Content | വത്തിക്കാന്‍ സിറ്റി: പരിസ്ഥിതിയെക്കുറിച്ചുള്ള സമഗ്രവീക്ഷണവുമായി ഫ്രന്‍സിസ് പാപ്പ രചിച്ച 'ലൗദാത്തോ സി' (അങ്ങേയ്ക്കു സ്തുതി) എന്ന ചാക്രിക ലേഖനത്തിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് ആഴമായ പഠനങ്ങളും, പരിപാടികളും നടത്താൻ ആഹ്വാനവുമായി പാപ്പ. 2020 മേയ് 16 മുതൽ 24 വരെ പ്രായോഗികമായ വിധത്തിൽ രൂപതകളിലും, കത്തോലിക്ക ദേവാലയങ്ങളിലും, സന്യാസ ഭവനങ്ങളിലും, വിദ്യാലയങ്ങളിലും ചാക്രിക ലേഖനത്തെ കുറിച്ചുള്ള ആഴമായ പഠനങ്ങളും, പരിപാടികളും നടത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തുവിട്ടത്.
പാരീസില്‍ നടന്ന കാലാവസ്ഥാ ഉച്ചകോടിയിലെ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് ഇക്കൊല്ലമാണെന്നതും ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിധ്യ ഉച്ചകോടി നടക്കുവാനിരിക്കുന്നതും കണക്കിലെടുത്ത് കൊണ്ടാണ് ലൗദാത്തോ സിയുടെ അഞ്ചാം വര്‍ഷം പ്രത്യേകമാം വിധത്തില്‍ ആചരിക്കാന്‍ മാര്‍പാപ്പ തീരുമാനിച്ചതെന്ന്‍ വിലയിരുത്തപ്പെടുന്നു. പൊതു ഭവനമായ ഭൂമിയുടെ സംരക്ഷണത്തിനായുള്ള ആഗോള പ്രചാരണമാക്കാനും പരിസ്ഥിതിയുടെ അടിയന്തരമായ പ്രതിസന്ധിയോടു ക്രിയാത്മകമായി പ്രതികരിക്കാനും പാപ്പ ലോകത്തെ ക്ഷണിച്ചു.
ഭൂമിയുടെ നിലവിളിയും, ദരിദ്രരുടെ നിലവിളിയും ഇനിയും തുടരാൻ ഇടവരരുതെന്നും സ്രഷ്ടാവായ ദൈവത്തിന്‍റെ സമ്മാനമായ സൃഷ്ടിയുടെ സംരക്ഷകരാകാനും വീഡിയോയില്‍ ക്ഷണിക്കുന്ന പാപ്പ തന്‍റെ അപ്പോസ്തോലിക ആശീർവ്വാദം നൽകി തനിക്കായി പ്രാർത്ഥിക്കാനും അഭ്യർത്ഥിച്ചുമാണ് സന്ദേശം അവസാനിപ്പിച്ചത്. 2015 ജൂണ്‍ 18നാണു ലൗദാത്തോ സി പ്രസിദ്ധീകരിച്ചത്. അതിന്റെ രചന മെയ് 24നു പൂര്‍ത്തിയായതായിരുന്നു. അതിനാലാണ് വാര്‍ഷികാചരണം മെയ് മാസത്തേക്ക് മാറ്റിയത്. |