category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിയോജിപ്പിനെ ദേശവിരുദ്ധതയായി ചിത്രീകരിക്കരുത്: സി‌ബി‌സി‌ഐ സമ്മേളനത്തിന് സമാപനം
Contentബെംഗളൂരു: വിയോജിപ്പിനെ ദേശവിരുദ്ധതയായി ചിത്രീകരിക്കരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് അഖിലേന്ത്യ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ)യുടെ 34ാമത് ദ്വൈവാര്‍ഷിക പ്ലീനറി സമ്മേളനത്തിന് സമാപനം. ഇടുങ്ങിയതും വിഭജിക്കുന്നതുമായ സാംസ്‌കാരിക ദേശീയതയില്‍ നിന്ന് വ്യത്യസ്തമാണ് ദേശസ്‌നേഹം. അത് ഭരണഘടനാ ദേശീയതയുമായി ചേര്‍ന്നുപോകുന്നതാണ്. വ്യക്ത്യധിഷ്ഠിതമായ കാരണങ്ങളാല്‍ ഒരു ഇന്ത്യന്‍ പൗരന്റെയും ദേശസ്നേഹത്തെ ചോദ്യം ചെയ്യാന്‍ പാടില്ല. സ്വയംഭാഷണം കൊണ്ട് ഒരിക്കലും ജനാധിപത്യം കെട്ടിപ്പടുക്കാന്‍ കഴിയില്ലെന്നും സമ്മേളനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സിബിസിഐ പുറത്തിറക്കിയ സംയുക്തപ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥ ദേശസ്‌നേഹം വ്യത്യസ്തതകള്‍ക്കിടയില്‍ നമ്മെ ഒന്നിപ്പിക്കുന്നതാണ്. വംശത്തെയും ജനപദങ്ങളെയും രാഷ്ട്രങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതും മനുഷ്യകുടുംബം മുഴുവന്റെയും നന്മയിലേക്ക് പൗരന്മാരുടെ ശ്രദ്ധ തിരിക്കുന്നതുമാണ് ദേശസ്‌നേഹം. ഭൂരിപക്ഷാധിപത്യത്തിന്റെ ദേശീയതാപ്രത്യയശാസ്ത്രം തങ്ങളുടേതൊഴിച്ചുള്ള സംസ്‌കാരങ്ങളെ അവഹേളിക്കാന്‍ പ്രേരിപ്പിക്കുന്ന അക്രമങ്ങള്‍ ശാശ്വതീകരിക്കുന്നു. ദേശസ്നേഹവും കപടദേശീയതയും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കേണ്ടത് അത്യാവശ്യമാണ്. രാജ്യസ്‌നേഹം രാഷ്ട്രത്തെ കെട്ടിപ്പടുക്കുമ്പോള്‍ കപടദേശീയത രാജ്യത്തിന്റെ അഖണ്ഡതയെയും ഒത്തൊരുമയെയും ഐക്യത്തെയും നശിപ്പിക്കുന്നു. കപടദേശീയത, പ്രത്യേകിച്ച് അതിന്റെ ഏറ്റവും സമൂലവും തീവ്രവുമായ രൂപങ്ങളില്‍, യഥാര്‍ഥ ദേശസ്നേഹത്തിന്റെ വിരുദ്ധതയാണ്. കപടദേശീയത സമഗ്രാധിപത്യത്തിന്റെ പുതിയ രൂപങ്ങള്‍ക്ക് തുടക്കം കുറിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഭരണാധികാരികളോട് അഭ്യര്‍ഥിക്കുന്നുവെന്നും സിബിസിഐ പ്രസ്താവനയില്‍ അറിയിച്ചു. മതം ഇന്ത്യന്‍ പൗരത്വം നിര്‍ണയിക്കുന്നതിനുള്ള ഒരു മാനദണ്ഡമാകരുതെന്ന് ഭരണഘടനയുടെ ചട്ടക്കൂടില്‍ നിന്നുകൊണ്ട്, ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാര്‍ ഉറപ്പിച്ചു പറയുന്നുവെന്നും രാജ്യത്ത്, പ്രത്യേകിച്ച് മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്ന ഭയം, ഉത്കണ്ഠ, അനിശ്ചിതത്വം എന്നിവ ഇല്ലാതാക്കാന്‍ അധികാരികള്‍ ആത്മാര്‍ഥവും ഫലപ്രദവുമായ മാര്‍ഗങ്ങളുമായി മുന്നോട്ടുവരണമെന്നും സിബിസിഐ സമ്മേളനം ആവശ്യപ്പെട്ടു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയെല്ലാം ഉറപ്പുവരുത്തുന്ന ഒരു പരമാധികാര സമത്വ മതേതര ജനാധിപത്യ റിപ്പബ്ലിക്കിനെ വിഭാവനം ചെയ്യുന്ന നമ്മുടെ ഭരണഘടനയെക്കുറിച്ച് അഭിമാനിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട രാജ്യം എന്നേക്കും ഐക്യത്തോടെ തുടരുന്നതിന് ഭരണഘടനയുടെ മാനുഷിക കാഴ്ചപ്പാടിനെ ദുര്‍ബലപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങള്‍ക്കും എതിരേ ഓരോ പൗരനും എപ്പോഴും ജാഗരൂകരായിരിക്കണമെന്നു സിബിസിഐ ആഹ്വാനം ചെയ്തു. സംവാദം ജനിച്ചവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തരുത്; പകരം ജനിക്കാത്തവരുടെ ജീവിക്കാനുള്ള അവകാശവും ഗൗരവമായി എടുക്കേണ്ടതാണ്. ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യനെ ബഹുമാനിക്കുകയും ഒരു വ്യക്തിയായി കണക്കാക്കുകയും ചെയ്യണം. ഓരോ മനുഷ്യജീവിതത്തിനും അന്തര്‍ലീനമായ അന്തസുണ്ട്, അതിനാല്‍ ഗര്‍ഭപാത്രം മുതല്‍ ശവകുടീരം വരെയുള്ള ഒരു മനുഷ്യന്‍ എന്ന ബഹുമാനം നല്കി പരിഗണിക്കപ്പെടണം. ഗര്‍ഭച്ഛിദ്രം ആറുമാസം വരെ നിയമവിധേയമാക്കാനുള്ള നടപടികള്‍ കടുത്ത അനീതിയായി അപലപിക്കപ്പെടേണ്ടതാണ്, അത് ജനിക്കാത്തവരുടെ ജീവിക്കാനുള്ള അവകാശത്തെ ദുര്‍ബലപ്പെടുത്തുന്നു. പാര്‍ലമെന്റില്‍ ഈ ബില്‍ ഉടന്‍ പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നതായും ദേശീയ മെത്രാന്‍ സമിതി പ്രസ്താവനയില്‍ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-02-20 11:34:00
Keywordsസി‌ബി‌സി‌ഐ
Created Date2020-02-20 11:09:28