Content | വത്തിക്കാന്‍ സിറ്റി: യേശു വഞ്ചിയിൽ ഉണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ടു എന്ന് പ്രതീതിയിൽ പേടിച്ചരണ്ട അപ്പസ്തോലന്മാരുടെ അവസ്ഥയാണ് നമുക്ക് ഇപ്പോൾ ഉള്ളതെന്നും ഭയം വേണ്ടായെന്നും പരീക്ഷണ നാളുകള്‍ നമ്മെ വിശ്വാസത്തിലേക്ക് നയിക്കാനുള്ള വഴിയാണെന്നും ഫ്രാന്‍സിസ് പാപ്പ. കൊറോണാ മഹാമാരിയ്‌ക്കെതിരെ സ്വര്‍ഗ്ഗീയ ഇടപെടല്‍ തേടി നടത്തിയ ‘ഉര്‍ബി എത് ഓര്‍ബി’ ശുശ്രൂഷയ്ക്കിടെ നല്‍കിയ ധ്യാനചിന്തയിലാണ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. കൊടുങ്കാറ്റിന് നടുവില്‍ വള്ളത്തില്‍ അകപ്പെട്ട ശിഷ്യന്മാര്‍ ഭയന്നുവിളിച്ച വചനഭാഗം വിവരിക്കുന്ന വിശുദ്ധ മർക്കോസിന്റെ സുവിശേഷം നാലാം അധ്യായം 35 മുതലുള്ള വാക്യങ്ങളാണ് മാർപാപ്പ വിചിന്തനത്തിന് എടുത്തത്.
യേശു വഞ്ചിയിൽ ഉണ്ടായിട്ടും എല്ലാം നഷ്ടപ്പെട്ടു എന്ന് പ്രതീതിയിൽ പേടിച്ചരണ്ട അപ്പസ്തോലന്മാരുടെ അവസ്ഥയാണ് നമുക്ക് ഇപ്പോൾ ഉള്ളത്. നാമെല്ലാവരും ഒരേ വഞ്ചിയിൽ യാത്ര ചെയ്യുന്നവരാണെന്ന ചിന്തയാണ് കോവിഡ് വ്യാപനം ഓര്‍മ്മിപ്പിക്കുന്നത്. കാറ്റും, കോളും വഞ്ചിയെ ഉലയ്ക്കുന്നത് മനുഷ്യരെന്ന നിലയിൽ നമ്മളുടെ അസ്ഥിരമായ അവസ്ഥയിലേക്ക് വിരൽചൂണ്ടുന്നു. എന്നാല്‍, നിങ്ങള്‍ എന്തിനാണ് ഭയപ്പെടുന്നത്, നിങ്ങള്‍ക്ക് വിശ്വാസമില്ലേ എന്നാണ് ദൈവം അവരോട് ചോദിച്ചത്. അതുതന്നയാണ് അവിടുന്ന് നമ്മോടും ചോദിക്കുന്നത്.
ലോകത്ത് നടമാടുന്ന യുദ്ധങ്ങളും അനീതിയും പാവപ്പെട്ടവരുടെ കണ്ണീരും അപരന്റെ ബലഹീനതകളുമെല്ലാം മറന്ന്, രോഗം പിടിപെട്ട ഈ ലോകത്ത് മാത്രം ആരോഗ്യവാന്മാരാകണമെന്ന് ആഗ്രഹിച്ചവരാണ് നാം ഓരോരുത്തരും. എന്നാല്‍, ദൈവമേ, കൊടുങ്കാറ്റില്‍ അടിയുലയുന്ന ഈ കടലില്‍ ഞങ്ങള്‍ കരയുകയാണ്, ഞങ്ങളുടെ നിലവിളി കേള്‍ക്കണമേ എന്ന് നമുക്ക് വിളിച്ചപേക്ഷിക്കാം. ഇത് ദൈവത്തിൻറെ വിധിയുടെ സമയമല്ല, മറിച്ച് ജീവിതത്തിൽ എന്താണ് പ്രസക്തമെന്ന് നമുക്ക് മനസ്സിലാക്കാനുള്ള അവസരമാണെന്നും മാർപാപ്പ പറഞ്ഞു.
ഭീതി ഉണ്ടായിട്ടും സ്വന്തം ജീവൻ മറ്റുള്ളവർക്ക് വേണ്ടി നൽകാൻ തയ്യാറായ ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരെയും, വൈദികരെയും, മറ്റ് സന്നദ്ധ പ്രവർത്തകരെയും നമുക്ക് മാതൃകയാക്കാൻ സാധിക്കണമെന്നും പാപ്പ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. രക്ഷ ആവശ്യമാണെന്ന് മനസ്സിലാക്കുമ്പോഴാണ് നമ്മളിൽ വിശ്വാസം ഉടലെടുക്കുന്നത്. നമ്മളിലുള്ള ഭയം യേശുവിനു കൈമാറിയാൽ യേശു അതിനെ കീഴ്പ്പെടുത്തും. പ്രത്യാശ സ്വീകരിക്കുന്നതിനായി കർത്താവിനെ നമ്മുക്ക് പുല്‍കാം. അതാണ് വിശ്വാസത്തിന്റെ ശക്തി, അത് നമ്മെ ഭയത്തിൽ നിന്ന് മോചിപ്പിക്കുകയും പ്രതീക്ഷ നൽകുകയും ചെയ്യുന്നുവെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/CEJZ0G5PJftD0xNrVAbdvu}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |