Content | വത്തിക്കാന്‍ സിറ്റി: കൊറോണയെ തുടര്‍ന്നു ഭരണകൂടം പൊതു പരിപാടികള്‍ക്കു കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ അടുത്തമാസം വത്തിക്കാനിൽ നടക്കുന്ന വിശുദ്ധവാര തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ പൊതുസമൂഹത്തിന് അവസരമുണ്ടായിരിക്കില്ലെന്ന് സഭാനേതൃത്വം അറിയിച്ചു. വിശ്വാസികളുടെ സാന്നിധ്യമില്ലാതെയാണ് ഇത്തവണ വിശുദ്ധവാര തിരുക്കർമ്മങ്ങൾ നടത്തുന്നതെന്ന് പേപ്പൽ വസതിയുടെ ചുമതലയുള്ള പ്രിഫെക്ചറാണ് വത്തിക്കാൻ വെബ്സൈറ്റിലൂടെ അറിയിപ്പ് നൽകിയത്. മാർപാപ്പയുടെ ബുധനാഴ്ചത്തെ പൊതുദർശനത്തിനും, മറ്റ് പൊതു തിരുകർമ്മങ്ങൾക്കുമുള്ള സൗജന്യമായ ടിക്കറ്റുകൾ നൽകുന്നത് പേപ്പൽ വസതിയുടെ ചുമതലയുള്ള പ്രിഫെക്ചറിന്റെ ചുമതലയാണ്.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ഏപ്രിൽ അഞ്ചാം തീയതി ഓശാന ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുർബാനയോടു കൂടിയാണ് ഫ്രാൻസിസ് മാർപാപ്പയുടെ വിശുദ്ധവാര തിരുകർമ്മങ്ങൾക്ക് തുടക്കമാകുന്നത്. ഏപ്രിൽ ഒമ്പതാം തീയതി സെന്റ് പീറ്റേഴ്സ് ബസലിക്കയിലാണ് പെസഹയുടെ തിരുക്കർമ്മങ്ങൾ നടക്കുന്നത്. വെള്ളിയാഴ്ച കുരിശിന്റെ വഴിക്ക് റോമിലെ കൊളോസിയത്തിൽ നേതൃത്വം നൽകുന്നതിന് മുമ്പ് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ തന്നെ മാർപാപ്പ വിശുദ്ധ കുർബാന അർപ്പിക്കും. ശനിയാഴ്ച രാത്രിയിൽ നടക്കുന്ന ഈസ്റ്റർ വിജിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലായിരിക്കും നടക്കുക. ഈസ്റ്റർ കുർബാന, മാർപാപ്പ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ അർപ്പിക്കും. ഉച്ചയ്ക്ക് 12 മണിക്ക് മാർപാപ്പ നൽകുന്ന 'ഉർബി എറ്റ് ഓർബി' ആശിർവാദത്തിന് ശേഷമായിരിക്കും സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാന നടക്കുക. പക്ഷേ ഇവിടെ വിശ്വാസികള്‍ക്ക് പ്രവേശനമുണ്ടാകുവാനുള്ള സാധ്യതയില്ലെന്നാണ് സൂചന.
അതേസമയം വിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്ന സ്ഥലത്തിലോ സമയത്തിലോ വ്യത്യാസമുണ്ടോയെന്ന് വ്യക്തമായിട്ടില്ല. മാർപാപ്പയുടെ ബുധനാഴ്ചത്തെ പൊതു ദർശനവും, ഞായറാഴ്ച ത്രികാല പ്രാർത്ഥനയും ഏപ്രിൽ 12വരെ തൽസമയം സംപ്രേക്ഷണം ചെയ്യുമെന്നും പ്രിഫെക്ചർ വെബ്സൈറ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. കൊറോണ വൈറസ് കൂടുതൽ പകരാതിരിക്കാൻ മുൻകരുതലിന്റെ ഭാഗമായി ഏപ്രിൽ മൂന്നാം തീയതി വരെ ഇറ്റലിയിൽ അടിയന്തരാവസ്ഥയ്ക്കു സമാനമായ സാഹചര്യം തുടരും. മാർച്ച് പത്താം തീയതി സെന്റ് പീറ്റേഴ്സ് ചത്വരം ഇറ്റാലിയൻ പോലീസ് അടച്ചിരുന്നു. എഷ്യയ്ക്ക് പുറത്ത് കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളെ ബാധിച്ചിരിക്കുന്നതും, ഏറ്റവും കൂടുതൽ ആളുകൾ മരണമടഞ്ഞരിക്കുന്നതും ഇറ്റലിയിലാണ്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/J5GpieZWgysLGgqKqb9Q3a}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |