Content | വത്തിക്കാൻ സിറ്റി: ആഗോള സമൂഹത്തെ അതിഭീകരമായ വിധത്തില്‍ ബാധിച്ചിരിക്കുന്ന കോവിഡ് 19 ഗുരുതരമായി പടരുന്ന പശ്ചാത്തലത്തില്‍ മാർച്ച് 25 ബുധനാഴ്ച പ്രത്യേക പ്രാർത്ഥനാ ദിനം ആചരിക്കാൻ ഫ്രാൻസിസ് പാപ്പ ലോകമെമ്പാടുമുള്ള ക്രൈസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തു. ഇന്നു അപ്പസ്‌തോലിക് ലൈബ്രറിയിൽ നടത്തിയ ത്രികാല ജപ പ്രാര്‍ത്ഥനയുടെ സമാപനത്തിലാണ് പാപ്പ ഇക്കാര്യം വിശ്വാസി സമൂഹത്തെ അറിയിച്ചത്. പരിശുദ്ധ കന്യകാമാതാവിനുള്ള ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്തയുടെ തിരുനാളായി ആഗോള സഭ ആചരിക്കുന്ന ദിവസമാണ് പ്രത്യേകം പ്രാര്‍ത്ഥന നടത്തുവാന്‍ പാപ്പ സമൂഹത്തോട് ആഹ്വാനം ചെയ്തത്. കൊറോണ എന്ന മഹാമാരിക്കു മുന്നിൽ മാനവരാശി ഭയചകിതരായിരിക്കുകയാണെന്നും ഈ അവസരത്തിൽ, ക്രൈസ്തവസമൂഹം ഒന്നുചേർന്ന് പ്രാർത്ഥനകൾ സ്വർഗത്തിലേക്ക് ഉയർത്തണമെന്നും പാപ്പ പറഞ്ഞു.
അതേസമയം ഉയിര്‍പ്പ്, ക്രിസ്മസ് തിരുനാളുകളിൽ മാത്രം നൽകുന്ന പ്രത്യേക സന്ദേശം 'ഉർബി ഏത് ഓർബി’ അഥവാ 'നാടിനും നഗരത്തിനും വേണ്ടി’ സന്ദേശം മാർച്ച് 27നു നല്‍കുമെന്നും പാപ്പ അറിയിച്ചിട്ടുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് ക്രിസ്തുമസ്, ഈസ്റ്റര്‍ കൂടാതെ 'ഉർബി ഏത് ഓർബി’ മറ്റ് അവസരങ്ങളില്‍ നല്‍കുന്നത്. മാർച്ച് 27 വൈകിട്ട് ആറ് മണിക്ക് നല്‍കുന്ന സന്ദേശം വത്തിക്കാനില്‍ നിന്ന്‍ വിവിധ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും. ഇക്കഴിഞ്ഞ ദിവസം കൊറോണാ രോഗ ബാധിതർക്കും അവരെ ശുശ്രൂഷിക്കുന്നവർക്കും പാപമോചനത്തെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കുന്ന വത്തിക്കാന്റെ അപ്പസ്തോലിക്ക് പെനിറ്റൻഷറി പ്രത്യേക ദണ്ഡ വിമോചനം പ്രഖ്യാപിച്ചിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FVyPTT8MjCb4673rHOXMQw}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |