category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപൊതു പാപമോചന ശുശ്രൂഷ പ്രഖ്യാപിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത
Contentതിരുവനന്തപുരം: പകര്‍ച്ചവ്യാധി, അപകടം, ആസന്ന മരണം വൈദികരുടെ ദൗര്‍ലഭ്യം തുടങ്ങിയ അസാധാരണ അവസരങ്ങളില്‍ വേണ്ട മുന്‍കരുതലുകളോടെ സഭയില്‍ നല്‍കുന്ന പൊതു പാപമോചന ശുശ്രൂഷ പ്രഖ്യാപിച്ച് തിരുവനന്തപുരം ലത്തീന്‍ അതിരൂപത. ഇത്തരം അവസ്ഥകള്‍ സംജാതമാകുമ്പോള്‍ അതതു രൂപതാധ്യക്ഷനാണ് തീരുമാനമെടുക്കുന്നത്. ഓരോ പ്രദേശത്തിന്റെയും സാഹചര്യങ്ങളെ വിലയിരുത്തി തിരുവനന്തപുരം ലത്തീന്‍ അതിരൂപതയില്‍ നോമ്പുകാലത്ത് മറ്റൊരു മുന്നറിയിപ്പുവരുന്നതുവരെ വികാരിയച്ചന്മാര്‍ക്ക് പൊതു പാപമോചന ശുശ്രൂഷ നല്‍കാവുന്നതാണെന്ന് അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് എം സൂസപാക്യം പ്രസ്താവനയില്‍ അറിയിച്ചു. #{blue->none->b->ഇത് സംബന്ധിച്ചു ആര്‍ച്ച് ബിഷപ്പ് പുറപ്പെടുവിച്ച സര്‍ക്കുലറിന്റെ പൂര്‍ണ്ണരൂപം }# രണ്ടാം വത്തിക്കാന്‍ സുനഹദോസിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് 1973-ല്‍ പോള്‍ ആറാമന്‍ പാപ്പാ അനുതാപ ശുശ്രൂഷാ ക്രമം (Rite of Penance) പുറപ്പെടുവിച്ചു. ഈ ക്രമമനുസരിച്ച് ദൈവവുമായി വിശ്വാസികള്‍ക്ക് രമ്യതപ്പെടാനുള്ള സാധാരണ മാര്‍ഗ്ഗം വ്യക്തിഗത കുമ്പസാരമാണ്. പകര്‍ച്ചവ്യാധി, അപകടം, ആസന്ന മരണം വൈദികരുടെ ദൗര്‍ലഭ്യം തുടങ്ങിയ അസാധാരണ അവസരങ്ങളില്‍ വേണ്ട മുന്‍കരുതലുകളോടെയും രൂപതാദ്ധ്യക്ഷന്റെ അനുവാദത്തോടുകൂടി പൊതു പാപമോചനവും സഭ അനുവദിക്കുന്നുണ്ട്. ഇപ്രകാരമൊരു അവസ്ഥാവിശേഷമാണ് കൊറോണ വൈറസിന്റെ വ്യാപനത്തിലൂടെ ഇന്നു സംജാതമായിരിക്കുന്നത് എന്ന് നാം വിലയിരുത്തുന്നു. ഓരോ പ്രദേശത്തിന്റെയും സാഹചര്യങ്ങളെ വിലയിരുത്തി നമ്മുടെ അതിരൂപതയില്‍ ഈ നോമ്പുകാലത്ത് മറ്റൊരു മുന്നറിയിപ്പുവരുന്നതുവരെ വികാരിയച്ചന്മാര്‍ക്ക് പൊതു പാപമോചന ശുശ്രൂഷ നല്‍കാവുന്നതാണ്. #{black->none->b->പൊതുപാപമോചനം നല്‍കുന്ന ക്രമം ‍}# ➧ പൊതു പാപമോചനമെന്താണെന്ന് വൈദികന്‍ ജനങ്ങള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നു. ➧ ഉചിതമായ ദൈവവചനഭാഗം വായിച്ച് ഹൃസ്വമായ വിചിന്തനം നല്‍കുന്നു. ➧ അനുതാപികള്‍ പാപങ്ങള്‍ ഓര്‍ക്കുകയും അവയെക്കുറിച്ച് പശ്ചാത്തപിക്കുകയും പാപബോധമുളവാക്കുകയും മേലില്‍ ഇവ ആവര്‍ത്തിക്കാതിരിക്കാന്‍ തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്നു. (ആത്മാര്‍ത്ഥമായ ഈ ഒരുക്കം കൂദാശ സ്വീകരിക്കുവാന്‍ അത്യാവശ്യമാണ്). ➧ അനുതാപികള്‍ കുമ്പസാര ജപം (സര്‍വ്വശക്തനായ ദൈവത്തോടും…) ചൊല്ലുന്നു. ➧ വൈദികന്‍ അനുതാപികള്‍ക്ക് ഓരോരുത്തരും വ്യക്തിഗതമായി ചെയ്യേണ്ട പ്രായശ്ചിത്തം പൊതുവായി നിര്‍ദ്ദേശിച്ച ശേഷം പാപമോചനം നല്‍കുന്നു. ➧ അല്പനേരം വൈദികന്‍ അനുതാപികളോടൊപ്പം ദൈവത്തിനു നന്ദിയര്‍പ്പിക്കുകയും അവര്‍ക്ക് സമാപനാശീര്‍വാദം നല്‍കുകയും ചെയ്യുന്നു. #{black->none->b->പ്രത്യേക ശ്രദ്ധയ്ക്ക് ‍}# ➧ മാരകമായ പാപാവസ്ഥയില്‍ പൊതുപാപമോചനം സ്വീകരിച്ചവര്‍ എത്രയും വേഗം വ്യക്തിഗത കുമ്പസാരം നടത്തേണ്ടതാണ്. (ഒരു വര്‍ഷത്തിനുള്ളിലെങ്കിലും അവര്‍ വ്യക്തിഗത കുമ്പസാരം നടത്തിയിരിക്കണം). ➧ രൂപതാദ്ധ്യക്ഷനു മാത്രമേ ചില പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പൊതുപാപമോചന ശുശ്രൂഷ പ്രഖ്യാപിക്കാനുള്ള അധികാരമുള്ളൂ. ഏതെങ്കിലും അസാധാരണ സാഹചര്യങ്ങളില്‍ പൊതുപാപമോചനം നല്‍കാന്‍ വൈദികര്‍ ആഗ്രഹിക്കുകയാണെങ്കില്‍ രൂപതാദ്ധ്യക്ഷന്റെ മുന്‍കൂറുള്ള അനുവാദം തേടിയിരിക്കണം. ➧ സാധാരണ സാഹചര്യങ്ങളില്‍ വ്യക്തിഗതകുമ്പസാരത്തിന് ധാരാളം വിശ്വാസികള്‍ സമ്മേളിച്ചിരിക്കുന്നു എന്ന കാരണത്താല്‍ പൊതുപാപമോചനം നല്‍കാന്‍ പാടുള്ളതല്ല. ➧ ഈ നോമ്പുകാലത്ത് ആള്‍ക്കൂട്ടം ഒഴിവാക്കാനായി ചെറിയ ഗ്രൂപ്പുകള്‍ക്കായി നിശ്ചിത ദിവസങ്ങളിലും സമയങ്ങളിലും പൊതുപാപമോചന ശുശ്രൂഷ നടത്തേണ്ടതാണ്. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}#  ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FWNbBQxP5pB8KaER9Ey5z7}}  ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-22 18:35:00
Keywordsകുമ്പസാ, അനുര
Created Date2020-03-22 18:37:11