Content | വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ ബധിരർക്കു കൂദാശ സ്വീകരണത്തിന് ഒരുങ്ങുവാന്‍ ആംഗ്യഭാഷയിൽ പരിശീലന പദ്ധതി ആരംഭിച്ചു. ബധിരർക്കുവേണ്ടി പ്രവർത്തിക്കുന്ന ഫിലാഡൽഫിയ അതിരൂപത അപ്പസ്തോലേറ്റിന്റെ ചുമതല വഹിക്കുന്ന ഫാ. ഷോൺ ലൂമിസാണ് 'ഹാന്‍ഡ്സ് ഓഫ് ഗ്രേസ്: ദ കാത്തലിക് സാക്രമെന്റ്സ് ഇന്‍ അമേരിക്കന്‍ സൈന്‍ ലാങ്ഗ്വേജ്' എന്ന പേരില്‍ കൂദാശ പഠനസഹായി ചിട്ടപ്പെടുത്തിയെടുത്തത്. ബധിരരായ ആളുകൾ വിശുദ്ധ കുർബാനയുടെ സമയത്തും, കുമ്പസാരത്തിന്റെ സമയത്തുമടക്കം നേരിടുന്ന വെല്ലുവിളികൾ പുതിയ സംരംഭം വഴി മറികടക്കാൻ സാധിക്കുമെന്നാണ് പഠനസഹായിയുടെ പിന്നിൽ പ്രവർത്തിച്ചവരുടെ പ്രതീക്ഷ.
ബധിരരായവർക്ക് വേദപാഠ പരിശീലനം ലഭിക്കാത്ത സാഹചര്യമാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് ഫാ. ഷോൺ ലൂമിസ് കാത്തലിക് ന്യൂസ് ഏജൻസിയോട് വെളിപ്പെടുത്തി. അതിനാൽ തന്നെ ആരാധനയിൽ പങ്കു ചേരാനുള്ള അവരുടെ താല്പര്യമെല്ലാം നഷ്ടപ്പെട്ടു. തങ്ങളെ ആരും ഗൗനിക്കുന്നില്ല എന്ന ചിന്ത അവരില്‍ ഉടലെടുക്കുന്നുണ്ടെന്നും ഫാ. ഷോൺ ലൂമിസ് പറഞ്ഞു. ഓരോ കൂദാശയേയും പറ്റി 6-10 മിനിറ്റ് വരെ ദൈർഘ്യമുള്ള മൂന്ന് ഖണ്ഡങ്ങള്‍ വീതമുള്ള വീഡിയോയാണ് പഠന സഹായിയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ കൂദാശകളുടെ ബൈബിൾ അടിസ്ഥാനം, കൂദാശകളുടെ ദൈവശാസ്ത്രം, വ്യക്തിപരമായി കൂദാശകൾക്കു നൽകേണ്ട പ്രാധാന്യം തുടങ്ങിയവയെ പറ്റി വിശദീകരിക്കുന്നു.
ക്രിസ്തു വിശുദ്ധ ഗ്രന്ഥത്തിൽ എവിടെയെല്ലാമാണ് കൂദാശകൾ സ്ഥാപിച്ചതെന്നുളള ഉത്തരം നൽകി കൊണ്ടാണ് ആദ്യത്തെ വീഡിയോ ആരംഭിക്കുന്നത്. സഭാപിതാക്കന്മാരുടെ ബൈബിൾ വ്യാഖ്യാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെമിനാരി കാലഘട്ടത്തിലാണ് ഫാ. ഷോൺ ലൂമിസ് അമേരിക്കൻ ആംഗ്യഭാഷ പഠിക്കാൻ ആരംഭിക്കുന്നത്. ബധിരരായവരെ സഹായിക്കുന്നത് മുന്നിൽ കണ്ടായിരുന്നു അദ്ദേഹത്തിന്റെ പഠനം. പഠന മധ്യേ ബധിരരായവർ നേരിടുന്ന വെല്ലുവിളികളും, ഏകാന്തതയും മനസ്സിലാക്കിയ അദ്ദേഹം ഇവരുടെ വിശ്വാസ ജീവിതപോഷണത്തിന് പദ്ധതികള്‍ വിഭാവനം ചെയ്യുകയായിരിന്നു. അസൻഷൻ പ്രസ്സ് ആണ് 'ഹാൻസ് ഓഫ് ഗ്രേസ്; ദി കാത്തലിക് സാക്രമൻസ് ഇൻ അമേരിക്കൻസ് സൈൻ ലാംഗ്വേജ്' എന്ന് പേരിട്ടിരിക്കുന്ന കൂദാശ പഠനസഹായി പുറത്തിറക്കിയിരിക്കുന്നത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/DfxL3DsXsT5DncHwBE72gt}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |