Content | കോട്ടയം: കേരളത്തില്‍ ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച നടപടിയിൽ പട്ടിണിപ്പാവങ്ങൾക്ക് അന്നം മുടങ്ങരുതെന്ന ജാഗ്രതയോടെ ദേവാലയങ്ങൾ സജീവമാകുന്നു. എറണാകുളം തേവക്കൽ മാർട്ടൻ ഡി പോറസ് ദേവാലയം, കാടുകുറ്റി ഇന്‍ഫന്റ് ജീസസ് ദേവാലയം തുടങ്ങി നിരവധി ഇടവകകളാണ് അരക്ഷിതാവസ്ഥ നേരിട്ടുകൊണ്ടിരിക്കുന്ന ജന വിഭാഗത്തിന് സാന്ത്വനമാകുന്നത്. കാടുകുറ്റി പള്ളിയോട് ചേര്‍ന്നുള്ള പ്രീസ്റ്റ് ഹോമിന്റെ ഊണുമുറിയില്‍ അരിയും കടലയും പഞ്ചസാരയും പാത്രങ്ങളും ഒരുക്കിവെച്ചിരിക്കുകയാണ്. അരി മൂന്ന് പാത്രവും കടല രണ്ട് ഗ്ലാസും പഞ്ചസാര ഒരു കപ്പും എടുത്തു കൊള്ളുക എന്ന നോട്ടീസ് ഇവിടെ പതിച്ചിട്ടുണ്ട്.
'ആരുടെയെങ്കിലും വീട്ടില്‍ അരിയില്ലാത്തതിന്റെ പേരില്‍ വിശന്നിരിക്കരുത് എന്നു കരുതിയാണ് ഇങ്ങനെയൊരു കാര്യം ചെയ്തതെന്ന് ഇടവക വികാരി ഫാ.വര്‍ഗീസ് കണ്ണമ്പിള്ളി പറഞ്ഞു. പലര്‍ക്കും അഭിമാനബോധം കാരണം ചോദിക്കാന്‍ ബുദ്ധിമുട്ട് കാണും. അത്തരത്തില്‍ ആരും ബുദ്ധിമുട്ടരുത് എന്ന് കരുതിയാണ് ആവശ്യമുള്ളവര്‍ക്ക് എടുക്കാന്‍ സൗകര്യം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വൃക്കദാനം ചെയ്തു മാതൃകയായ വൈദികന്‍ കൂടിയാണ് ഫാ.വര്‍ഗീസ് കണ്ണമ്പിള്ളി.
നോട്ട് നിരോധനം നടപ്പാക്കിയ സമയത്ത് ജനങ്ങൾക്ക് കൈത്താങ്ങാകാൻ നേർച്ചപ്പെട്ടി തുറന്നിട്ടതിലൂടെ ശ്രദ്ധനേടിയ ദേവാലയമാണ് തേവക്കലിലെ സെന്റ് മാർട്ടിൻ ഇടവക. കോവിഡ് ജനജീവിതം സ്തംഭിപ്പിച്ച പശ്ചാത്തലത്തില്‍, ആവശ്യമായ സാധനങ്ങൾ അടച്ചിട്ട ദേവാലയത്തിന്റെ അടുത്തുതന്നെ ക്രമീകരിച്ചുകൊണ്ടാണ് ഇടവക കരുണയുടെ കരം നീട്ടുന്നത്. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളിന് സംഭാവനയായി ലഭിച്ച പണമാണ് സാധാരണക്കാരുടെ അന്നത്തിനായി മാറ്റിവെച്ചിരിക്കുന്നത്. അരി, പഞ്ചസാര, എണ്ണ,പയർ, പരിപ്പ് തുടങ്ങി അവശ്യസാധനങ്ങളെല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. ദൈവമക്കളുടെ ഭവനങ്ങളിൽ അടുപ്പിൽ തീ പുകയുന്നുണ്ടെന്നു വൈദികര്‍ ഉറപ്പാക്കണമെന്ന്‍ മാര്‍ തോമസ് തറയില്‍ ഇന്ന്‍ ഫേസ്ബുക്കില്‍ കുറിച്ചിരിന്നു. വരും ദിവസങ്ങളില്‍ രൂപത വ്യത്യാസമില്ലാതെ കൂടുതല്‍ ദേവാലയങ്ങള്‍ ബിഷപ്പിന്റെ ആഹ്വാനം ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HGq5aNPwkYMAHhdYJzOQI5}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |