Content | “വന്ധ്യകൾക്കും പ്രസവിക്കാത്ത ഉദരങ്ങൾക്കും പാലൂട്ടാത്ത മുലകൾക്കും ഭാഗ്യം എന്നു പറയുന്ന ദിവസങ്ങൾ വരും.” (ലൂക്കാ 23:29) ഇതുപോലെ കേട്ടാൽ ഭയമുളവാകുന്ന ചില പ്രവചനങ്ങൾ ബൈബിളിൽ ഉണ്ട്. മനസിരുത്തി വായിച്ചാൽ പേടിച്ചു വിറക്കുന്ന ഇത്തരം വചനഭാഗങ്ങൾ വായിച്ചിട്ട് “കർത്താവിന്റെ സുവിശേഷം” എന്ന് പറഞ്ഞ് അവസാനിപ്പിക്കേണ്ടി വരുന്ന അവസരങ്ങളിലെല്ലാം സ്വയം ചോദിച്ചു പോകുന്ന ഒരു ചോദ്യമുണ്ട്. ‘ഇത്തരം ഭീകരമായ കാര്യങ്ങൾ എങ്ങനെയാണു സുവിശേഷം അഥവാ സദ്-വാർത്ത ആകുന്നത്?’ മനസിലാക്കാൻ ബുദ്ധിമുട്ടുള്ള ഇത്തരം കാര്യങ്ങൾ മറ്റുള്ളവർക്ക് വിവരിച്ച് കൊടുക്കാൻ അതിലേറെ ബുദ്ധിമുട്ടിയിട്ടുമുണ്ട്. അതിൽ പക്ഷെ അത്ഭുതമൊന്നുമില്ല. കാരണം ഈ പ്രപഞ്ചത്തിന്റെ മഹാരഹസ്യങ്ങളെ ആർക്ക് മനസിലാക്കാൻ സാധിക്കും!
ഈ പ്രപഞ്ചത്തിന്റെ ഉത്പത്തിയൊ അതിൽ ജീവന്റെ ഉത്പത്തിയൊ മനസിലാക്കുവാൻ മനുഷ്യനു ഇതുവരെയും സാധിച്ചിട്ടില്ല. ഉത്പത്തി പോകട്ടെ, അതിന്റെ സങ്കീർണമായ പ്രവർത്തനങ്ങൾ പോലും മനുഷ്യനു പൂർണ്ണമായും മനസിലാക്കുവാൻ സാധിച്ചിട്ടില്ല. എന്തിനേറേ പറയുന്നു, ഒരു ചെറിയ ഏകകോശ ജീവിയെ പോലും അവൻ പൂർണ്ണമായി മനസിലാക്കിയിട്ടുണ്ടോ? മനുഷ്യൻ നിർമ്മിക്കുന്ന സൂപ്പർ കമ്പ്യൂട്ടറുകളുടെ ആവറേജ് ലൈഫ് സ്പാൻ അഞ്ച് വർഷം ആണ്. എന്നാൽ എല്ലാ സൂപ്പർ കമ്പ്യൂട്ടറുകളേക്കാളും സൂപ്പറായ മനുഷ്യന്റെ ആവറേജ് ലൈഫ് സ്പാൻ 70-നു മുകളിലാണ്. മനുഷ്യൻ നിർമ്മിച്ചിരിക്കുന്ന ഏതൊരു സിസ്റ്റത്തേക്കാളും മികച്ച സിസ്റ്റമായ ഈ പ്രപഞ്ചവും ആ പ്രപഞ്ചത്തിന്റെ ചരിത്രത്തിലെ ഏതൊ ഒരു നിമിഷത്തിൽ ഉത്ഭവിച്ച മനുഷ്യനുമൊക്കെ ഏത് ബുദ്ധിയുടെ ഫലമാണ്? ഇത്ര കൃത്യതയോടെ ഇവയൊക്കെ നിർമ്മിച്ചത് ആരാണ്?
ഇത്രയും ഫൂൾ പ്രൂഫ് ആയ ഈ പ്രപഞ്ചം ഏതൊ ഒരു നിമിഷത്തിൽ സ്വയം ഉത്ഭവിക്കുകയും അതിലെ ഇത്രയും കോമ്പ്ലിക്കേറ്റഡ് ആയ എല്ലാ സംവിധാനവും സ്വയം ഉരുത്തിരിയുകയും ചെയ്തു എന്ന യുക്തിരഹിതമായ കഥ വിശ്വസിച്ചാൽ നീ നിരീശ്വരവാദി ആയി. മറിച്ച് തങ്ങൾക്ക് മനസിലാകാത്ത കാര്യങ്ങളുടെ പുറകിൽ ഒരു ശക്തിയുണ്ടെന്ന് വിശ്വസിച്ചാൽ നീ ഈശ്വരവിശ്വാസി ആയി. പക്ഷെ തമാശ ഇതൊന്നുമല്ല. ഈ പറഞ്ഞ കഥകളിൽ ആദ്യത്തെ കഥ വിശ്വസിച്ചാൽ മാത്രമേ നീ ശാസ്ത്രജ്ഞൻ ആകൂ എന്ന് വിവക്ഷിക്കുന്ന യുക്തിവാദികളാണ് യഥാർത്ഥ തമാശ.
മനുഷ്യനു ഇനിയും മനസിലാക്കാൻ സാധിച്ചിട്ടില്ലാത്ത ഈ പ്രപഞ്ചത്തിന്റെ ഏതൊ ഒരു യുക്തിയിൽ ഇപ്പോൾ ലോകത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് ആണ് ഈ കുറിപ്പ് എഴുതാൻ കാരണമായത്. “മനുഷ്യനു ദോഷമായ ഈ വൈറസ് എന്തിനു ദൈവം സൃഷ്ടിക്കുന്നു?” എന്നാണു പലരുടെയും ചോദ്യം. ഈ പ്രപഞ്ചത്തെ മുഴുവൻ തന്നിലേക്ക് ചുരുക്കാനുള്ള മനുഷ്യന്റെ വിഫല ശ്രമത്തിന്റെ ഭാഗമാണു ഈ ചോദ്യവും എന്ന് ഒന്ന് മനസിരുത്തി ചിന്തിച്ചാൽ മനസിലാകും. കാരണം - മനുഷ്യനു ദോഷമായതെല്ലം പ്രപഞ്ചത്തിനു ദോഷമല്ല, മനുഷ്യനു ദോഷമായതെല്ലാം പ്രപഞ്ചയുക്തിക്ക് നിരക്കാത്തതുമല്ല. വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ, മനുഷ്യനു ദോഷമായെന്ന് കരുതി, ഈ പ്രപഞ്ചത്തിൽ നടക്കുന്നതെല്ലാം ദൈവിക പദ്ധതിക്ക് വിരുദ്ധവുമല്ല.
ഒരു ഉദാഹരണം പറയാം - കഴിഞ്ഞ ഏതാനും ദശകങ്ങളായി പരിസ്ഥിതിയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ അന്താരാഷ്ട്ര തലത്തിൽ തന്നെ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. ഈ പ്രപഞ്ചത്തിന്റെ കേന്ദ്രമാകാനുള്ള മനുഷ്യന്റെ ത്വരയും അവന്റെ ശാസ്ത്ര സാങ്കേതിക വിദ്യകളുമാണു ഇത്തരത്തിൽ പരിസ്ഥിതിയെ തകിടം മറിച്ചതിന്റെ പ്രധാന പ്രതികൾ. നമ്മുടെ പരിസ്ഥിതിയെ ഇന്നത്തെ നിലയിൽ ഡീസ്റ്റെബിലൈസ് ചെയ്തത് മനുഷ്യൻ തന്നെയാണ്. ഇത് ഒരു മതത്തിന്റെയും സംഭാവനയല്ല, മറിച്ച് ഈശ്വരവിശ്വാസികൾക്കും നിരീശ്വരവാദികൾക്കും ഇതിൽ പങ്കുണ്ട്. ഈശ്വരവിശ്വാസികളും നിരീശ്വരവാദികളുമായ മനുഷ്യർ തന്നെ വികസിപ്പിച്ചെടുത്ത ശാസ്ത്രത്തിനു ഇതിൽ വലിയ പങ്കുണ്ട്.
എന്നിട്ട് ഈ പാരിസ്ഥിതിക പ്രശ്നങ്ങളെ ആത്മാർത്ഥതയോടെ നേരിടണം എന്ന് ലോകം മുഴുവൻ ആഹ്വാനം ചെയ്യുന്നതല്ലാതെ മനുഷ്യൻ അതിനു വേണ്ടി എന്താണു ചെയ്യുന്നത്? പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമായ “പറക്കൽ” കുറക്കാൻ അവൻ തയാറായോ? വാഹനങ്ങൾ കുറക്കാനോ? കാട്ടിലും കാടിന്റെ അരികുകളിലും താമസിക്കുന്നവരെ കുറ്റം പറയുന്നതല്ലാതെ പ്രകൃതി സംരക്ഷണത്തിനു തന്റേതായ എന്ത് പ്രവൃത്തിയാണു മനുഷ്യൻ ചെയ്യുന്നത്?
ഇനി മനുഷ്യൻ ചെയ്യുന്നില്ല എന്ന് കരുതി, ഈ പ്രപഞ്ചത്തിന്റെ അത്യുന്നതമായ ബുദ്ധിക്ക് അതിനെ സംരക്ഷിക്കാതിരിക്കാൻ കഴിയുമോ?
ഹേ മനുഷ്യാ, ലോകത്തിലെ ഒരു ശക്തിക്കും തടയാനാവില്ല എന്ന് കരുതിയ നിന്റെ ഓട്ടവും ചാട്ടവും പറക്കലുമൊക്കെ, നിന്റെ നഗ്നനേത്രങ്ങൾക്ക് പോലും കണ്ടെത്താനാകാത്ത ഒരു സൂക്ഷ്മാണു നിശ്ചലമാക്കിയത് നീ കാണുന്നില്ലേ? ഇനിയെങ്കിലും മനസിലാക്കൂ... നീ ഈ ലോകത്തിന്റെ കേന്ദ്രബിന്ദു അല്ല. പ്രപഞ്ചത്തിന്റെ ഒരു ഭാഗം മാത്രമാണു നീ. ആ നീ സ്വയം പ്രപഞ്ചത്തിന്റെ വൈറസ് ആകരുത്. ആയാൽ ആ വൈറസിനെ എടുത്ത് മാറ്റാനും ഈ പ്രപഞ്ചത്തിന്റെ യുക്തിക്കും ബുദ്ധിക്കും കഴിയും. ചില കണ്ണീരുകൾക്കിടയിലും സുവിശേഷങ്ങൾ ഉണ്ടാകും. ഇന്ന് നിന്റെ ലോകം നിശ്ചലമായിട്ടുണ്ടെങ്കിൽ, ഊർദ്ധശ്വാസം വലിക്കുന്ന പ്രപഞ്ചത്തിനു അത് ഒരു ചെറിയ പ്രതീക്ഷയാണ്.
അതുകൊണ്ട്, പ്രപഞ്ചത്തിന്റെ യുക്തിയെ ചോദ്യം ചെയ്യുകയല്ല വേണ്ടത്. മറിച്ച് നമുക്ക് എങ്ങനെ മാറാം എന്ന് ചിന്തിക്കുകയാണു വേണ്ടത്. പ്രപഞ്ച രഹസ്യങ്ങളുടെ നൂറിലൊരു അംശം പോലും മനസിലാക്കിയിട്ടില്ലാത്ത നാം പ്രപഞ്ചത്തിന്റെ യുക്തിയെ കുറ്റപ്പെടുത്തുന്നതിൽ എന്ത് അർത്ഥമാണുള്ളത്?
വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ, ദൈവിക പദ്ധതികൾ മനുഷ്യബുദ്ധിക്ക് അപ്രാപ്യമാണ്. അത് മനുഷ്യന്റെ മാത്രമല്ല, സകല പ്രപഞ്ചത്തിന്റെയും നന്മക്കുവേണ്ടിയുള്ളതാണ്. അഹം എന്ന ഭാവം മാറ്റിവച്ച്, നാം ആണു ഈ പ്രപഞ്ചത്തിന്റെ കേന്ദ്രബിദ്ധു എന്ന ചിന്ത മാറ്റിവച്ച് നമ്മുടെ പ്രവൃത്തികളെ രൂപപ്പെടുത്തുവാൻ ദൈവം നമുക്ക് തരുന്ന അവസരങ്ങൾ ആണു ചില രോഗങ്ങളും കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊക്കെ. സുവിശേഷം എന്നാൽ നമുക്ക് സന്തോഷം തരുന്ന വാർത്തകൾ അല്ല, പ്രപഞ്ചത്തിന്റെയും നമ്മുടെയും നന്മക്കു വേണ്ടിയുള്ള വാർത്തകൾ ആണ്. കൊറോണയിൽ നിന്നു പോലും പ്രകൃതിക്ക് നന്മ ഉളവാകും. ദൈവത്തിന്റെ പദ്ധതികൾ നമുക്ക് അജ്ഞേയമത്രേ!
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/D8niNFR7UuR8HY6hB1EP3Z}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|