category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവനെതിരെയുള്ള ഗുരുതരമായ തിന്മകളെ നാം ചെറുക്കണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി
Contentകൊച്ചി: ഗര്‍ഭഛിദ്രം, ആത്മഹത്യ, കൊലപാതകം, ദയാവധം എന്നിങ്ങനെയുള്ള തിന്മകള്‍ ലോകത്ത് പടര്‍ന്ന് കൊണ്ടിരിക്കുന്ന സമയമാണെന്നും ജീവനെതിരെയുള്ള ഗുരുതരമായ ഇത്തരം തിന്മകളെ നാം ചെറുക്കണമെന്നും കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷെക്കീന ചാനലിലും, സമൂഹമാദ്ധ്യമങ്ങളിലും പ്രക്ഷേപണം ചെയ്യുവാനായി അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനമദ്ധ്യേ നടത്തിയ സുവിശേഷ പ്രസംഗത്തിലാണ് കര്‍ദ്ദിനാളിന്റെ ഓര്‍മ്മപ്പെടുത്തല്‍. എത്രകടുത്ത കുറ്റകൃത്യമാണെങ്കിലും മരണശിക്ഷ അതിന് ഒരു പരിഹാരമാകുമോ എന്ന ചോദ്യം സമൂഹത്തില്‍ ഉയരുന്നുണ്ടെന്നും സഭ ഒരിക്കലും വധശിക്ഷയ്ക്ക് അനുകൂലമല്ലായെന്നും അദ്ദേഹം പറഞ്ഞു. #{black->none->b->പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ‍}# നോമ്പുകാലത്തിലെ അഞ്ചാമത്തെ ഞായറാഴ്ചയാണ് ഇന്ന്. ഇന്നത്തെ സുവിശേഷത്തില്‍ ജീവനെപ്പറ്റിയാണ് കര്‍ത്താവായ ഈശോ നമ്മോട് സംസാരിക്കുന്നത്. കൂടാരത്തിരുനാളിന്റെ ഏഴാം ദിവസം കര്‍ത്താവ് അരുളിചെയ്ത വാക്കുകളാണ് നാം കേട്ടത്. അവിടുന്ന് പറയുന്നു: 'ആര്‍ക്കെങ്കിലും ദാഹിക്കുന്നെങ്കില്‍ അവന്‍ എന്റെയടുക്കല്‍ വന്ന് കുടിക്കട്ടെ. എന്നില്‍ വിശ്വസിക്കുന്നവന്റെ ഹൃദയത്തില്‍ നിന്ന് ജീവജലത്തിന്റെ അരുവികള്‍ ഒഴുകും'. തന്നില്‍ വിശ്വസിക്കുന്നവര്‍ സ്വീകരിക്കാനിരുന്ന പരിശുദ്ധാത്മാവിനെപ്പറ്റിയാണ് ഈശോ ഇത് പറഞ്ഞതെന്നും യോഹന്നാന്‍ സുവിശേഷകന്‍ രേഖപ്പെടുത്തുന്നു. പിന്നീടുള്ള വചനങ്ങളില്‍ ഈശോ പറയുന്നു: 'ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്, എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല, അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും'. പിന്നീട്, താന്‍ പറയുന്ന കാര്യങ്ങള്‍ തന്നോടൊപ്പം ദൈവമായ പിതാവും സാക്ഷ്യപ്പെടുത്തുന്നതാണെന്ന് ഈശോ പറയുന്നു. ഈശോ നമുക്ക് ജീവന്റെ പ്രകാശമാണ്. റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ ക്രിസ്തുവിലുള്ള നവജീവിതത്തെക്കുറിച്ചാണ് നാം കേട്ടത്. നാമാരും നമുക്കുവേണ്ടിത്തന്നെ ജീവിക്കാതെ നമ്മുടെ ജീവിതങ്ങളെ മറ്റുള്ളവര്‍ക്കുവേണ്ടി ബലിയായി സമര്‍പ്പിക്കണം എന്ന പ്രബോധനമാണ് പൗലോസ് ശ്ലീഹാ റോമാക്കാര്‍ക്ക് നല്‍കുന്നത്. ക്രിസ്തുവിലുള്ള നമ്മുടെ ജീവിതത്തെക്കുറിച്ച് റോമാക്കാര്‍ക്കുള്ള ലേഖനത്തില്‍ പന്ത്രണ്ടാമദ്ധ്യായത്തിലെ അതിമനോഹരമായ വിവരണ ത്തിലാണ് പൗലോസ് ഇത് പറയുന്നത്. പഴയനിയമത്തില്‍ നിന്ന് രണ്ട് വായനകള്‍ നാം ശ്രവിച്ചു. ജോഷ്വായുടെ പുസ്തകം ഒമ്പതാം അധ്യായത്തില്‍ ഇസ്രായേല്‍ ജനത്തെ കബളിപ്പിച്ച് അവരുമായി ഉടമ്പടി ചെയ്ത ഗിബയോണ്‍കാരോട് അവരുടെ കാപട്യം മനസ്സിലാക്കിയിട്ടും കാരുണ്യം കാണിക്കുന്ന ജോഷ്വായെ നാം കണ്ടെത്തുന്നു. ഇസ്രായേല്‍ക്കാരുടെ ബലിയര്‍പ്പണത്തിന് ക്ഷാളനജലവും വിറകും ശേഖരിക്കുന്ന ജോലി അവന്‍ അവര്‍ക്കു കൊടുത്തു. ആദ്യവായനയില്‍ ഹാഗാറിനെ ആശ്വസിപ്പിക്കുന്ന ദൈവത്തെ നാം കാണുന്നു. സാറായിയുടെ അനുമതിപ്രകാരമാണ് അബ്രാം ഹാഗാറിനെ പ്രാപിക്കുന്നതും അവള്‍ ഗര്‍ഭിണിയായതും. എന്നാല്‍ അതുകഴിഞ്ഞപ്പോള്‍ ചിത്രം മാറി. ഹാഗാര്‍ സാറായിയെ നിന്ദിക്കാന്‍ തുടങ്ങി. ദാസിയായ ഹാഗാറിനോട് സാറായിയും മോശമായി പെരുമാറി. അതില്‍ പ്രകോപിതയായ ഹാഗാര്‍ മരൂഭൂമിയിലേയ്ക്കു ഓടിപ്പോയി. അവിടെയാണ് ദൈവം ഇടപെടുന്നത്. അവളില്‍ നിന്ന് പിറക്കുന്ന ഇസ്മായേലിലൂടെ ഒരു ജനത ഉണ്ടാകുമെന്ന് ദൈവം ഹാഗാറിന് ഉറപ്പുനല്‍കുന്നു. പിന്നീട് ഹാഗാറിന് ഇസ്മയേല്‍ ജനിക്കുന്നതും ദൈവം അബ്രാഹത്തിന് സാറായില്‍ത്തന്നെ വാഗ്ദാനപുത്രനായ ഇസഹാക്കിനെ നല്‍കുന്നതും ഉല്‍പ്പത്തിപുസ്തകത്തില്‍ വിവരിക്കുന്നുണ്ടല്ലോ. ഇന്നത്തെ തിരുവചനങ്ങളിലുടനീളം ജീവന്‍ നല്കുന്ന ദൈവത്തിന്റെ പ്രവര്‍ത്തനം നാം കാണുന്നു. എല്ലാ ജീവനും ദൈവത്തില്‍ നിന്ന് പുറപ്പെടുന്നതാണ്. ജീവനെ നാല് തലത്തില്‍ കാണാം: സസ്യജീവന്‍, മൃഗങ്ങളുടെ ജീവന്‍, മനുഷ്യജീവന്‍, ദൈവികജീവന്‍. സസ്യജീവനും മൃഗങ്ങളുടെ ജീവനും ദൈവം പ്രകൃതിയില്‍ നിശ്ചയിച്ചിരിക്കുന്ന ക്രമമനുസരിച്ച് ഉല്‍ഭവിക്കുന്നു, പുരോഗമിക്കുന്നു, അവസാനിക്കുന്നു. മനുഷ്യജീവനാകട്ടെ, ദൈവത്തിന്റെ ജീവനില്‍ പങ്കാളിത്തമുള്ളതാണ്. ഓരോ മനുഷ്യനും അവിടുത്തെ ഛായയിലും സാദൃശ്യത്തിലുമാണ് സൃഷ്ടിക്കപ്പെടുന്നത്. വി. പൗലോസ്ശ്ലീഹാ അരിയോപ്പാഗസ്സിലെ പ്രസംഗത്തില്‍ പറയുന്നു: 'ദൈവത്തില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു'. മാമ്മോദീസായിലൂടെ ഒരു മനുഷ്യനില്‍ ആരംഭിക്കുന്ന ദൈവികജീവന്‍ വിശുദ്ധ കുര്‍ബാനയിലൂടെയും മറ്റ് കൂദാശകളുടെ സ്വീകരണത്തിലൂടെയും ദൈവവചനത്തിലൂടെയും പരിപോഷിപ്പിക്കപ്പെടുന്നു. ഇപ്രകാരം വളര്‍ച്ച പ്രാപിച്ച മനുഷ്യന്‍ മരണത്തിലൂടെ ദൈവിക സൗഭാഗ്യത്തിലേയ്ക്ക് പ്രവേശിക്കുന്നു. പ്രിയമുള്ളവരേ, ദൈവികജീവനാല്‍ പരിപുഷ്ടമാക്കപ്പെട്ട മനുഷ്യജീവനോടുകൂടി ജീവിക്കാന്‍ ഭാഗ്യം ലഭിച്ചവരാണ് ക്രൈസ്തവരായ നമ്മള്‍. മനുഷ്യജീവന്റെ മൂല്യം നാം മുറുകെപ്പിടിക്കേണ്ട ഒരു കാലമാണിത്. അതിനെതിരെയുള്ള ആക്രമണങ്ങള്‍ ഗര്‍ഭശ്ചിദ്രമായും ആത്മഹത്യ, കൊലപാതകം, ദയാവധം എന്നിങ്ങനെയുള്ള തിന്മകളായും ലോകത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്. അടുത്തയിടെ, ആറ് മാസംപ്രായമായ ഗര്‍ഭസ്ഥശിശുവിനെപോലും നശിപ്പിക്കുന്നതിനുള്ള അനുവാദം നമ്മുടെ രാജ്യത്തുതന്നെ നിയമംമൂലം നല്‍കിയിരിക്കുന്നു. ജീവനെതിരെയുള്ള ഗുരുതരമായ തിന്മകളെ നാം ചെറുക്കണം. ഇവയ്‌ക്കെതിരെ സമൂഹമനഃസാക്ഷിയെ തട്ടിയുണര്‍ത്തി ജീവന്റെ മൂല്യം സംരക്ഷിക്കുവാന്‍ നമുക്ക് ഉത്തരവാദിത്വമുണ്ട്. എത്രകടുത്ത കുറ്റകൃത്യമാണെങ്കിലും മരണശിക്ഷ അതിന് ഒരു പരിഹാരമാകുമോ എന്ന ചോദ്യവും സമൂഹത്തില്‍ ഉയരുന്നുണ്ട്. സഭ ഒരിക്കലും വധശിക്ഷയ്ക്ക് അനുകൂലമല്ല. പ്രിയമുള്ളവരേ, ഇത് നോമ്പൂകാലമാണല്ലോ. നമ്മുടെ കര്‍ത്താവീശോമിശിഹാ സഹനത്തിലൂടെയും മരണത്തിലൂടെയും കടന്ന് ഉയിര്‍ത്തെഴുന്നേറ്റവനാണ്. അവിടുന്ന് ഇന്നും ജീവിക്കുന്നു. അവിടുത്തെ സാന്നിധ്യം ഇന്നും നമ്മുടെ കൂടെയുണ്ട്. കൊറോണ ബാധയാല്‍ മനുഷ്യസമൂഹത്തിന്റെ മുഴുവന്‍ ഹൃദയം തകര്‍ന്നിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ നമ്മുടെ സഹനങ്ങളെയും മരണത്തെയും നമുക്ക് കര്‍ത്താവില്‍ സമര്‍പ്പിക്കാം. അവിടുത്തോടൊപ്പം ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ അനുഭവം വ്യക്തിപരമായും സമൂഹമായും നമുക്ക് ലഭിക്കുവാന്‍ കാരുണ്യവാനായ കര്‍ത്താവിനോട് നമുക്ക് പ്രാര്‍ത്ഥിക്കാം. ദൈവത്തിലുള്ള ആഴമായ വിശ്വാസവും സഹോദരങ്ങളോടുള്ള സ്‌നേഹവും കരുണാര്‍ദ്രമായ കൂട്ടായ്മയും പ്രകാശിതമാകേണ്ട സന്ദര്‍ഭമാണിത്. ഈ കൊറോണബാധയുടെ അവസരത്തിലും അതിനുശേഷവും ഉണ്ടാകാവുന്ന എല്ലാ ദുരിതങ്ങളിലും ക്ലേശങ്ങളിലും നമുക്ക് പരസ്പരം കൈകോര്‍ക്കാം. ഇന്നലെയും മുഖ്യമന്ത്രി കര്‍ശനമായ നിയന്ത്രണങ്ങള്‍ അറിയിച്ചുവല്ലോ. നമ്മുടെ സര്‍ക്കാരുകള്‍ നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളോടും നമുക്ക് സര്‍വാത്മനാ സഹകരിക്കാം. നമ്മുടെ ഡോക്ടര്‍മാര്‍ക്കും നേഴ്‌സ്മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും നമ്മുടെ അഭിനന്ദനങ്ങള്‍ അര്‍പ്പിക്കാം. പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ ഈയിടെ പങ്കുവച്ച ഒരു നിരീക്ഷണം ഇവിടെ ഞാന്‍ പറഞ്ഞുകൊള്ളട്ടെ. 'ഒരു നദിയും അതിന്റെ വെള്ളം കുടിക്കുന്നില്ല; ഒരു വൃക്ഷവും അതിന്റെ ഫലം തിന്നുന്നില്ല; സൂര്യന്‍ അതിന്മേല്‍ത്തന്നെ പ്രകാശിക്കുന്നില്ല; പുഷ്പങ്ങള്‍ അതിന്റെ സുഗന്ധം അവയ്ക്കുവേണ്ടിത്തന്നെ പരത്തുന്നില്ല. നാമെല്ലാവരും പരസ്പരം സഹായിക്കാന്‍ സൃഷ്ടിക്ക പ്പെട്ടിട്ടുള്ളവരാണ്. അതെത്രതന്നെ പ്രയാസകരമായിക്കൊള്ളട്ടെ, നാം സന്തോഷത്തിലാകുമ്പോള്‍ ജീവിതം നമുക്ക് നല്ലതാണ്. എന്നാല്‍ നമ്മള്‍ വഴി മറ്റുള്ളവര്‍ സന്തോഷത്തിലാകുമ്പോള്‍ നമ്മുടെ ജീവിതം കൂടുതല്‍ നല്ലതായിരിക്കും'. പ്രിയമുള്ളവരേ, കൊറോണ ബാധയാല്‍ നാമെല്ലാവരും പലവിധത്തില്‍ ക്ലേശിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങള്‍ക്കു വേണ്ടി ഞാന്‍ നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ദുഃഖങ്ങള്‍ സന്തോഷമായി മാറും. ജീവന്റെ പ്രകാശമായ മിശിഹാ നമ്മിലൂടെ പ്രകാശിക്കും. ദൈവത്തിലാശ്രയിച്ച് സ്‌നേഹത്തിന്റെ കൂട്ടായ്മയില്‍ ഈ മഹാമാരിയെ നമുക്ക് അതിജീവിക്കാം. കാരുണ്യവാനായ കര്‍ത്താവ് നമ്മെ ശക്തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യട്ടെ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-22 14:51:00
Keywordsആലഞ്ചേ
Created Date2020-03-22 14:54:14