category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'ആബേലച്ചനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ നിങ്ങള്‍ കാണുന്ന ജയറാം ഉണ്ടാകുമായിരുന്നില്ല': സൂപ്പര്‍ താരത്തിന്റെ തുറന്നുപറച്ചില്‍
Contentകൊച്ചി: കലാകേരളത്തിന്റെ ഓര്‍മ്മകളിലെ നക്ഷത്രമായി ശോഭിക്കുന്ന ആബേലച്ചന്റെ നൂറാം ജന്മദിനത്തില്‍ മലയാളത്തിലെ സൂപ്പര്‍ ചലച്ചിത്ര താരം ജയറാം പങ്കുവെച്ച ഓര്‍മ്മക്കുറിപ്പ് ശ്രദ്ധേയമാകുന്നു. ആബേലച്ചനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഇന്നു കാണുന്ന ജയറാം ഉണ്ടാകുമായിരുന്നില്ലായെന്നും അനിര്‍വചീനയമായ ഒരു പിതൃപുത്ര ബന്ധമായിരുന്നു തങ്ങളുടേതെന്നും അദ്ദേഹം ഇന്നലെ 'ദീപിക' പത്രത്തിന് വേണ്ടി എഴുതിയ കുറിപ്പില്‍ വെളിപ്പെടുത്തി. ആബേലച്ചനോടൊപ്പം കലാഭവനില്‍ കഴിഞ്ഞ സമയത്തെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ വര്‍ഷങ്ങളെന്നാണ് ജയറാം വിശേഷിപ്പിച്ചിരിക്കുന്നത്. #{black->none->b-> ‍കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ }# ഇന്ന് ജനുവരി 19. ആബേലച്ചന്റെ നൂറാം ജന്മദിനം. വിശ്വസിക്കാനാവുന്നില്ല. കാലം എത്രപെട്ടെന്നാണ് കടന്നുപോയത്. എല്ലാം ഇന്നലകളിലെന്നപോലെ എന്റെ മനസിലുണ്ട്. ആബേലച്ചന്‍ ഇന്ന് കലാകേരളത്തിന്റെ ഓര്‍മകളിലെ നക്ഷത്രമാണ്. പക്ഷേ എനിക്ക് അദ്ദേഹം കെടാത്ത നക്ഷത്ര ദീപമാണ്. എന്റെ എല്ലാ ഐശ്വര്യത്തിന്റെയും തുടക്കക്കാരന്‍. 1984 സെപ്റ്റംബര്‍ 24ന് ഞാന്‍ കലാഭവനില്‍ കാലുകുത്തിയ അന്നു മുതല്‍ മരിക്കുന്നതു വരെ എന്നോടു കാണിച്ചത് ഒരു പിതാവിന്റെ സ്‌നേഹമായിരുന്നു. അനിര്‍വചീനയമായ ഒരു പിതൃപുത്ര ബന്ധമായിരുന്നു ഞങ്ങളുടേത്. ആബേലച്ചനെ കണ്ടുമുട്ടിയിരുന്നില്ലെങ്കില്‍ ഒരു പക്ഷേ ഇന്നു നിങ്ങള്‍ കാണുന്ന ജയറാം ഉണ്ടാകുമായിരുന്നില്ല. ഇന്നും ഞാന്‍ ഓര്‍ക്കുന്നു, എന്റെ കലാഭവനിലെ ആദ്യ നിമിഷങ്ങള്‍. ഭയത്തോടും അതിലേറെ ബഹുമാനത്തോടും കൂടിയാണ് ആദ്യമായി അച്ചന്റെ അടുത്തെത്തിയത്. തനിക്കെന്തറിയാം സ്വല്‍പം ഗൗരവത്തോടെ അച്ചന്‍ ചോദിച്ചു. മിമിക്രി കാണിക്കും. പരുങ്ങലോടെ ഞാന്‍ പറഞ്ഞു. എന്നിട്ട് പ്രേംനസീറിനെ അനുകരിച്ചു കാണിിച്ചു. താനാരെയാണ് അനുകരിച്ചത് 'പ്രേംനസീര്‍' ഇതാണോ പ്രേംനസീര്‍. ഗൗരവത്തില്‍ അച്ഛന്റെ ചോദ്യം. എനിക്ക് ആകെ വിഷമമായി. പക്ഷേ അന്നു തന്നെ അച്ചന്‍ എന്നെ സെലക്ട് ചെയ്തു. പിന്നീടൊരിക്കല്‍ അച്ചന്‍ എന്നോടു പറഞ്ഞു. 'നിന്റെ ആദ്യത്തെ പെര്‍ഫോമന്‍സ് വളരെ നന്നായിരുന്നു. നിനക്ക് അഹങ്കാരമുണ്ടാകാതിരിക്കാനാണ് ഞാന്‍ അന്ന് ഒന്നും പറയാതിരുന്നത്.'' 1984 മുതല്‍ 88 വരെയായിരുന്നു എന്റെ സംഭവബഹുലമായ കലാഭവന്‍ ജീവിതം. ആബേലച്ചനെ അടുത്തറിഞ്ഞ നാളുകള്‍. ഓരോ ദിവസം കഴിയും തോറും അടുപ്പത്തിന് ആഴമേറുകയായിരുന്നു. മുന്‍കോപവും ശുണ്ഠിയുമൊക്കെയുണ്ടെങ്കിലും ഒരിക്കല്‍ പോലും എന്നോട് ദേഷ്യപ്പെട്ടിട്ടില്ല. അത് ഒരു പക്ഷേ എനിക്കു മാത്രം ലഭിച്ച ഭാഗ്യമാണെന്ന് അഹങ്കാരത്തോടെ തന്നെ ഓര്‍ക്കുകയാണ്. കലാകാരന്മാരെ ഇത്രയധികം സ്‌നേഹിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത ഒരു വ്യക്തിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. എല്ലാം തികഞ്ഞ ഒരു കലാകാരനായിരുന്നു അദ്ദേഹം. പക്ഷേ അതൊന്നും അച്ചന്‍ പുറമേ കാണിച്ചിരുന്നില്ല. മിമിക്‌സ്പരേഡ് അവതരിപ്പിക്കുന്ന വേദികളില്‍ അച്ചന്‍ ഞങ്ങള്‍ അറിയാതെ സദസില്‍ വന്നിരിക്കും. ഞങ്ങളുടെ പെര്‍ഫോമന്‍സ് കണ്ട് വിലയിരുത്തും. പിറ്റേദിവസം തലേദിവസത്തെ പ്രോഗ്രാമിനെ ക്കുറിച്ച് ഞങ്ങളോട് അഭിപ്രായങ്ങള്‍ പറയുന്‌പോള്‍ ഞങ്ങള്‍ ചോദിക്കും. 'അയ്യോ അച്ചനവിടെ ഉണ്ടായിരുന്നോ'' അപ്പോള്‍ അച്ചന്‍ ഒരു കള്ളച്ചിരി ചിരിക്കും. അച്ചന്റെ സ്വഭാവത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇതൊക്കെത്തന്നെയായിരുന്നു. എന്റെ സിനിമാ പ്രവേശനത്തിനുള്ള എല്ലാ കടപ്പാടും അച്ചനോടാണ്. കലാഭവന്‍ ടീം ഗള്‍ഫില്‍ അവതരിപ്പിച്ച മിമിക്‌സ് പരേഡിന്റെ വീഡിയോ കാസറ്റ് പപ്പേട്ടന്റെ (പദ്മരാജന്‍) മകന്‍ കാണുകയും എന്നെ പപ്പേട്ടനു കാണിച്ചുകൊടുക്കുകയുമായിരുന്നു. അങ്ങനെയാണ് അപരന്‍ എന്ന ചിത്രത്തിലൂടെ ഞാന്‍ സിനിമയിലെത്തുന്നത്. എനിക്ക് സിനിമയില്‍ അവസരം കിട്ടി എന്നറിഞ്ഞപ്പോഴുള്ള അച്ചന്റെ സന്തോഷം വളരെ വലുതായിരുന്നു. അതിലേറെ വിഷമവും. സിനിമയില്‍ അവസരം ലഭിച്ച കാര്യം അദ്ദേഹത്തെ നേരിട്ടു കണ്ടാണ് ഞാന്‍ പറഞ്ഞത്. സ്വല്‍പം വിഷമത്തോടെ അച്ചന്‍ പറഞ്ഞു. 'അപ്പോള്‍ എനിക്കു നിന്നെ നഷ്ടമായി'' സ്വതസിദ്ധമായ ശൈലിയില്‍ വീണ്ടും പറഞ്ഞു. 'നീ രക്ഷപെടുമെടാ.'' സിനിമയിലെത്തിയതോടെ കലാഭവന്‍ട്രൂപ്പില്‍ നിന്നു മാറിയെങ്കിലും കലാഭവനും ആബേലച്ചനുമായുള്ള എന്റെ ബന്ധം കൂടുതല്‍ ദൃഢമായി തുടര്‍ന്നു. സിനിമാതിരക്കിനിടയിലും ഇടയ്ക്കിടെ ഫോണില്‍ വിളിക്കുകയും എറണാകുളത്തു വരുന്‌പോഴൊക്കെ അച്ചനെ നേരില്‍ ചെന്ന് കാണുകയും ചെയ്തിരുന്നു. എന്നോടു മാത്രമല്ല എന്റെ കുടുംബത്തോടും അദ്ദേഹം അതിയായ വാത്സല്യം കാണിച്ചു. പാര്‍വതിക്കും മക്കള്‍ക്കുമൊക്കെ അച്ചനെ ഏറെ ഇഷ്ടമായിരുന്നു. സാധാരണ ആരുടേയും വീടുകളില്‍ അച്ചന്‍ പോകാറില്ല. പക്ഷേ ചെന്നൈയിലെ എന്റെ വീട്ടിലെത്തി ഏറെ നേരം ചെലവഴിച്ചിട്ടുണ്ട്. സിനിമയിലെത്തി ഏറെ നാള്‍ കഴിഞ്ഞിട്ടും എന്റെ കരിയറിനെക്കുറിച്ച് ഇത്രയേറെ ഉത്കണ്ഠ വച്ചുപുലര്‍ത്തിയ മറ്റൊരാളില്ല. ഞാന്‍ അഭിനയിക്കുന്ന ചിത്രങ്ങള്‍ കാണാനൊന്നും അദ്ദേഹം പോകുമായിരുന്നില്ല. എങ്കിലും ഓരോ സിനിമയും റിലീസ് ചെയ്യുന്‌പോള്‍ അദ്ദേഹം ഏറെ താത്പര്യത്തോടെ മറ്റുള്ളവരോട് ചേദിച്ച് കാര്യങ്ങള്‍ മനസിലാക്കും. ആ സമയത്ത് എന്റെ ഒന്നുരണ്ടു സിനിമകള്‍ പ്രതീക്ഷിച്ച വിജയം നേടാതെ വന്നപ്പോള്‍ അച്ചന്‍ ഫോണില്‍ വിളിച്ചു. 'എന്താടാ നിന്റെ പടങ്ങളൊന്നും ഓടുന്നില്ലെന്നു കേള്‍ക്കുന്നല്ലോ. എന്താ അതിനു കാരണം.'' ഞാന്‍ പറഞ്ഞു, 'അച്ചോ അത് ഇടയ്ക്ക് ഇങ്ങനെയൊക്കെ വരും.'' അച്ചന്‍ വീണ്ടും ചോദിച്ചു, 'അതിനു കാരണമെന്താണ്'' എനിക്കു പറയാന്‍ മറുപടിയില്ലായിരുന്നു. എന്നെ ഏറെ സ്പര്‍ശിച്ച മറ്റൊരു സംഭവമുണ്ട്. നൂതനമായ ആശയങ്ങളോടും കാഴ്ചപ്പാടോടും കൂടി പണിത കലാഭവന്‍ ടാലന്റ് സ്‌കൂളിന് തറക്കല്ലിടാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. സ്‌കൂളിനു തറക്കല്ലിടാന്‍ ഇന്ത്യയിലെ തന്നെ പല ഉന്നതന്മാരുടേയും പേരുകള്‍ പറഞ്ഞിരുന്നു. അങ്ങനെയൊരു തീരുമാനവും വന്നതാണ്. പക്ഷേ ആബേലച്ചന്‍ പറഞ്ഞു. എന്റെ മക്കളില്‍ ആരെങ്കിലും മതി, അതു ജയറാമായാല്‍ നന്നായി. എല്ലാവരും അച്ചന്റെ അഭിപ്രായത്തോട് യോജിക്കുകയായിരുന്നു. എന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങളിലൊന്നായിരുന്നു അത്. ആബേലച്ചന്‍ മരിച്ചത് 2001 ഒക്ടോബര്‍ 27നായിരുന്നു. 2002 ജനുവരി 26ന് തിരുവനന്തപുരത്ത് അച്ചന് വലിയ സ്വീകരണം സംഘടിപ്പിച്ചിരുന്നു. അതില്‍ മുഖ്യാതിഥിയായി എന്നേയും കുടുംബത്തേയുമാണ് ക്ഷണിച്ചിരുന്നത്. അച്ചനെ അവസാനമായി ഫോണ്‍ ചെയ്തപ്പോള്‍ ജനുവരി 26ന് കാണാം എന്നു പറഞ്ഞാണ് ഞങ്ങള്‍ സംഭാഷണം അവസാനിപ്പിച്ചത്. പക്ഷേ അതിനു മുന്പ് സ്വര്‍ഗത്തിലെ മാലാഖമാരുടെ സ്വീകരണം ഏറ്റുവാങ്ങാനായി അച്ചന്‍ പോയി. കാലം ഏറെ കടന്നുപോയി. ആബേലച്ചന്‍ മരിച്ചട്ട് 19 വര്‍ഷം കഴിയുന്നു. പക്ഷേ ഓര്‍മകള്‍ക്ക് മരണമില്ലല്ലോ. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കുറെ വര്‍ഷങ്ങള്‍. അതായിരുന്നു കലാഭവന്‍ നാളുകള്‍. അന്നത്തെ സഹപ്രവര്‍ത്തകരെല്ലാം വഴിപിരിഞ്ഞു. പക്ഷേ എല്ലാവരും അവരവരുടെ കര്‍മണ്ഡലങ്ങളില്‍ ഇന്നും ശോഭിച്ചു നില്‍ക്കുന്നു. എന്റെ കലാജീവിതത്തിന് അദ്ദേഹം പകര്‍ന്നുതന്ന ശോഭ, അതണയാതെ ഞാനെന്നും സൂക്ഷിക്കും. അതു തന്നെയാണ് എനിക്ക് അദ്ദേഹത്തിനു നല്‍കാനുള്ള ഗുരുദക്ഷിണ. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/HdjapgQodRw2wBiOCXUDRK}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-01-20 09:57:00
Keywordsനടന്‍, നടി
Created Date2020-01-20 09:33:51