Content | ചങ്ങനാശേരി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാര്‍ച്ച് 19ന് വിശുദ്ധ യൗസേപ്പ് പിതാവിന്റെ ശ്രാദ്ധതിരുനാളുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ ഉണ്ടായിരിക്കുന്നതല്ലായെന്ന് ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥനായ യൗസേപ്പ് പിതാവിന്റെ മരണ തിരുനാളിനോടനുബന്ധിച്ച് അതിരൂപതാ കേന്ദ്രത്തില്‍ പതിവായി നടത്തി വന്നിരുന്ന സമ്മേളനവും ഇതര ആഘോഷ പരിപാടികളും ഈ വര്‍ഷം നടത്തുന്നതല്ല. പിതാക്കന്മാരെ സന്ദര്‍ശിച്ച് നാമഹേതുക തിരുനാള്‍ ആശംസകള്‍ അറിയിക്കുവാനുള്ള അവസരവും ഇപ്രാവശ്യത്തെ പ്രത്യേക സാഹചര്യത്തില്‍ ഒഴിവാക്കിയിരിക്കുകയാണ്.
തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഇടവകകളിലും സ്ഥാപനങ്ങളിലും ക്രമീകരിക്കാറുള്ള ഊട്ടുനേര്‍ച്ചയും ഇതര പരിപാടികളും ഈ സാഹചര്യത്തില്‍ ഒഴിവാക്കണമെന്നറിയിക്കുന്നു. ലോകമെമ്പാടും വ്യാപിച്ചിരിക്കുന്ന ഈ പകര്‍ച്ചവ്യാധിയില്‍ നിന്ന് എത്രയും വേഗം മോചനം ലഭിക്കാന്‍ കര്‍ത്താവിന്റെ കാരുണ്യം യാചിച്ചുകൊണ്ട്, നോമ്പാചരണം കൂടുതല്‍ തീവ്രമാക്കുവാനും വിശ്വാസികളോടു അഭ്യര്‍ത്ഥിക്കുന്നതായി അതിരൂപത പ്രസ്താവനയില്‍ കുറിച്ചു. |