Content | തിരുവനന്തപുരം: രാജ്യത്ത് പൗരത്വം നല്‍കുന്നതിന് മതപരിഗണനകള്‍ മാനദണ്ഡമാക്കരുതെന്ന് വിവിധ ക്രൈസ്തവ സഭാധ്യക്ഷന്മാരുടെയും പ്രതിനിധികളുടെയും പൊതുവേദിയായ ഇന്‍റര്‍ചര്‍ച്ച് കൗണ്‍സില്‍ ആവശ്യപ്പെട്ടു. നൂറ്റാണ്ടുകളായി രാജ്യം പുലര്‍ത്തി വരുന്ന മതേതര സമീപനങ്ങള്‍ക്കും ഭരണഘടനാ മൂല്യങ്ങള്‍ക്കും ദോഷം വരുന്നതൊന്നും ചെയ്യരുതെന്നു തിരുവനന്തപുരം മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കു തയാറാകണമെന്നും സമാധാനപരമായ സമരമാര്‍ഗങ്ങള്‍ വേണം എല്ലാവരും അവലംബിക്കേണ്ടതെന്നും കൗണ്‍സില്‍ പറഞ്ഞു.
ദളിത് ക്രൈസ്തവ സംവരണത്തെക്കുറിച്ച് സുപ്രീംകോടതി നടത്തിയ നിരീക്ഷണത്തെ കൗണ്‍സില്‍ സ്വാഗതം ചെയ്തു. രാജ്യത്തു വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ, സാന്പത്തിക പ്രതിസന്ധി എന്നിവയില്‍ ഉത്കണ്ഠ രേഖപ്പെടുത്തി. തീരദേശ മേഖലയില്‍ വര്‍ഷങ്ങളായി മത്സ്യബന്ധനത്തിലൂടെ ഉപജീവനം നടത്തിവരുന്ന മത്സ്യത്തൊഴിലാളികളെ അവിടെനിന്ന് അകറ്റുകയെന്ന നയപരിപാടികളില്‍ കൗണ്‍സില്‍ ആശങ്ക രേഖപ്പെടുത്തി. ഓഖി ദുരന്തത്തില്‍ കേരള സര്‍ക്കാര്‍ നടത്തിയിട്ടുള്ള വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പുലര്‍ത്തണമെന്നും കൗണ്സില്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്ന ക്ഷേമപദ്ധതികളില്‍ നിലനില്‍ക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ മേഖലയില്‍ വര്‍ഷങ്ങളായി ശന്പളം ലഭിക്കാതെ ജോലി ചെയ്യുവരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം. ഞായറാഴ്ചകളില്‍ ഗവണ്‍മെന്റ് നടത്തുന്ന പരിശീലന പരിപാടികളും പരീക്ഷകളും ഒഴിവാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ഈ വര്‍ഷത്തെ സഭൈക്യവാര പ്രാര്‍ഥനകള്‍ക്ക് എല്ലാ ക്രൈസ്തവ സഭകളും നേതൃത്വം നല്‍കണമെന്ന് യോഗം അഭ്യര്‍ഥിച്ചു. വര്‍ഷത്തിലൊരിക്കല്‍ സഭൈക്യ ഞായര്‍ ആചരിക്കുവാന്‍ തീരുമാനിച്ചു. സഭകള്‍ തമ്മിലുള്ള സംഭാഷണങ്ങള്‍ തുടരാന്‍ പുതിയ മേഖലകള്‍ കണ്ടെത്താന്‍ യോഗം നിര്‍ദേശിച്ചു.
വിവിധ സഭകളുടെ പൊതുപരിപാടികളില്‍ സഭൈക്യ പരിപാടികള്‍ സംഘടിപ്പിക്കണം. സഭകള്‍ക്കിടയില്‍ എക്യുമെനിക്കല്‍ സംഭാഷണങ്ങള്‍ പ്രോത്സാഹിപ്പിക്കണം. മനുഷ്യജീവനെ പരിപോഷിപ്പിക്കുന്ന കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കണം. കെസിബിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ബൊക്കെ നല്‍കി ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്താ അഭിനന്ദിച്ചു.
പൗരോഹിത്യ സുവര്‍ണജൂബിലിയാഘോഷിക്കുന്ന ആര്‍ച്ചു ബിഷപ്പ് ഡോ. എം. സൂസപാക്യത്തെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ബൊക്കെ നല്‍കി അഭിനന്ദിച്ചു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ജോര്‍ജ് ഉമ്മനെയും അഭിനന്ദിച്ചു. സിഎസ്‌ഐ സഭയുടെ മോഡറേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ബിഷപ്പ് ധര്‍മരാജ് റസാലത്തിനെ കൗണ്‍സില്‍ അഭിനന്ദിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു. അടുത്ത ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ യോഗം 2021 ജനുവരി 21ന് കൊല്ലം സിഎസ്‌ഐ ബിഷപ്‌സ് ഹൗസില്‍ ചേരും.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/3oiJeFk2lJK2fT3GDyeVkF }}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |