Content | കാക്കനാട്: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി മാർ ജോസ് പുളിക്കലിനെയും പാലക്കാട് രൂപതയുടെ സഹായമെത്രാനായി ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെയും സീറോമലബാർ സഭയുടെ 28മത് സിനഡിന്റെ ആദ്യ സമ്മേളനം തെരഞ്ഞെടുത്തു. സിനഡിന്റെ തീരുമാനങ്ങൾക്ക് മാർപാപ്പയുടെ അംഗീകാരം ലഭിച്ചതോടെ സഭയുടെ പിതാവും തലവനുമായ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുതിയ നിയമനങ്ങളിൽ ഒപ്പുവച്ചു.
ഇത് സംബന്ധിച്ച പ്രഖ്യാപനം സിനഡിന്റെ സമ്മേളനത്തിന്റെ അവസാന ദിവസമായ ജനുവരി 15 ന് ഇറ്റാലിയൻ സമയം ഉച്ചക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 4.30ന് സീറോ മലബാർ സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും നടന്നു. അഞ്ചു ദിവസം നീണ്ടുനിന്ന സിനഡിന്റെ സമാപനത്തിലാണ് പുതിയ മെത്രാന്മാരുടെ നിയമനങ്ങൾ അറിയിച്ചത്. സിനഡിന്റെ സമാപന ദിവസം നടത്തിയ നിയമന പ്രഖ്യാപന യോഗത്തിൽ സഭയിലെ 58 മെത്രാന്മാരും ക്ഷണിക്കപ്പെട്ട വിശിഷ്ട വ്യക്തികളും നിരവധി വൈദികരും സമർപ്പിതരും അൽമായരും പങ്കെടുത്തു.
മേജർ ആർക്കിഎപ്പിസ്കോപ്പൽ ചാൻസലർ ഫാ. വിൻസെന്റ് ചെറുവത്തൂർ പുതിയ നിയമനങ്ങൾ വായിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ നിയുക്ത മെത്രാൻ മാർ ജോസ് പുളിക്കലിന് മേജർ ആർച്ചുബിഷപ്പും സ്ഥാനമൊഴിയുന്ന മെത്രാൻ മാർ മാത്യു അറയ്ക്കലും ചേർന്ന് പൂച്ചെണ്ട് നൽകി അഭിനന്ദിച്ചു. പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിനെ മേജർ ആർച്ചുബിഷപ്പും പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനത്തോടത്തും ചേർന്ന് മെത്രാന്റെ സ്ഥാനചിഹ്നങ്ങളണിയിച്ചു. തുടർന്ന് നിയുക്ത മെത്രാന്മാരെ മെത്രാപ്പോലീത്തമാരും മെത്രാന്മാരും വൈദികരും സിസ്റ്റേഴ്സും വിശിഷ്ട വ്യക്തികളും തങ്ങളുടെ ആശംസകൾ അറിയിച്ചു.
കാഞ്ഞിരപ്പള്ളി രൂപതയുടെ മൂന്നാമത്തെ മെത്രാനായിരുന്ന മാർ മാത്യു അറയ്ക്കൽ 2019 ഡിസംബർ 10ന് 75 വയസ്സ് പൂർത്തിയാക്കി സഭാനിയമപ്രകാരം രാജി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് ആവശ്യമായ കാനോനിക നടപടികൾ പൂർത്തിയാക്കി മാർ ജോസ് പുളിക്കലിനെ പുതിയ മെത്രാനായി സിനഡ് തെരഞ്ഞെടുത്തത്. 2001 ്രെബഫുവരി 9 നാണ് മാർ മാത്യു അറയ്ക്കൽ കാഞ്ഞിരപ്പള്ളി മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. 18 വർഷങ്ങൾ കാഞ്ഞിരപ്പള്ളി രൂപതയെ വളർച്ചയുടെയും വികസനത്തിന്റെയും വഴികളിലൂടെ നയിച്ചതിനു ശേഷമാണ് മാർ മാത്യു അറയ്ക്കൽ വിരമിക്കുന്നത്.
പാലക്കാട് രൂപത ഭരണ നിർവ്വഹണത്തിൽ സഹായമെത്രാൻ വേണമെന്ന രൂപതാദ്ധ്യക്ഷന്റെ ആവശ്യപ്രകാരമാണ് പാലക്കാട് രൂപതയ്ക്ക് സഹായമെത്രാനെ സിനഡ് തെരഞ്ഞെടുത്തത്. മാർ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളിയുടെ മെത്രാനായി സ്ഥാനമേറ്റെടുക്കുന്ന തീയതിയും ഫാ. പീറ്റർ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേക തീയതിയും പിന്നീട് അറിയിക്കുമെന്ന്‍ സഭാനേതൃത്വം വ്യക്തമാക്കി.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/73QF9sNKeXnB95PY8Bvrsm }}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |