുണ്ടെന്നും പൈശാചികതയുമായി ബന്ധമുണ്ടെന്ന് ഈ ഗെയിമില്‍ പങ്കെടുത്തവര്‍ സമ്മതിച്ചിട്ടുള്ള കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ‘എ ചില്‍ഡ്രന്‍സ് ബുക്ക് ഓഫ് ഡെമണ്‍’ എന്ന ഗ്രന്ഥത്തെയും സാത്താനികതയുടെ സാധാരണവത്കരണത്തെ ചൂണ്ടിക്കാട്ടുന്നതിനായി അദ്ദേഹം പരാമര്‍ശിച്ചു. ആരോണ്‍ ലെയിട്ടണ്‍ എന്ന പൈശാചികകൃത്യങ്ങളുടെ പ്രചാരകനാണ് ഇതിന്റെ പിന്നിലെന്നും, മന്ത്രങ്ങളും അടയാളങ്ങളും വഴി സാത്താനെ വിളിച്ചുവരുത്തുവാന്‍ കുട്ടികളെ സഹായിക്കുന്നതാണ് ഈ ഗ്രന്ഥമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ സാത്താനിക ടെമ്പിളിന്റെ സഹ സ്ഥാപകനായ ലൂസിയന്‍ ഗ്രീവ്സ്, ഫാ. ഡെര്‍മൈന്റെ വിടുതല്‍ ശുശ്രൂഷകള്‍ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. അടുത്തിടെ 'ബാധയല്ല, പ്രലോഭനമാണ് സാത്താന്റെ ഏറ്റവും വലിയ പ്രവര്‍ത്തന'മെന്ന് ഫാ. ഡെര്‍മൈന്‍ അഭിപ്രായപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. |