Content | റോം: ചൈനയ്ക്കു ശേഷം കൊറോണ രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്ന ഇറ്റലിയിലെ ദാരുണമായ അവസ്ഥ വിവരിച്ച് മലയാളി കന്യാസ്ത്രീയുടെ ഹൃദയഭേദകമായ കുറിപ്പ്. ഇപ്പോള്‍ ഇറ്റലിയില്‍ ശുശ്രൂഷ ചെയ്യുന്ന ഡോറ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് (ഡിഎസ്‌ജെ) കോണ്‍ഗ്രിഗേഷനിലെ അംഗമായ സി. സോണിയ തെരേസാണ് രാജ്യത്തെ ദയനീയ അവസ്ഥ വിവരിച്ചുകൊണ്ട് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തായ ഇറ്റാലിയൻ വനിതാ ഡോക്ടർ അയച്ച മെസേജിനെ ഉദ്ധരിച്ചുകൊണ്ട് ആരംഭിക്കുന്ന കുറിപ്പില്‍ രണ്ടും മൂന്നും ആൾക്കാർ മരിച്ചതിൻ്റെ വേദന താങ്ങാനാവാതെ തളർന്നിരിക്കുന്ന ബന്ധുക്കളെ കുറിച്ചും സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ ബോഡികൾ മറ്റ് സ്ഥലങ്ങളിൽ കൊണ്ട് ക്രമേഷൻ (ദഹനം) നടത്താനായ് കൊണ്ടുപോകുന്ന പട്ടാള ട്രക്കുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ട അവസ്ഥയെ കുറിച്ചും വിവരിച്ചിട്ടുണ്ട്.
#{black->none->b->സിസ്റ്ററുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം }#
ഇറ്റലിയിലെ ബേർഷ എന്ന സ്ഥലത്ത് ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന എൻ്റെ കൂട്ടുകാരിയായ ഒരു ഇറ്റാലിയൻ വനിതാ ഡോക്ടർ എനിക്കയച്ച വേദന നിറത്ത മെസേജാണ് ഞാൻ നിങ്ങളുമായ് ഇവിടെ പങ്കുവയ്ക്കുന്നത്.
"പ്രിയ സോണിയ... ഞാൻ ദുഃഖത്താൽ തളർന്നിരിക്കുകയാണ്. ഞാൻ എന്ത് ചെയ്യും? ഡ്യൂട്ടിക്കിടയിൽ എനിക്കും ഒപ്പം ഉണ്ടായിരുന്ന 4 ഡോക്ടേഴ്സിനും 3 നേഴ്സുമാർക്കും കൊറോണ വൈറസ് പിടിപ്പെട്ടു.. ഞാൻ ഇപ്പോൾ എൻ്റെ വീടിൻ്റെ താഴുത്തെ നിലയിൽ ക്വാരൻ്റൈൻ ചെയ്യുന്നു. തുടക്കം ആയതിനാൽ ഇപ്പോൾ ഞാൻ സുഖം പ്രാപിച്ച് വരുന്നു. ഈ ദിവസങ്ങളിൽ നേഴ്സായ എൻ്റെ ഭർത്താവ് അവധി എടുത്താണ് കുട്ടികളെ രണ്ടും നോക്കുന്നത്.
കുട്ടികളെ നോക്കാനായ് ജോലിക്ക് വന്നുകൊണ്ടിരുന്ന യുവതി പേടി കാരണം ഇനി മുതൽ വരില്ല എന്ന് എന്നെ വിളിച്ച് പറഞ്ഞു. കുട്ടികൾക്കാണെ അവളെ ഭയങ്കര കാര്യമായിരുന്നു. ഒരു വശത്ത് പ്രായമായ എൻ്റെ അമ്മ മരിക്കാറായ് കിടക്കുകയാണ്, എനിക്ക് അമ്മയുടെ അടുത്തേക്ക് ഒന്ന് പോകാൻ പോലും സാധിക്കില്ല. എൻ്റെ വേദന ആരോടാ ഞാൻ പറയുക? TV യിലും സോഷ്യൽ മീഡിയകളിലും എല്ലാവരും ഞങ്ങൾ ഡോക്ടേഴ്സിനെയും നേഴ്സുമാരെയും ഹീറോ എന്നും, മാലാഖമാർ എന്നും പറഞ്ഞ് അഭിനന്ദിക്കും... പക്ഷെ ഞങ്ങൾക്ക് ഒരാപത്ത് വന്നു കഴിയുമ്പോൾ അതും രോഗികളെ ശുശ്രൂഷിച്ച് ഞങ്ങൾ മേലാണ്ടകുമ്പോൾ ഞങ്ങളെ തിരിഞ്ഞ് നോക്കാൻ ആരും ഇല്ല.. എല്ലാവരാലും ഞങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു".
ഉടൻ തന്നെ ഞാൻ ഫോണിൽ വിളിച്ചു. മറുവശത്ത് വാവിട്ടുള്ള കരച്ചിലായിരുന്നു. അകലങ്ങളിലാണെങ്കിലും എൻ്റെയും കണ്ണുകൾ നിറഞ്ഞൊഴുകി. എന്തു പറഞ്ഞ് ആശ്വസിപ്പിക്കണം എന്ന് അറിയാതെ ഞാൻ വാക്കുകൾക്കു വേണ്ടി പരതി. മക്കളെയും കുടുംബത്തെയും മറന്ന് രാത്രിയും പകലും വിശ്രമം ഇല്ലാതെ ജോലിചെയ്യുന്ന ഡോക്ടർമാരും നേഴ്സുമാരും പലപ്പോഴും രോഗികളായ് തീരുന്നു. ഈ ദിവസങ്ങളിൽ 4000 - ൽ അധികം ഡോക്ടർമാരും നേഴ്സുമാരും ആണ് രോഗി ശുശ്രൂക്ഷയ്ക്കിടയിൽ കൊറോണ പിടിപ്പെട്ടിരിക്കുന്നത്. പ്രശസ്തരായ രണ്ട് ഡോക്ർമാർ, രണ്ട് നഗരസഭാ അദ്ധ്യക്ഷൻമാർ, പത്ത് വൈദീകർ, നിരവധി സന്യാസിനികൾ, കൊറോണ പിടിച്ച് മരിച്ചു. മെത്രാൻമാർ, വൈദീകർ, സന്യസ്തർ, മന്ത്രിമാർ, രാഷ്ട്രിയക്കാർ, സംഗീതജ്ഞർ തുടങ്ങിയ ജീവിതത്തിൻ്റെ നാനാ തുറകളിൽപെട്ട പലരും കൊറോണ പിടിപെട്ട് ആശുപത്രികളിലും വീടുകളിലുമയ് കഷ്ടപ്പെടുന്നു.
ഇറ്റലിയിൽ എന്തുകൊണ്ടാണ് കൊറോണ പിടിപെട്ട് ഇത്രയേറെ മരണങ്ങൾ സംഭവിക്കുന്നത്? ഈ ദിവസങ്ങൾ ഒത്തിരി പേർ എന്നോട് ചോദിച്ച ഒരു ചോദ്യം ആണ്.
ഈ ചോദ്യത്തിന് ഉത്തരം: ഒന്ന് അശ്രദ്ധ, രണ്ട് അറിവില്ലായ്മ എന്നതാണ്. ഇറ്റലി എന്ന രാജ്യത്തിന് എവിടെയാണ് പിഴവ്വ് വന്നുപോയതെന്ന് അനുഭവത്തിൻ്റെ വെളിച്ചത്തിൽ ഒന്ന് വക്തമാക്കാം. ഇന്ന് ഇറ്റലിയുടെ അനുഭവം മറ്റൊരുരാജ്യത്തിനും സംഭവിക്കാൻ ഇടവരരുത്.
ഡിസംബർ 31നാണ് ചൈന കൊറോണ വൈറസ് മൂലം വുഹാനിൽ ഒത്തിരി ആൾക്കാർ മരിക്കുന്നു എന്ന സത്യം വേൾഡ് ഹെൽത്ത് ഓർഗനൈസേഷനെ അറിയിക്കുന്നത്. ജനുവരി 31 - ന് ഇറ്റലിയിൽ ആദ്യമായ് കൊറോണ സ്ഥിരീകരിക്കുന്നത് 2 ചൈനീസ് ടൂറിസ്റ്റുകൾക്ക് ആണ്. ഉടനടി ഗവൺമെൻറ് ഇടപെട്ട് അവരെ പ്രത്യേക ഹോസ്പിറ്റലിലേക്ക് മാറ്റുകയും വേണ്ട ചികിത്സ നൽകാൻ ഏർപ്പാടാക്കുകയും ചെയ്തു. അവർ സഞ്ചരിച്ച വഴികളും അവരുമായ് ബന്ധപ്പെട്ടവരുടെ റൂട്ട്മാപ്പും ഒക്കെ വരച്ച്, അവരെ എല്ലാം കണ്ടുപിടിച്ച് ഏകാന്ത വാസത്തിൽ ആക്കി. പിന്നെ ഇറ്റലിയിൽ സംഭവിച്ചത് നമ്മുടെ കൊച്ചുകേരളത്തിൽ സംഭവിച്ച (ഇറ്റാലിയൻ പ്രവാസികളോട് കാട്ടിയ) അതേ അവസ്ഥയാണ്. ചൈനീസുകാരെ വഴിയിൽവെച്ച് ദേഹോപദ്രവം ചെയ്യുക, നിന്ദിക്കുക, വണ്ടികളിൽ നിന്നും മറ്റും ഇറക്കി വിടുക, സമൂഹ മാധ്യമങ്ങൾ മുഴുവൻ ട്രോളുകളും, കളിയാക്കലുകളും മറ്റും..!
ഈ വൈറസ് പുതിയതായതു കൊണ്ട് രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ പനി ഉണ്ടോ എന്ന് മാത്രമാണ് ആദ്യം എയർപോർട്ടുകളിൽ കൺട്രോൾ ചെയ്തിരുന്നത്. നോർത്ത് ഇറ്റലിയുടെ മിക്ക സ്ഥലങ്ങളും വളരെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളും, തീർത്ഥാടന കേന്ദ്രങ്ങളും ആയതിനാൽ മിലാൻ പോലുള്ള എയർപോർട്ടുകളിൽ ധാരാളം ടൂറിസ്റ്റുകൾ വന്നു പോയ്കൊണ്ടിരുന്നു. മിലാനിൽ നിന്ന് ചൈനയിലെ വുഹാനിലേക്ക് നേരിട്ട് സർവീസ് നടത്തുന്ന ഫ്ലെറ്റുകൾ ഉണ്ടായിരുന്നത് വൈറസ് എത്തി ചേരാൻ എളുപ്പമാർഗമായ്. കൊറോണ വൈറസ് വുഹാനിൽ പടരുന്നു എന്ന വിവരം ചൈന പുറത്ത് വിടാൻ വൈകിയത് കാരണം അവ എത്തേണ്ടിടത്തെല്ലാം എത്തി.
ഫെബ്രുവരി ഇരുപത്തി ഒന്നിന് 38 വയസ്സുള്ള ഒരു ഇറ്റാലിയൻ പൗരന് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹം ഒരിക്കൽ പോലും ചൈനയിൽ പോയിട്ടില്ല എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. വീണ്ടും റൂട്ട് മാപ്പ് വരയ്ക്കലും അദ്ദേഹവുമായ് സമ്പർക്കം നടത്തിയ വ്യക്തികളെ തപ്പി നടക്കുമ്പോൾ തന്നെ നോർത്ത് ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കൊറോണ പിടിച്ച ആൾക്കാരുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരുന്നു. നോർത്ത് ഇറ്റലിയിലെ ചില ദേശങ്ങളിൽ രോഗികളുടെ എണ്ണം കൂടുന്നത് കണ്ടപ്പോൾ തന്നെ ഗവൺമെൻറ് അവിടുത്തെ 10 ദേശങ്ങളെ റെഡ് സോൺ ആക്കി, അവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ആ ദേശത്തുള്ളവർക്ക് പുറത്തേക്ക് പോകാനോ പുറത്തു നിന്ന് ആർക്കും അകത്തേക്ക് പ്രവേശിക്കാനോ സാധിക്കില്ലെന്നായ്. സിറ്റികളിലും മറ്റ് ദേശങ്ങങ്ങളിലും വസിക്കുന്ന ജനത്തോട് കഴിവതും പുറത്തിറങ്ങരുത്, പൊതുപരിപാടികൾ ഒഴിവാക്കുക എന്ന് ഗവൺമെൻറ് ഓഡർ കൊടുത്തപ്പോൾ യുവജനങ്ങൾ പ്രതികരിച്ചത്: "ഓ അത് പ്രായമായവരെ മാത്രം ബാധിക്കുന്നതാണ്, ഞങ്ങൾ ചെറുപ്പക്കാർ ആരെങ്കിലും മരിക്കുമ്പോൾ ഞങ്ങൾ വീട്ടിൽ ഇരുന്നോളാം". അവർ ബാറുകൾ, റെസ്റ്റോറൻ്റുകൾ, ഡാൻസ് ക്ലബ് തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ള അവരുടെ നിത്യ സന്ദർശനം മുടക്കിയില്ല. സത്യത്തിൽ അവരുടെ ശീലങ്ങളിൽ നിന്ന് വ്യതിചലിക്കാൻ അവർക്ക് മനസ്സുവന്നില്ല.
ജനങ്ങളുടെ "ഈസി മനോഭാവം" ഗവൺമെൻ്റിനെ കൊണ്ട് കടുത്ത നടപടികൾ എടുക്കാൻ പ്രേരിപ്പിച്ചു. മാർച്ച് 9ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജുസേപ്പേ കോന്തേ നടത്തിയ പത്രസമ്മേളനത്തിൽ ഇറ്റലി മുഴുവൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നോർത്ത് ഇറ്റലിയിൽ നിന്ന് സൗത്ത്, സെൻട്രൽ ഇറ്റലിയിലേക്ക് കൊറോണ കൂടുതൽ വ്യാപിക്കുന്നത് തടയുക എന്നതയിരുന്നു ലക്ഷ്യം. ഏപ്രിൽ മൂന്നുവരെ രാജ്യം മുഴുവൻ എല്ലാ പൊതുപരിപാടിക്കും യാത്രകൾക്കും വിലക്ക് ഏർപ്പെടുത്തി. സ്കൂളുകൾ, കോളേജുകൾ, റെസ്റ്റോറൻ്റുകൾ, ബാറുകൾ മറ്റ് വ്യവസായ സ്ഥാപനങ്ങൾ എല്ലാം അടച്ചു. ഫാർമസികളും സൂപ്പർ മാർക്കറ്റുകളും മാത്രം തുറക്കാൻ അനുവാദം നൽകി. ഒഴിച്ച് കൂടാനാവാത്ത ജോലികൾക്കും, ചികിത്സ സംബന്ധമായ കാര്യങ്ങൾക്കും, അവശ്യസാധനങ്ങൾ വാങ്ങാനും അല്ലാതെ ആർക്കും വീടുകൾക്ക് പുറത്ത് ഇറങ്ങാൻ അനുവാദം ഇല്ല.
ഒരു ടൗണിൽ നിന്ന് മറ്റൊരു ടൗണിലേക്കോ, ഒരു പഞ്ചായത്തിൽ നിന്ന് മറ്റൊരു പഞ്ചായത്തിലേക്കോ ആർക്കും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥ. എന്തെങ്കിലും കാരണത്താൽ യാത്ര ചെയ്യേണ്ടി വന്നാൽ കാരണം വ്യക്തമാക്കി കൊണ്ടുള്ള അധികാരികളുടെ സർട്ടിഫിക്കറ്റ് കാണിക്കാത്തവർക്ക് കൺട്രോളിന് നിൽക്കുന്ന പോലിസോ, പട്ടാളമോ പിടിച്ചാൽ നീയമലംഘനം നടത്തിയതായ് കാണുകയും മൂന്നു മാസത്തെ തടവും, 260 യൂറോ ഫൈനും കൊടുക്കേണ്ടിവരും. ഇത്രയെല്ലാം കർശന നിയമങ്ങൾ കൊണ്ടു വന്നിട്ടും 10 ദിവസത്തിനുള്ളിൽ 45000 ആൾക്കാർ നീയമലംഘനം നടത്തി. നൂറുകണക്കിന് ആൾക്കാർ ദിവസവും മരിക്കുമ്പോഴും പലരും ഗൗരവത്തോടെ ഈ സാഹചര്യത്തെ കാണുന്നില്ല എന്നത് എത്രയോ വേദനാജനകമാണ്.
ഇറ്റലി ഒരു സമ്പന്ന രാജ്യമാണ് അതിനാൽ ഇറ്റലിയിൽ നല്ല ചികിത്സ കിട്ടില്ലയോ എന്ന് പലരും ചോദിക്കാറുണ്ട്. പതിനഞ്ച് വർഷം മുമ്പുള്ള ഇറ്റലിയിലെ അവസ്ഥയല്ല ഇന്നത്തെ ഇറ്റലി. സ്ഥിരതയില്ലാത്ത ഗവൺമെൻ്റ് ഒരു വശത്ത്. മറുവശത്ത് കടുത്ത സാമ്പത്തിക മാന്ദ്യത്തിൽ കൂടിയാണ് ഈ രാജ്യം കടന്നു പോകുന്നത്. ഇറ്റലിയിലെ ഭരണാധികാരികൾ അവർക്ക് ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്. ആരോഗ്യപരിപാലന രംഗത്തേക്ക് ഇരുപതിനായിരം പുതിയ ആൾക്കാരെ എടുത്തു. കുടുംബങ്ങൾക്കു വേണ്ടി നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. നമ്മുടെ നാട്ടിലെ പോലെ മുക്കിലും മൂലയിലും ഇവിടെ ആശുപത്രികൾ ഇല്ല.
നോർത്ത് ഇറ്റലിയിലെ ഒരു ആശുപത്രിയിലും സ്ഥലം തികയാതെ വന്നപ്പോൾ സൗത്ത് ഇറ്റലിയിലെ ആശുപത്രികളിലോട്ട് രോഗികളെ മാറ്റിയിട്ടും സ്ഥലം തികയാഞ്ഞിട്ട് ടൗണുകളിലെ പാർക്കിങ്ങ് ഏരിയയിൽ പട്ടാളക്കാരുടെ ക്യാമ്പുകൾ പോലെ ടെൻറുകൾ കെട്ടിയാണ് താല്ക്കാലിക ആശുപത്രികൾ നിർമ്മിക്കുന്നത്. പലയിടത്തും ഒരു രോഗിയെയും പുതിയതായ് ആശുപത്രികളിൽ പ്രവേശിപ്പിക്കാൻ സാധിക്കുന്നില്ല. രക്ഷപെടാൻ സാധ്യതയുള്ളവർ മാത്രമാണ് ഇപ്പോൾ ആശുപത്രികളിലേക്ക് സ്വീകരിക്കുന്നത്. മറ്റുള്ളവരോട് വീടുകളിൽ തന്നെ കഴിയുവാൻ ആണ് അധികാരികൾ നിർദ്ദേശിക്കുന്നത്.
ഭയാനകമായ ഒരു നിശബ്ദതയ്ക്കു ശേഷം സുനാമി ആഞ്ഞടിക്കുന്നതു പോലെ 20 ദിവസം കൊണ്ട് ഇറ്റലിയുടെ മിക്ക സ്ഥലങ്ങളിലും കൊറോണ പടർന്നു പിടിച്ചു. അതിന് പ്രധാന കാരണം ഈ ജനതയുടെ നിസംഗത മനോഭാവവും ശ്രദ്ധയില്ലായ്മയും ആണ്. 2020 ഫെബ്രുവരി 21 - ന് ഇറ്റലിയിൽ ഒരാൾക്കായിരുന്നു കൊറോണ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് മാർച്ച് 19 -ന് ഒരു മാസം പോലും തികയുന്നതിന് മുമ്പ് ഇവിടെ 35000 - ൽ അധികം ആൾക്കാർക്ക് കൊറോണ സ്ഥിരീകരിച്ചു. വെറും ഒന്നരലക്ഷം പേരെ ടെസ്റ്റ് ചെയ്തപ്പോൾ 35000 പേർക്ക് കൊറോണയുണ്ട്. 3000 - ൽ കുടുതൽ ആൾക്കാർ മരണമടഞ്ഞു. ഇനിയും ടെസ്റ്റ് ചെയ്യാൻ ലക്ഷക്കണക്കിന് ആൾക്കാർ ഉണ്ട്. ഗവൺമെൻറ് പുറത്തുവിട്ടതിനെ കാട്ടിലും കൂടുതലാണ് മരിച്ചവരുടെയും രോഗം ബാധിച്ചവരുടെയും, രോഗികളുടെയും എണ്ണം.
ബേർഗമോ, ബേർഷ എന്നീ ടൗണുകളിൽ ഓരോ ദിവസവും നൂറുകണക്കിന് ആൾക്കാരാണ് മരിച്ചു വീഴുന്നുത്. ഓരോ ഭവനങ്ങളിലും രോഗം ബാധിച്ചവരോ മരിച്ചവരോ ഉണ്ട്. ചില ഭവനങ്ങളിൽ രണ്ടും മൂന്നും ആൾക്കാർ മരിച്ചതിൻ്റെ വേദന താങ്ങാനാവാതെ തളർന്നിരിക്കുന്നവർ. സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ ബോഡികൾ മറ്റ് സ്ഥലങ്ങളിൽ കൊണ്ട് ക്രമേഷൻ (ദഹനം) നടത്താനായ് കൊണ്ടുപോകുന്ന പട്ടാള ട്രക്കുകളുടെ നീണ്ട നിര ആരെയും കരയിപ്പിക്കുന്നതാണ്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ ഒരുനോക്കു കാണാൻ പോലും സാധിക്കാതെ വിഷമിക്കുന്ന ബന്ധുജനങ്ങൾ.. ഏതാനും ആഴ്ചകൾ മുമ്പുവരെ കൊറോണ വൈറസ് പ്രായമായവരെ മാത്രം ബാധിക്കുന്ന അസുഖമാണ് എന്നു പറഞ്ഞു ലാഘവത്തോടെ ജീവിച്ച യുവജനങ്ങൾ ഇന്ന് മരണമടയുകയും ആശുപത്രി കയറിയിറങ്ങുകയും ചെയ്യുന്ന കാഴ്ച.
ഇന്നലെ ജർമൻ ചാൻസലർ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറയുകയുണ്ടായി: "നമ്മൾ രണ്ടാം ലോകമഹായുദ്ധകാലത്തെ കാട്ടിലും മോശമായ ഒരു അവസ്ഥയിൽ കൂടിയാണ് കടന്നുപോകുന്നത്". ഇന്ത്യയിലുള്ള എൻ്റെ പ്രിയപ്പെട്ട സഹോദരങ്ങളോട് എനിക്ക് പറയുവാനുള്ളത് ഇതുമാത്രമാണ്... ട്രോളുകളും, പൊങ്കാലയിടലും മാറ്റി വച്ച്, സ്വന്തം കുടുംബത്തിൻ്റെയും, രാജ്യത്തിൻ്റെയും സുരക്ഷയ്ക്കുവേണ്ടി യത്നിക്കാം... ബിവറേജകളുടെ മുമ്പിലെ ക്യൂ ഒഴിവാക്കിയില്ലെങ്കിൽ മദ്യത്തോടുള്ള ഭ്രമം സ്വന്തം ഭവനത്തിൻ്റെ അടിത്തറ തന്നെ ഇളക്കും ഒപ്പം കേരളത്തിൻ്റെയും... വിദേശികളെയും വിദേശത്തു നിന്നു വരുന്ന പ്രവാസികളെയും. വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക... സൂക്ഷിച്ചില്ലെങ്കിൽ ചിലപ്പോൾ നാളെ നമ്മുടെ അവസ്ഥയും ഇറ്റലിയിലെ പോലെയായിരിക്കും.
ആരെയും കുറ്റപ്പെടുത്തിക്കൊണ്ട് ഇരിക്കാനുള്ള സമയം അല്ല ഇത്. മെത്രാൻമാരും, വൈദീകരും, സന്യസ്തരും രാജ്യത്തിൻ്റെ നന്മയ്ക്കും വിശ്വാസികളുടെ സുരക്ഷയ്ക്കും പ്രാധാന്യം നൽകാൻ കടപ്പെട്ടവരാണ്. ക്രിസ്തുവിൻ്റെ കാലത്തും കുഷ്ഠരോഗികളെ സമൂഹത്തിൽ നിന്ന് മാറ്റിയാണ് പാർപ്പിച്ചിരുന്നത്. സമൂഹത്തിൻ്റെ നിയമം അനുസരിക്കാനും, ബഹുമാനിക്കാനും ക്രിസ്തുവും ശ്രദ്ധിച്ചിരുന്നു. ഏതെങ്കിലും ഒരു കുഷ്ഠരോഗി ഉറച്ച വിശ്വാസത്തോടെ ക്രിസ്തുവിനെ തേടിചെന്നപ്പോൾ മാത്രമാണ് അവൻ അവർക്കായ് അത്ഭുതം പ്രവർത്തിച്ചത്.
കൊറോണ വൈറസ് പടരാതിരിക്കാൻ നാം ഓരോരുത്തരും പരിശ്രമിച്ചാൽ മാത്രമെ സാധിക്കൂ. ഗവൺമെൻ്റ് പുറപ്പെടുവിക്കുന്ന നിയമങ്ങൾ വള്ളി പുള്ളി വിടാതെ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുക. കൂട്ടം കൂടിയുള്ള പരിപാടികൾ ഉപേക്ഷിച്ച് അവനവൻ്റെ ഭവനങ്ങളിലെ സുരക്ഷിതത്ത്വങ്ങളിലേക്ക് ഉൾവലിയുക. ഒരിക്കൽ എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് ഞാൻ യാത്ര ചെയ്യുമ്പോൾ വഴിയരികിൽ വച്ചിരിക്കുന്ന ഒരു ബോർഡ് ശ്രദ്ധയിൽ പെട്ടു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: "ശ്രദ്ധ മരിക്കുമ്പോൾ മരണം ജനിക്കുന്നു". നമ്മുടെ ശ്രദ്ധയില്ലായ്മ മൂലം ആരുടെയും ജീവൻ നഷ്ടമാകരുത്. പ്രത്യേകിച്ച് നമ്മുടെ പ്രിയപ്പെട്ടവരുടെ, അപരൻ്റെ ജീവൻ്റെ കാവൽക്കാർ ആകാൻ പരിശ്രമിക്കാം.
ദേവാലയങ്ങൾ, തീർഥാടനകേന്ദ്രങ്ങൾ, ധ്യാനകേന്ദ്രങ്ങൾ എല്ലാം അടഞ്ഞു കിടന്നാലും വിഷമിക്കരുത്. ഒരു ദേവാലയത്തിൽ അല്ലെങ്കിൽ ഒരു തീർത്ഥാടന സ്ഥലത്ത് മാത്രം നിറഞ്ഞു നിൽക്കുന്നവനാണോ സർവ്വശക്തനായ ദൈവം? വി. കുർബാനയിൽ എന്നതുപോലെ ദൈവ വചനത്തിലും ക്രിസ്തുവിൻ്റെ സാന്നിധ്യം ഉണ്ട്. ദേവാലയങ്ങളുടെയും തീർത്ഥാടന സ്ഥലങ്ങളുടെയും വാതിലുകൾ അടഞ്ഞുകിടന്നാലും ഒരു വിശ്വാസിയുടെ ഹൃദയത്തിന്റെ വാതിലുകൾ കൊട്ടി അടയ്ക്കാൻ ലോകത്തിലുള്ള ഒരു ശക്തിക്കുമാവില്ല.
ദൈവവചനം വായിച്ചും, കൊന്ത ചൊല്ലിയും ആദിമ ക്രൈസ്തവരെ പോലെ നമ്മുടെ വീടുകളുടെ അകത്തളങ്ങൾ ദേവാലയങ്ങളാക്കിമാറ്റാം. ഹൃദയം നുറുങ്ങിയുള്ള ഒരു നെടുവീർപ്പ് പോലും ദൈവസന്നിധിയിൽ ഒരു വലിയ പ്രാർത്ഥനയാണ്. രോഗത്തിന്റെയും മരണത്തിന്റെയും ഭീതിയിൽ കഴിയുന്ന അനേകം സഹോദരങ്ങൾക്ക് വേണ്ടിയും, അവരുടെ ജീവൻ പിടിച്ച് നിർത്താൻ രാപകൽ അധ്വാനിക്കുന്ന ഡോക്ടർസിനും നേഴ്സുമാർക്കും വേണ്ടിയും നിരന്തരം നമ്മുടെ ഓരോരുത്തരുടെയും പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് ഉയർത്താം.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/I8UmB3vuHF256zP0NhmARq}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |