category_idEditor's Pick
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..!
Content"ഇവനെ പച്ചക്കു കത്തിക്കണം…, ഇവളെ നടുറോഡിൽ വച്ചു വെടിവച്ചു കൊല്ലണം…" എന്നിങ്ങനെ കുറ്റവാളികൾക്കു നേരെ നാം സോഷ്യൽ മീഡിയായിലൂടെ ആക്രോശിക്കാറുണ്ട്. കുറ്റവാളികളെ തെളിവെടുപ്പിനും മറ്റുമായി കൊണ്ടുവരുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ സാധാരണ കാണുന്ന കമന്റുകളാണ് ഇവ. കുറ്റവാളികൾക്ക് പരമാവധി ശിക്ഷ വാങ്ങിച്ചു കൊടുക്കുന്നതുവരെ നമ്മുക്ക് ഉറക്കമില്ല. കുറ്റവാളികൾക്ക് വധശിക്ഷ ലഭിച്ചാൽ ചിലപ്പോൾ അതു നമ്മെ കൂടുതൽ തൃപ്തിപ്പെടുത്തിയേക്കാം. കുറ്റവാളികൾക്ക് വധശിക്ഷ വിധിക്കുകയും അതു നടപ്പിലാക്കുകയും ചെയ്യുന്ന രീതി ഇന്നും ചില രാജ്യങ്ങൾ തുടർന്നു പോരുന്നുണ്ട്. ഇത്തരം വധശിക്ഷകളെ ഇരയുടെ ആത്മാവിനു കിട്ടുന്ന നീതിയായി മാധ്യമങ്ങൾ പലപ്പോഴും വിശഷിപ്പിക്കാറുണ്ട്. ചൈന, ഇറാൻ, സൗദി അറബ്യ തുടങ്ങിയ രാജ്യങ്ങൾ വധശിക്ഷ വിധിക്കുന്നതിൽ മുന്നിട്ടു നിൽക്കുമ്പോൾ, കുറ്റവാളികളിലും മനുഷ്യജീവന്റെ മഹത്വം ദർശിച്ചുകൊണ്ട് വധശിക്ഷ നിറുത്തലാക്കിയ രാജ്യങ്ങളാണ് ഇന്ന് ലോകത്തിൽ അധികവും. ലോകത്ത് 142 രാജ്യങ്ങൾ വധശിക്ഷ നിറുത്തലാക്കുകയോ നടപ്പിൽ വരുത്താതിരിക്കുകയോ ചെയ്യുമ്പോൾ വെറും 33 രാജ്യങ്ങൾ മാത്രമാണ് കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ വധശിക്ഷ നടപ്പിലാക്കിയത് (Amnesty International, 2018). നിലവിലുള്ള കണക്കുകൾ പ്രകാരം വധശിക്ഷ നടപ്പിലാക്കുന്നതുകൊണ്ട് ഒരു രാജ്യത്തും കുറ്റകൃത്യങ്ങളിൽ യാതൊരു കുറവും സംഭവിക്കുന്നില്ല, എന്നു മാത്രമല്ല ഇത്തരം കുറ്റകൃത്യങ്ങളിലേക്കു വഴിതെളിച്ച മറ്റു കാരണങ്ങൾ അവഗണിക്കപ്പെടുകയും, അവക്കു പിന്നിലെ സാമൂഹ്യവ്യവസ്ഥിതികൾ മാറ്റമില്ലാതെ തുടരുകയും ചെയ്യുന്നു. ഓരോ മനുഷ്യനെയും ദൈവം സ്വന്തം ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിച്ചത്. കുറ്റവാളികളാകാൻ വേണ്ടി അവിടുന്ന് ഒരു മനുഷ്യനെയും സൃഷ്ടിക്കുന്നില്ല. ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കുക എന്ന ലക്ഷ്യമാണ് ഓരോ മനുഷ്യ സൃഷ്ടിക്കു പിന്നിലെയും ദൈവിക പദ്ധതി. എന്നാൽ ഒരു മനുഷ്യൻ വളർന്നു വരുന്ന സാഹചര്യങ്ങളും കുറ്റകൃത്യം നടക്കുന്ന സമയത്തെ മാനസികമായ അവസ്ഥയും പലപ്പോഴും ഓരോ കുറ്റവാളികളെയും സ്വാധീനിക്കാറുണ്ട്. എന്നാൽ ചില കേസുകൾക്ക് ലഭിക്കുന്ന പ്രചാരവും അതിലെ കുറ്റവാളികൾക്കെതിരെ ഉയരുന്ന സാമൂഹ്യ പ്രധിഷേധവും, ചില കേസുകളിൽ നടത്തുന്ന കോടതി വിധികളെ സ്വാധീനിക്കാറുണ്ട് എന്ന വസ്തുത ചില പ്രഗത്ഭരായ ന്യായാധിപന്മാർ പോലും അംഗീകരിച്ചിട്ടുള്ള വസ്തുതയാണ്. അങ്ങനെവരുമ്പോൾ സമൂഹത്തിലെ മാറ്റപ്പെടേണ്ട വ്യവസ്ഥിതികളെയും, തിന്മയിലേക്കു നയിക്കുന്ന സ്വാധീന ശക്തികളെയും തൂക്കിലേറ്റുന്നതിനു പകരം കുറ്റവാളികളെ മാത്രം തൂക്കിലേറ്റുന്നതുകൊണ്ട് കുറ്റകൃത്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്നു. ഏതൊരു കുറ്റവാളിയെയും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതും, തിരുത്തലിലേക്കു നയിക്കുന്ന ശിക്ഷാവിധികൾ നടപ്പിലാക്കേണ്ടതും ഒരു രാജ്യത്തെ സാമൂഹ്യ സുരക്ഷക്ക് അത്യാവശ്യമാണ്. എന്നാൽ ഒരു മനുഷ്യന്റെ ജീവൻ നശിപ്പിക്കുവാൻ ഈ ലോകത്തിലെ നിയമ സംവിധാനങ്ങൾക്ക് അവകാശമില്ല എന്ന വസ്തുത നാം തിരിച്ചറിയണം. "നിഷ്കളങ്കരെ കൊല്ലരുത് എന്നു മാത്രമല്ല, ആരെയും കൊല്ലരുത് എന്നാണ് ദൈവത്തിന്റെ കല്പന അനുശാസിക്കുന്നത്" എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്, വധശിക്ഷ നിറുത്തലാക്കാനുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ആഗ്രഹത്തിലും ശ്രമങ്ങളിലും പങ്കുചേരാൻ ഫ്രാൻസിസ് മാർപാപ്പ രാഷ്ട്രീയ നേതൃത്വങ്ങളോട് അഭ്യർത്ഥിച്ചത് നാം ഗൗരവമായി കാണേണ്ടതാണ്. ജീവൻ നൽകാൻ കഴിയുന്ന ദൈവത്തിനു മാത്രമേ ജീവൻ തിരികെയെടുക്കുവാനും അവകാശമുള്ളൂ. അതിനാൽ വധശിക്ഷയെ ഒരിക്കലും ന്യായീകരിക്കാനാവില്ല. ഒരു കുറ്റകൃത്യം നടക്കുമ്പോഴും, അതിനു ശേഷവും അതിന് ഇരയാക്കപ്പെടുന്ന വ്യക്തികൾക്കും അവരുടെ കുടുംബത്തിനും സംഭവിക്കുന്ന നഷ്ടം വലുതാണ് എന്ന കാര്യത്തിൽ തർക്കമില്ല; എന്നാൽ അതിനു പകരമായി മറ്റൊരാളുടെ ജീവൻ എടുക്കുന്നത് ഒരിക്കലും പരിഹാരമാകുന്നില്ല. ഇപ്രകാരം വധശിക്ഷക്കു വിധിക്കപ്പെടുന്ന വ്യക്തികളുടെ കുടുംബാംഗങ്ങളെയും നാം കണക്കിലെടുക്കേണ്ടതുണ്ട്. കഴുമരം കാത്തിരിക്കുന്ന വ്യക്തി ഒരിക്കൽ മാത്രം വധശിക്ഷ അനുഭവിക്കേണ്ടി വരുമ്പോൾ അവരുടെ കുടുംബാംഗങ്ങൾ ശിഷ്ടകാലം മുഴുവൻ അതിന്റെ പ്രത്യാഘാതങ്ങൾ ഏറ്റുവാങ്ങി അനുദിനം മരണശിക്ഷ അനുഭവിച്ചുകൊണ്ട് ജീവിക്കേണ്ടി വരുന്നു. കല്ലെറിയുവാൻ വിധിക്കപ്പെട്ട പാപിനിയായ ഒരു സ്ത്രീയെ യേശുവിന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടു വരുന്ന ഒരു സംഭവം ബൈബിളിൽ നാം കാണുന്നു. എന്നാൽ അവിടുന്ന് അവരോടു പറഞ്ഞു: "നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം അവളെ കല്ലെറിയട്ടെ" (യോഹന്നാൻ 8:7). ഇന്ന് ചില കുറ്റവാളികളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ, ആ വ്യക്തിയെ "കൊന്നുകളയൂ" എന്ന് ആക്രോശിക്കുന്ന നിരവധി വ്യക്തികളെ നാം കാണാറുണ്ട്. എന്നാൽ പരിശുദ്ധനായി ദൈവം മാത്രമേയുള്ളൂ എന്നും, നാമെല്ലാവരും ചെറുതും വലുതുമായ തെറ്റുകളിൽ വീണുപോകുന്നവരുമാണ് എന്ന യാഥാർഥ്യം നാം വിസ്മരിച്ചു കൂടാ. ബാല്യം മുതലുള്ള നമ്മുടെ ജീവിതത്തിലേക്കു ഒന്നു തിരിഞ്ഞു നോക്കിയാൽ, എത്രയോ തെറ്റുകൾ നമ്മുക്കും സംഭവിച്ചുണ്ട് എന്ന വസ്തുത ബോധ്യമാകും. അതിനാൽ 'കുറ്റവാളികൾ', അവരുടെ കുറ്റകൃത്യം ചെറുതോ വലുതോ ആകട്ടെ; അവരും നമ്മളും തമ്മിൽ ഒരു വ്യത്യാസമേ ഉള്ളൂ- അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്ത കുറ്റവാളികളും. കഴിഞ്ഞ മാസം സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ പ്രചരിച്ച ഒരു വാർത്തയായിരുന്നു കേരളത്തിലെ ഒരു ക്രൈസ്തവ പുരോഹിതൻ, തന്നെ കയ്യേറ്റം ചെയ്ത വ്യക്തിയോട് ക്ഷമിച്ചുകൊണ്ട് അയാളുടെ കാൽ കഴുകി ചുംബിച്ചത്. ക്രിസ്തു കാണിച്ചുതന്ന ക്ഷമിക്കുന്ന സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹത്തിന്റെ പ്രവർത്തിയെ വാനോളം പുകഴ്ത്തിയ നാം മരണശിക്ഷ കാത്തു കഴിയുന്ന കുറ്റവാളികളോട് ക്ഷമിക്കാൻ മറന്നു പോകരുത്. കയ്യേറ്റം ചെയ്തവരോട് ക്ഷമിക്കുന്നത് ഉന്നതമായ പ്രവർത്തിയാണെങ്കിൽ കൊലപാതകം ചെയ്തവരോട് ക്ഷമിക്കുന്നത് എത്രയോ മഹോന്നതമായ പ്രവർത്തിയായിരിക്കും. ** Originally Published On 21st February 2020** #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-19 17:15:00
Keywordsവധശിക്ഷ
Created Date2020-02-21 10:05:36