Content | വത്തിക്കാന്‍ സിറ്റി: ഇരുളിനെ ദൂരെ അകറ്റിയ വെളിച്ചം യേശുവാണെന്നും അവിടുത്തെ സുവിശേഷം പ്രഘോഷിച്ചു കൊണ്ടു ആ വെളിച്ചം പരത്തുക ക്രൈസ്തവന്‍റെ ധര്‍മ്മമാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച ത്രികാല ജപത്തോട് അനുബന്ധിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ദൈവത്തിന്‍റെ നന്മയും കാരുണ്യവും അനുഭവിക്കാന്‍ ഓരോ വ്യക്തിയെയും സഹായിച്ചുകൊണ്ട് അവരെ ദൈവത്തിലേക്കു നയിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ ശിഷ്യനും ക്രൈസ്തവ സമൂഹവും ലോകത്തിന്‍റെ പ്രകാശമായി ഭവിക്കുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.
യേശുവിന്‍റെ ശിഷ്യന്‍ വെളിച്ചമാകുന്നത് അവന്‍ ഇടുങ്ങിയ ഇടങ്ങള്‍ക്കു പുറത്തു വിശ്വാസത്താല്‍ ജീവിക്കുമ്പോഴും തെറ്റിദ്ധാരണകളും അപവാദങ്ങളും ഇല്ലാതാക്കാന്‍ സംഭാവന ചെയ്യുമ്പോഴും കാപട്യത്താലും നുണകളാലും മലിനമായ അവസ്ഥകളിലേക്ക് സത്യത്തിന്‍റെ വെളിച്ചം കടത്തിവിടുമ്പോഴുമാണ്. വെളിച്ചം പരത്തുക. അത് എന്‍റെ വെളിച്ചമല്ല, മറിച്ച്, യേശുവിന്‍റെ പ്രകാശമാണ്. യേശുവിന്‍റെ വെളിച്ചം എല്ലാവരിലും എത്തുന്നതിനുള്ള ഉപകരണങ്ങളാണ് നമ്മള്‍. സംഘര്‍ഷങ്ങളുടെയും പാപത്തിന്‍റെയും അവസ്ഥകള്‍ ചിലപ്പോള്‍ ലോകത്തില്‍ പ്രകടമാണെങ്കിലും അവിടെ ജീവിക്കുന്നതിന് ഭയമരുതെന്ന് യേശു പറയുന്നു.
അതിക്രമങ്ങള്‍ക്കും അനീതിക്കും അടിച്ചമര്‍ത്തിലിനും മുന്നില്‍ ക്രൈസ്തവന് അവനവനില്‍ തന്നെ സ്വയം അടച്ചിടാനോ, സ്വന്തം വേലിക്കുള്ളില്‍ തീര്‍ത്ത സുരക്ഷിതത്വത്തില്‍ മറഞ്ഞിരിക്കാനോ സാധിക്കില്ല. യേശു ക്രിസ്തുവിന്‍റെ രക്ഷാകര സാന്നിധ്യം ചരിത്രത്തില്‍ തുടര്‍ന്നുകൊണ്ടുപോകാന്‍ വിളിക്കപ്പെട്ടിരിക്കുന്ന തീര്‍ത്ഥാടക സമൂഹമായിരിക്കണമെന്ന അവബോധം സഭയ്ക്കുണ്ട്. ദൈവസ്നേഹത്തിന്‍റെ സദ്വാര്‍ത്ത സകലര്‍ക്കും എത്തിച്ചുകൊടുത്തുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ ഉപ്പും വെളിച്ചവുമായിരിക്കാന്‍ പരിശുദ്ധ കന്യക നമ്മെ സഹായിക്കട്ടെ എന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്. |