Content | വത്തിക്കാൻ സിറ്റി: മഹാമാരി ലോകത്തെ ഭീതിയിലാഴ്ത്തുമ്പോള്‍ ലോകജനതയ്ക്ക് ആശ്വാസവും പ്രത്യാശയും പകർന്ന് ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് പാപ്പയുടെ വിശേഷാൽ ശ്ലൈഹീകാശീർവാദം. പതിവിൽനിന്ന് വിപരീതമായി വത്തിക്കാൻ ചത്വരം ശൂന്യമായിരുന്നെങ്കിലും ദശലക്ഷക്കണക്കിന് വിശ്വാസി സമൂഹമാണ് ടെലിവിഷന്‍ വഴിയും നവമാധ്യമങ്ങള്‍ വഴിയും ഫ്രാൻസിസ് പാപ്പ നൽകിയ വിശേഷാൽ ‘ഉർബി എത് ഓർബി’ ആശീർവാദം സ്വീകരിച്ചത്. വിശ്വാസികളുടെ പങ്കാളിത്തമല്ലാതെ നടക്കുന്ന ‘ഉർബി എത് ഓർബി’ സഭാ ചരിത്രത്തിലെ തന്നെ അപൂര്‍വ്വ സമയങ്ങളില്‍ ഒന്നായിരിന്നു.
മഹാമാരിയില്‍നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പാപ്പയുടെ പ്രാര്‍ത്ഥനായാമം ഇന്നലെ പ്രാദേശിക സമയം 6 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 10.30ന് തന്നെ ആരംഭിച്ചു. മഴപെയ്തൊഴിഞ്ഞ നിശബ്ദതയില്‍ ലയിച്ചു നിന്ന അന്തരീക്ഷത്തിൽ, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിനൊപ്പമാണ് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ പൂമുഖത്ത് ക്രമീകരിച്ച വചനവേദിയിലേക്ക് ഫ്രാൻസിസ് പാപ്പ പ്രവേശിച്ചത്. യുവത്വത്തിന്റെ പ്രസരിപ്പോടെ മാത്രം കണ്ടിട്ടുള്ള പാപ്പയുടെ മുഖത്ത്, ആഗോള സമൂഹം അനുഭവിക്കുന്ന ക്ലേശങ്ങളെപ്രതിയുള്ള സങ്കടം വ്യക്തമായിരിന്നു. പശ്ചാത്തലത്തിൽ റോമിലെ സെന്റ് മർസലോ ദേവാലയത്തിൽനിന്ന് കൊണ്ടുവന്ന അത്ഭുത കുരിശുരൂപവും റോമിലെ മേരി മേജർ ബസിലിക്കയിൽനിന്ന് കൊണ്ടുവന്ന, ‘റോമിന്റെ രക്ഷക’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ദൈവമാതാവിന്റെ ചിത്രവും, ഇരുട്ടിനെ ഭേദിച്ച് തെളിഞ്ഞ് കത്തുന്ന ദീപങ്ങളും വത്തിക്കാന്‍ മീഡിയ ആരംഭം മുതല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ടായിരിന്നു.
വചനപാരായണത്തോടെ ശുശ്രൂഷകള്‍ക്ക് ഔദ്യോഗിക ആരംഭം കുറിച്ചു. തുടർന്നാണ് മുന്‍കൂട്ടി തയാറാക്കിയ ധ്യാനചിന്ത പാപ്പ പങ്കുവെച്ചത്. കൊടുങ്കാറ്റിന് നടുവിൽ വള്ളത്തിൽ അകപ്പെട്ട ശിഷ്യന്മാർ ഭയന്നപ്പോൾ, നിങ്ങൾക്ക് വിശ്വാസമില്ലേ എന്ന് ക്രിസ്തുചോദിക്കുന്ന വചനഭാഗം ഉദ്ധരിച്ചുകൊണ്ട് വിശ്വാസത്തിൽ ധൈര്യപ്പെടണമെന്ന ഓർമപ്പെടുത്തലാണ് സന്ദേശത്തില്‍ ഉടനീളം പാപ്പ നൽകിയത്. (പാപ്പയുടെ സന്ദേശത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ പ്രവാചക ശബ്ദത്തില്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും). വചന വിചിന്തത്തിന് ശേഷം ‘റോമിന്റെ രക്ഷക’യായി ദൈവമാതാവിന്റെ തിരുസ്വരൂപത്തിനുമുന്നിൽ ഏതാനും സമയം പ്രാർത്ഥനാ പൂര്‍വ്വം ചിലവഴിച്ചു. തുടർന്ന്, അത്ഭുത കുരിശു രൂപത്തിനുമുന്നിൽ പ്രാർത്ഥിച്ചു. കുരിശ് ചുംബിച്ച ശേഷമാണ് പ്രധാനകവാടം മാത്രം തുറന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അകത്തേക്ക് പാപ്പ പ്രവേശിച്ചത്. വിരലില്‍ എണ്ണാവുന്ന ബിഷപ്പുമാര്‍ മാത്രമാണ് അവിടെ ഉണ്ടായിരിന്നത്.
പാപ്പ ദേവാലയത്തില്‍ പ്രവേശിച്ചതോടെ വൈദികന്‍ ദിവ്യകാരുണ്യം അള്‍ത്താരയില്‍ എഴുന്നള്ളിവെച്ചു. വാതിലിനോട് ചേർന്നുതന്നെ ഏതാനും സമയം മൌന പ്രാർത്ഥനയിൽ പാപ്പ മുഴുകി. തുടര്‍ന്നു മുന്‍കൂട്ടി തയാറാക്കിയ യാചന പ്രാര്‍ത്ഥനകള്‍ ഉയര്‍ന്നു. മഹാമാരിയില്‍ നിന്നുള്ള വിടുതലിനായും വിനാശകരമായ ഭോഷത്തത്തില്‍ നിന്നും യേശുവിനെ കൂടാതെ എല്ലാം സാധ്യമാണെന്ന അഹങ്കാരത്തില്‍ നിന്നും ധിക്കാര ചിന്തകളില്‍ നിന്നുമുള്ള വിടുതലിനായും പ്രാര്‍ത്ഥിച്ചു. യാചനാ പ്രാർത്ഥനയുടെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പ ആരാധനയുടെ സമാപന പ്രാര്‍ത്ഥന നടത്തി. തുടര്‍ന്നായിരിന്നു ലോകം കാത്തിരിന്ന ‘ഉർബി എത് ഒർബി’ ആശീർവാദം.
ദിവ്യകാരുണ്യം എഴുന്നള്ളിച്ചു കൊണ്ടുവന്ന വൈദികന്‍ അരുളിക്ക പാപ്പയ്ക്ക് കൈമാറി. പതിയെ പതിയെ വത്തിക്കാന്‍ ചത്വരത്തിന് ആമുഖമായി ദേവാലയത്തിന് പുറത്തേക്ക് നീങ്ങിയ പാപ്പ ദിവ്യകാരുണ്യമുയര്‍ത്തി ലോകം മുഴുവനും ആശീര്‍വ്വാദം നല്‍കി. ജനലക്ഷങ്ങള്‍ കണ്ണീരോടെ പ്രാര്‍ത്ഥിച്ച സമയം. ഈസ്റ്റര്‍, ക്രിസ്തുമസ്, പാപ്പയുടെ തെരെഞ്ഞെടുപ്പിന് ശേഷമുള്ള അവസരം എന്നീ സാഹചര്യങ്ങളില്‍ മാത്രം നല്‍കുന്ന പതിവില്‍ നിന്ന്‍ വിപരീതമായി പ്രഖ്യാപിച്ച പൂർണ ദണ്ഡവിമോചനമുള്ള വിശേഷാൽ ‘ഉർബി എത് ഒർബി’ ആശീർവാദത്തിന് പരിസമാപ്തി.
മഹാമാരിയുടെ പ്രത്യേക സാഹചര്യത്തില്‍ 'വിജനമായ' വത്തിക്കാന്‍ സ്ക്വയറില്‍ നടന്ന അപൂര്‍വ്വ ‘ഉർബി എത് ഒർബി’ എന്നു ചരിത്രത്തില്‍ എഴുതപ്പെട്ടുകൊണ്ടാണ് ചടങ്ങുകള്‍ക്കു പര്യവസാനമായത്. വത്തിക്കാന്‍ മീഡിയ, ശാലോം വേൾഡ്, ഷെക്കെയ്ന ടെലിവിഷന്‍, ശാലോം ടി.വി എന്നിവ ഉൾപ്പെടെയുള്ള നിരവധി ചാനലുകളിലും സാമൂഹ്യമാധ്യമങ്ങളിലും ശുശ്രൂഷ തത്സമയം സംപ്രേഷണം ചെയ്തിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GkwwNYowcPw1oOQqxfoVzN}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|