Content | കോട്ടയം: ക്‌നാനായ സമുദായം വെറുമൊരു സങ്കുചിതമായ സമുദായമല്ല പ്രത്യുത ഒരു സഭാസമൂഹമാണെന്നുള്ളത് മറന്നുപോകരുതെന്നും മറ്റുള്ളവരെയെല്ലാം അകറ്റിക്കളയുന്ന തീവ്രചിന്താഗതി സമുദായത്തിന് നല്ലതല്ലായെന്നും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. അതിരൂപതയുടെ അജപാലന കേന്ദ്രമായ തെള്ളകം ചൈതന്യയിൽ ചേർന്ന അതിരൂപതാ പാസ്റ്ററൽ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായം ദൈവത്തിന്റെ പ്രത്യേകമായ പരിപാലനയിൽ സംരക്ഷിക്കപ്പെടുന്ന സമൂഹമാണെന്നും തുടർന്നും ദൈവപരിപാലനയിൽ ആശ്രയിച്ച് വ്യക്തിത്വം കാത്തുസൂക്ഷിച്ച് വളരണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ദൈവത്തിന്റെ പ്രത്യേക സ്‌നേഹപരിപാലനയിൽ വളർന്ന് നിലനിൽക്കുന്നതാണ് ക്‌നാനായ സമുദായം. ഭാവിയിലും അങ്ങനെ തന്നെ സമുദായം വളരണം; നിലനിൽക്കണം. ഈ സമുദായം വിശ്വാസത്തിലും ക്രൈസ്തവ സ്‌നേഹത്തിലും പൊതുസമൂഹത്തോടുള്ള തുറവിയിലും എക്കാലവും മാതൃകാപരമായി മുൻപന്തിയിൽ നിന്ന് വ്യക്തിത്വം കാത്തുസൂക്ഷിച്ചവരാണ്. ഒട്ടനവധി സത്മൂല്യങ്ങൾ തലമുറകളായി കാത്തുസൂക്ഷിച്ച് നമ്മുടെ പൂർവ്വികർ കൈമാറിയ സമുദായത്തിന്റെ അനന്യത നമുക്ക് പ്രിയപ്പെട്ടതാണ്. സമുദായബോധം നമ്മുടെ രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന വികാരമാണ്. എന്നാൽ നിർഭാഗ്യകരമെന്നു പറയട്ടെ, ഇന്നു ചിലർ ഈ സമുദായ വികാരത്തെ ചൂഷണം ചെയ്ത് ഇതിനെ ഒരു സങ്കുചിത സമുദായമാക്കി ചിത്രീകരിക്കുന്നു.
ക്‌നാനായ സമുദായം വെറുമൊരു സങ്കുചിതമായ സമുദായമല്ല പ്രത്യുത ഒരു സഭാസമൂഹമാണെന്നുള്ളത് നാം മറന്നുപോകരുത്. മറ്റുള്ളവരെയെല്ലാം അകറ്റിക്കളയുന്ന തീവ്രചിന്താഗതി സമുദായത്തിന് നല്ലതല്ല. സമുദായസംരക്ഷണത്തിന്റെ പേര് പറഞ്ഞ് ചിലർ ഈ സമുദായത്തെ നശിപ്പിക്കുവാനാണ് ശ്രമിക്കുന്നത്. ഇതല്ല പൂർവ്വികർ കൈമാറിയ നമ്മുടെ സമുദായം. ഇത്തരത്തിലുള്ള തീവ്രനിലപാടും പ്രവർത്തനരീതിയും മറ്റുള്ളവരുടെ മുൻപിൽ നമ്മെ അപഹാസ്യരാക്കാൻ മാത്രമേ ഉപകരിക്കൂ. അതിലൂടെ, യഥാർത്ഥ സമുദായസംരക്ഷണമല്ല മറിച്ച് സമുദായനശീകരണമാണ് നടക്കുന്നതെന്ന് നാം തിരിച്ചറിയണം.
ദൈവത്തോടും സഭയോടുമുള്ള ബന്ധമാണ് ഈ സമുദായത്തിന്റെ നിലനിൽപ്പിന്റെ അടിസ്ഥാനവും ശക്തിയും. ദൈവത്തിൽ നിന്നും സഭയിൽ നിന്നും അകന്ന് നമുക്ക് സമുദായത്തെ സംരക്ഷിക്കാനോ പരിപാലിക്കാനോ സാധിക്കുകയില്ല. ദൈവത്തോടും സഭയോടും ചേർന്നു നിന്നു മാത്രമേ നമുക്ക് സമുദായത്തെ സംരക്ഷിക്കാൻ സാധിക്കൂ. സീറോ മലബാർ സഭയിൽപൊതുവായി അംഗീകരിക്കപ്പെടുന്ന മേജർ ആർക്കി എപ്പിസ്‌കോപ്പൽ തീർത്ഥാടനകേന്ദ്രമായി നമ്മുടെ അതിരൂപതയിലെ തലപ്പള്ളിയായ കടുത്തുരുത്തി വലിയപള്ളിയെ ഉയർത്തിയപ്പോൾ അതിനെതിരെ പ്രവർത്തിക്കുന്നത് സമുദായ സ്‌നേഹമായി കരുതാനാകില്ല.
ഓരോ ക്‌നാനായക്കാരനും ഇത് മനസ്സിലാക്കണം. ഇത്തരത്തിലുള്ള സങ്കുചിത കാഴ്ചപ്പാടുകളെ ചെറുത്ത് പൊതുസമൂഹത്തിന്റെ മുൻപിൽ അഭിമാനത്തോടെ തലയുയർത്തി നിൽക്കാൻ ക്‌നാനായ സമുദായത്തിന് സാധിക്കണം. ദൈവത്തിൽ കേന്ദ്രീകൃതമായ, ദൈവമക്കളുടെ കൂട്ടായ്മയിൽ സന്തോഷിക്കുന്ന, സഭാവിശ്വാസത്തെ പ്രഘോഷിക്കുന്ന സമുദായമായി കടന്നുവന്ന നമ്മൾ, ഇതൊന്നുമില്ലാതെ തീർത്തും സങ്കുചിതമായൊരു ചിന്തയിലേക്ക് പോകുന്നത് അപകടകരമാണ്. വൈദികരും സമർപ്പിതരും അൽമായരും ഇക്കാര്യത്തിൽ ആളുകൾക്ക് ബോദ്ധ്യം കൊടുക്കുവാൻ നേതൃത്വം നൽകണം. അതിരൂപതയിലെ സമുദായസംഘടനകളായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നീ സംഘടനകൾ ഇക്കാര്യത്തിൽ ഉണർന്ന് പ്രവർത്തിക്കണം.
പൂർവ്വികരുടെ മഹത്തായ വിശ്വാസവും പൈതൃകവും നശിപ്പിച്ച് സഭയുടെ മുൻപിലും ലോകത്തിന് മുൻപിലും ക്‌നാനായ സമുദായം അപഹാസ്യരായിത്തീരുന്നത് വേദനാജനകമാണ്. ഇത് സമുദായത്തിന് നഷ്ടമേ ഉണ്ടാക്കുകയുള്ളൂവെന്നും വരുംതലമുറയെ പ്രത്യേകിച്ച് യുവജനങ്ങളെയും കുട്ടികളെയും സമുദായത്തിൽ നിന്നും അകറ്റുമെന്നും നാം മനസ്സിലാക്കണം. ഇടുങ്ങിയ ചിന്താഗതിയിലേക്ക് വീണുപോകുന്നതല്ല ക്‌നാനായ സമുദായത്തിന്റെ പൈതൃകം. പ്രേഷിതദൗത്യവുമായി ഈ നാട്ടിൽ എത്തിയകാലം മുതലും അതിനു മുൻപും മിശിഹായുടെ ശരീരമാകുന്ന സഭയോട് ചേർന്ന് അതിനെ ശക്തിപ്പെടുത്തുവാനാണ് നമ്മുടെ പിതാക്കന്മാർ പ്രവർത്തിച്ചത്. അതിനാൽതന്നെ ക്‌നാനായ സമുദായാംഗങ്ങൾ എല്ലാവർക്കും സ്വീകാര്യരായിരുന്നു.
മറ്റുള്ളവരോട് ചേർന്ന് സഹകരിച്ച് പ്രവർത്തിക്കുമ്പോഴും നമ്മുടേതായ തനിമ സൂക്ഷിക്കണം. ആ തനിമ സൂക്ഷിക്കാൻ നമുക്ക് ഉൾപ്രേരണയുണ്ട്. കാരണം നമ്മുടെ കൂട്ടായ്മയുടെ അടിസ്ഥാനം ദൈവത്തിന്റെ വിളിയാണ്. അതിൽ ഉറച്ചു നിൽക്കുമ്പോൾ തന്നെ മറ്റുള്ളവരോടുള്ള വലിയ ബന്ധത്തിലാണ് നാം പ്രവർത്തിച്ചിരുന്നത്. അങ്ങനെയാണ് നമുക്ക് വളർച്ചയുമുണ്ടായത് എന്നത് സംശയമില്ലാത്ത കാര്യമാണ്. സഭയെക്കുറിച്ചും സമുദായത്തെക്കുറിച്ചും ഉള്ള കാഴ്ചപ്പാടിൽ നമുക്ക് കൂടുതൽ വ്യക്തത ഉണ്ടാകേണ്ടത് ആവശ്യമാണ്. ക്‌നാനായ സമുദായത്തിന്റെ കേന്ദ്രബിന്ദു ദൈവമാണെന്നും ദൈവത്തിന്റെ വിളിയോടുള്ള പ്രത്യുത്തരമാണ് ഈ സമുദായത്തിന്റെ ജീവിതം മുഴുവനുമെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് അനിവാര്യമാണ്.
ദൈവത്തോട് ചേർന്നു നിൽക്കുമ്പോൾ ഒരു സമുദായം പാലിക്കേണ്ട പ്രത്യേക ഉന്നതമായ മൂല്യങ്ങളുണ്ട്. അവയെ നിരന്തരം പരിപാലിക്കാനും നിറവേറ്റാനും വിളിക്കപ്പെട്ടവരാണ് നാം. അങ്ങനെ പരിപാലിച്ചാൽ മാത്രമേ നമുക്ക് ലഭിച്ച വിളിയുടെ മഹത്വം മനസ്സിലാക്കുവാനും അതനുസരിച്ച് പ്രവർത്തിക്കുവാനും സാധിക്കുകയുള്ളൂ. നമ്മുടെ നാടിന്റെ പശ്ചാത്തലം തന്നെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ നല്ല സംവാദങ്ങളിലൂടെ എല്ലാവരെയും അംഗീകരിച്ച് വളരുവാനുള്ള മനോഭാവമുണ്ടാകണം. എല്ലാവരെയും ഉൾക്കൊള്ളാൻ സാധിക്കുകയും അവനവന്റെ അസ്തിത്വത്തെക്കുറിച്ചുള്ള ഉറച്ച ആത്മബോധം നിലനിർത്തുകയും ചെയ്തുകൊണ്ട്, പരസ്പരമുള്ള നല്ല ബന്ധങ്ങൾ പുലർത്തിക്കൊണ്ടുപോകുവാൻ പരിശ്രമിക്കണം.
അതിലൂടെയാണ് ക്രൈസ്തവ സാക്ഷ്യം സാധ്യമാകുക. എക്കാലത്തും നാം ജീവിക്കുന്ന സമൂഹങ്ങളിൽ നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിച്ചു ജീവിച്ചുപോന്ന ക്‌നാനായ സമുദായം, അത് തുടർന്നുകൊണ്ടുപോകാൻ ശ്രദ്ധിക്കണം. ഒരിക്കലും നമ്മിലേക്ക് മാത്രം ഒതുങ്ങുവാനല്ല ക്രൈസ്തവ ജീവിതം. മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ നന്മയ്ക്കുവേണ്ടി ത്യാഗങ്ങൾ അനുഷ്ഠിക്കുന്ന പൂർവ്വികർ കൈമാറിയ നല്ല പൈതൃകം ഒരിക്കലും നഷ്ടപ്പെടുത്തരുത്. അതുവഴി ക്‌നാനായ സമുദായത്തിന് പൊതുസമൂഹത്തിൽ ലഭിച്ചിരുന്ന അംഗീകാരവും ആദരവും നമ്മൾ ഒരിക്കലും വിസ്മരിക്കരുത്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സത്മൂല്യങ്ങളെക്കുറിച്ച് ബോദ്ധ്യമുള്ളവരായി ഉണർന്ന് പ്രവർത്തിക്കുവാൻ ഓരോ ക്‌നാനായക്കാരനും സാധിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/LxzGsNyPlWbJJTD05K1B1C}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |