category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമഹാവ്യാധിയെ പ്രതിരോധിക്കാന്‍ ഒരുമിച്ചു നില്‍ക്കുമെന്ന് മത സമുദായ നേതാക്കള്‍
Contentതിരുവനന്തപുരം: കോവിഡ്19 എന്ന മഹാവ്യാധിയെ പ്രതിരോധിക്കാന്‍ ഒരുമിച്ചു നില്‍ക്കണമെന്നു കേരളത്തിലെ വിവിധ മത, സമുദായ നേതാക്കള്‍ ആഹ്വാനം ചെയ്തു. ഈ വിപത്തിനെ അതിജീവിക്കാന്‍ പതറാതെ മുന്നേറാമെന്ന് ഇവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. അതിസമ്പന്നവും വികസിതവുമായ രാഷ്ട്രങ്ങള്‍ പോലും നിസഹായരായി അമ്പരന്നു നില്‍ക്കുകയാണ്. സമ്പന്നനെന്നോ ദരിദ്രനെന്നോ പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവനെന്നോ അല്ലാത്തവനെന്നോ ഭേദമില്ലാതെ പടര്‍ന്നുപിടിക്കുന്ന ഈ വൈറസിനെതിരായ പോരാട്ടം മനുഷ്യരാശിയുടെ നിലനില്‍പ്പിനു തന്നെയുള്ള സമരമായി മാറിക്കഴിഞ്ഞിരിക്കുന്നു. രാജ്യത്ത് കോവിഡ് 19 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ ആദ്യ സംസ്ഥാനമാണ് കേരളം. വിദേശത്തുനിന്നു രോഗബാധയുമായി എത്തിയ മൂന്നു വിദ്യാര്‍ഥികളെ കണ്ടെത്തി ചികിത്സിച്ചു ഭേദമാക്കാന്‍ കേരളത്തിലെ ആരോഗ്യസംവിധാനത്തിനു സാധിച്ചു. തുടര്‍ന്ന് യൂറോപ്പില്‍നിന്നെത്തിയ കുടുംബത്തിനു കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തു വീണ്ടും രോഗവ്യാപന ഭീഷണി ഉയര്‍ന്നു. പിന്നീടു പല വിദേശ രാജ്യങ്ങളില്‍നിന്നും നാട്ടിലെത്തുന്നവരില്‍ രോഗം കണ്ടെത്തി. സര്‍ക്കാരിന്റെ ജാഗ്രതയും ഫലപ്രദമായ ഇടപെടലുംമൂലം രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കാനും വൈറസ് ബാധിച്ചവര്‍ക്കു മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനും കൂടുതല്‍ സ്ഥലങ്ങളിലേക്കു രോഗം പടര്‍ന്നുപിടിക്കാനുള്ള സാഹചര്യം തടയാനും കഴിയുന്നുണ്ട്. നമ്മുടെ ഈ മാതൃക ലോകമാകെ ശ്രദ്ധിക്കുന്നുണ്ട്; പ്രകീര്‍ത്തിക്കുന്നുണ്ട്. പല പ്രതിസന്ധികളെയും മറികടന്നവരാണു കേരളീയര്‍. കോവിഡിനെയും ഒന്നിച്ചുനിന്ന് നേരിടാന്‍ കഴിയുമെന്നു നമുക്ക് ഉറപ്പുണ്ട്. അതിനു വേണ്ടത് ജാതിമതാദി വേര്‍തിരിവുകളില്ലാതെയും ഒരു അതിര്‍വരന്പിനെയും കൂസാതെയുമുള്ള ഐക്യമാണ്. അതു നമുക്ക് വേണ്ടത്ര അളവിലുണ്ട്. ഒരുവശത്തു രോഗഭീഷണിയില്‍നിന്നു സ്വയം മുക്തമാകുക. മറുവശത്ത് മറ്റുള്ളവരുടെ സുരക്ഷയ്ക്കു കരുതല്‍ നല്‍കുക. യാത്രാ നിയന്ത്രണങ്ങളാലും മറ്റും കേരളത്തിലേക്കു വരാനാകാതെ ലോകത്തിന്റെ പല ഭാഗങ്ങളിലായി കഴിയുന്നവരേക്കുറിച്ചും അവരുടെ നാട്ടിലുള്ള കുടുംബങ്ങളെക്കുറിച്ചും കരുതലുള്ളവരായിരിക്കണം. ലോക്ക്ഡൗണിനെത്തുടര്‍ന്നുള്ള നിയന്ത്രണങ്ങളോട് എല്ലാവരും സഹകരിക്കണം. വീടുകളില്‍ കഴിയുന്ന സമയം ക്രിയാത്മകമായി ഉപയോഗിക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സഹായകമായ ഇടപെടല്‍ നടത്തണം. നമ്മുടെ സ്ഥാപനങ്ങള്‍ അത്തരം പൊതു കാര്യങ്ങള്‍ക്കായി ഉപയുക്തമാക്കണം. സാമൂഹികമായ ഒരുമയും ശാരീരികമായ അകലവും പാലിച്ച് ഈ നാടിന്റെ രക്ഷാദൗത്യം ഏറ്റെടുക്കാന്‍ ഓരോരുത്തരും തയാറാകേണ്ട അനിവാര്യഘട്ടമാണ് ഇതെന്നും അവര്‍ പ്രസ്താവനയിലൂടെ ഓര്‍മിപ്പിച്ചു. ആരോഗ്യപ്രശ്‌നങ്ങളുള്ള വയോജനങ്ങളെ രോഗത്തില്‍നിന്നു സംരക്ഷിച്ചുനിര്‍ത്താനും നന്നായി പരിപാലിക്കാനുമുള്ള ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും മത, സമുദായ നേതാക്കള്‍ അഭ്യര്‍ഥിച്ചു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മലങ്കര സുറിയാനി കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച്ബിഷപ് ഡോ. എം സൂസപാക്യം, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, എസ്എന്‍. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, കേരള മുസ്ലിം ജമാഅത്ത് സമസ്ത (എ.പി.സുന്നി) പ്രസിഡന്റ് കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍, കേരള ജമാഅത്ത് ഉല്‍ഉലമ സമസ്ത പ്രസിഡന്റ് സയ്ദ് മുത്തുക്കോയ ജിഫ്രി തങ്ങള്‍ മുസലിയാര്‍, കൊച്ചി ബിഷപ് ഡോ.ജോസഫ് കരിയില്‍, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ, യാക്കോബായ സുറിയാനി സഭ അധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ, സിഎസ്‌ഐ മോഡറേറ്റര്‍ റവ.എ. ധര്‍മരാജ് റസാലം, മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ഡോ. ജോസഫ് മാര്‍ത്തോമ, കേരള പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍, കേരള നടുവത്തുല്‍ മുജാഹിദ് ജനറല്‍ സെക്രട്ടറി ഹുസൈന്‍ മടവൂര്‍, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, പെന്തക്കോസ്ത് സഭയുടെ ഡോ. ടി. വത്സന്‍ ഏബ്രഹാം എന്നിവരുടേതാണ് പ്രസ്താവന.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-03-29 07:05:00
Keywordsമത
Created Date2020-03-29 07:05:48