category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingതോറ്റുപോയ രാജാവല്ല ദൈവം; നമ്മള്‍ പിന്തിരിഞ്ഞോടുന്ന പടയാളികളുമല്ല
Content"നാളെ ലോകം നശിക്കുമ്പോള്‍ ആ നാശമുഖത്തിന് അറ്റോമിക് ബോംബിന്റെ 'മഷ്‌റൂം ക്‌ളൗഡ്' മുഖമായിരിക്കില്ല, അതിനു വൈറസിന്റെ മുഖമായിരിക്കും. ഇനിയുള്ള വര്‍ഷങ്ങളില്‍ കോടിക്കണക്കിനു മനുഷ്യര്‍ കൊല ചെയ്യപ്പെടാന്‍ പോകുന്നത് യുദ്ധമുഖങ്ങളിലായിരിക്കില്ല. പകര്‍ച്ചവ്യാധികണക്കെ പടര്‍ന്നു പിടിക്കുന്ന അദൃശ്യ വൈറസുകളുടെയും മൈക്രോബ്‌സുകളുടെയും അസാമാന്യ ആക്രമണം കൊണ്ടായിരിക്കും". മൈക്രോസോഫ്റ്റ് എന്ന ലോകോത്തര ബിസിനസ് സാമ്രാജ്യത്തിന്റെ സഹ സ്ഥാപകനും മുപ്പത്തിയൊന്നാമത്ത വയസു മുതലിങ്ങോട്ട് ലോക കോടീശ്വരന്‍മാരിലൊരുവനായും ഖ്യാതി സ്വന്തമാക്കിയ ബില്‍ ഗേറ്റ്‌സ്, നാലു വര്‍ഷങ്ങള്ക്കു് മുന്‍പ് റ്റെഡ് ടോക്ക് (Ted Talk) വേദിയില്‍ നിന്നു ലോകത്തിന്റെ കാതിലേക്കു കടത്തിവിട്ട മുന്നറിയിപ്പായിരുന്നു ഈ വാക്യം. ചരിത്രത്തില്‍ ഇതുവരെ നിവര്‍ത്തിക്കപ്പെട്ട പ്രവചനങ്ങളോടൊപ്പം ഇന്ന് ഒന്നുകൂടെ കൂട്ടിച്ചേര്‍ക്കപ്പെട്ടിരിക്കുന്നു. 'അണ്വായുധങ്ങളുടെയും ബയോവെപ്പണുകളുടെയും നിര്‍മാണത്തിന് മില്യണ്‍ കണക്കിന് മുതല്‍ മുടക്കു നടത്തിയ നാം വൈറോളജി, എപിഡെമിയോളജി ഉള്‍പ്പെടുന്ന ആരോഗ്യ പ്രതിരോധ മേഖലയിലെ പഠനത്തിനായി എന്ത് ചെലവഴിച്ചു'. മിസൈലുകൊണ്ടുള്ള ദൃശ്യപ്പോരാട്ടത്തിന് അതിര്‍ത്തികള്‍ അടച്ചു നാം പദ്ധതി ആവിഷ്‌കരിക്കുമ്പോള്‍, അതിര്‍ത്തികള്‍ ഒരു തടസമേ അല്ലാത്ത അദൃശ്യ പോരാളികളായ വൈറസുകളുടെയും മൈക്രോബ്‌സിന്റെയും അങ്കം വെട്ടിനു നാം എന്ത് തയാറെടുപ്പു നടത്തി എന്നും അദ്ദേഹം ആരായുന്നു. കളിച്ചു കാണികളെ രസിപ്പിക്കുന്ന കാല്‍പ്പന്തു കളിക്കാര്‍ക്ക് മില്യണ്‍ കണക്കിന് യൂറോയും, ബയോളജിക്കല്‍ റിസേര്‍ച് നിര്‍വഹിക്കുന്ന ഒരാള്‍ക്ക് ആയിരത്തി എണ്ണൂറു യൂറോയുമാണ് നിങ്ങള്‍ കൊടുക്കുന്നത്. എന്നിട്ടിപ്പോള്‍ വൈറസിന് മരുന്നുണ്ടാക്കി കൊടുക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുന്നോ പോയി ക്രിസ്റ്റിയാനോ റൊണാള്‍ഡോയോടും മെസിയോടും ചോദിക്കു...അവര്‍ നിങ്ങളെ സുഖപ്പെടുത്തും.'ഒരു വൈറസ് കണക്കേ സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ച സ്പാനിഷ് ബയോളജിക്കല്‍ റിസേര്‍ച്ചര്‍ സ്ത്രീയുടെ ക്ഷോഭമാണിത്. ലോകം ഇന്ന് കടന്നു പോകുന്ന അവിശ്വസനീയമായ അപകടസാഹചര്യങ്ങള്‍ക്കു ദൈവം ആണ് ഉത്തരവാദിയെന്നും വിശ്വാസത്തിന്റെ പരാജയമാണ് ഇത് എന്നുമൊക്കെ ആര്‍ത്തലയ്ക്കുന്നവര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കാണാതെ പോകരുത്. മനുഷ്യര്‍ അവന്റെ അഹങ്കാരം കൊണ്ടും സ്വാര്‍ഥത കൊണ്ടും ചെയ്തു കൂട്ടുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ദൈവത്തിന്റെ ചുമലിലേക്ക് കയറ്റിവയ്ക്കരുത്. മനുഷ്യന്റെ അജ്ഞതയ്ക്കും അപരാധങ്ങള്‍ക്കും ദൈവത്തെയല്ല പ്രതികൂട്ടില്‍ നിര്‍ത്തേണ്ടത്. ദൈവ വിശ്വാസികളെയല്ല സാക്ഷികളായി വിസ്തരിക്കേണ്ടത്. അയല്‍ രാജ്യത്തിന്റെ അതിര്‍ത്തി ചൂഴ്ന്നു കയറി അക്രം അഴിച്ചുവിടാനും, ആകാശത്തു സ്ഥാപിച്ചിട്ടുള്ള സാറ്റലൈറ്റ് അടയാളങ്ങളുടെ നിര്‍ദേശം വഴി ഭൂമിയിലൂടെ കടന്നു പോകുന്ന കാറിനകത്തേക്കു നിറയൊഴിച്ചു കത്തിച്ചു കളയാനുമുള്ള ശാസ്ത്ര മികവ് നേടിയ മനുഷ്യര്‍ക്ക് ചൈനയിലെ വുഹാനിലും ഇറ്റലിയിലെ മിലാനിലും മരണത്തോട് മല്ലടിക്കുന്നവരുടെ ജീവനെ പിടിച്ചു നിര്‍ത്താനാകുന്നില്ല. മരണത്തിന്റെ കിടക്കയില്‍ കിടന്ന് അവസാന ശ്വാസം ആകാശത്തേക്ക് വിടുമ്പോഴും അവരില്‍ ഭൂരിഭാഗവും അനുസ്മരിച്ചത് ദൈവനാമം മാത്രമാണ്. ഒരു ചെറു തൂവലോളം പോലും ഭാരമില്ലാത്ത ശ്വാസം ഒന്നുള്ളിലേക്കെടുക്കാന്‍ പറ്റാതെ നെഞ്ചുന്തി വരുമ്പോള്‍ അവര്‍ ആഗ്രഹിച്ചത് അടുത്തിരുന്നു നെഞ്ച് തടവി കൊടുക്കാന്‍ ഒരു മനുഷ്യനെ മാത്രമാണ്. ശാസ്ത്രത്തിനു മുട്ടുമടക്കേണ്ടി വരുന്ന അദൃശ്യശക്തികള്‍! ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള മഹാമാരികളുടെ നടുവില്‍ മനുഷ്യന് കൂട്ടായിരുന്നിട്ടുള്ളത് എന്നും മനസാക്ഷിയുള്ള മറ്റു മനുഷ്യര്‍ തന്നെയാണ്, റോബട്ടുകളല്ല. അവരെ അതിനു പരുവപ്പെടുത്തിയതോ ഉള്ളില്‍ പാകപ്പെട്ട വിശ്വാസത്തിന്റെ വിത്തുകളുടെ പൊട്ടിമുളയ്ക്കല്‍ തന്നെയാണ്. 2020 മാര്‍ച്ച് പതിമൂന്നിന് ലീമാന്‍ സ്‌റ്റോണ്‍ എന്ന എഴുത്തുകാരന്‍ കുറിച്ച ലേഖനത്തിന്റെ ശീര്‍ഷകം ഇപ്രകാരമാണ് 'വിശ്വാസത്തിന്റെ കാര്യത്തില്‍ മാത്രമല്ല പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ കാര്യത്തിലും ക്രിസ്ത്യനിക്കു രണ്ടായിരം കൊല്ലത്തെ പാരമ്പര്യമുണ്ട്. റോമന്‍ സാമ്രാജ്യത്തിലെ നാലിലൊന്നു ജനങ്ങളെ കൊന്നൊടുക്കിയ രണ്ടാം നൂറ്റാണ്ടിലെ പകര്‍ച്ച വ്യാധിയെക്കാള്‍ വേഗത്തിലാണ് ക്രിസ്ത്യാനിറ്റിക്ക് വളര്‍ച്ചയും വ്യാപ്തിയുമുണ്ടായത്. വിജാതീയ ദൈവങ്ങളുടെ കോപമാണ് പകര്‍ച്ചവ്യാധിക്കു നിദാനമെന്ന പുലമ്പലുകള്‍ക്കു മീതെ ഭയരഹിതരായി നടന്നു നീങ്ങി, കടലിനു മീതെ നടന്നവന്റെ മക്കള്‍. മരണത്തിന്റെ എണ്ണം കുറയ്ക്കാനൊന്നും അവര്‍ക്ക് സാധിച്ചില്ലെങ്കിലും ആരെയും നിരാശരായി മരിക്കാന്‍ അവര്‍ അനുവദിച്ചില്ല. മരിച്ചവരെ ഓര്‍ത്തു നിങ്ങള്‍ കരയരുത് അവര്‍ സ്വര്‍ഗത്തിലാണ്...പകരം, ജീവിച്ചിരിക്കുന്നവരുടെ കൂടെ ആയിരിക്കുക അവര്‍ക്കു വേണ്ടി ഇരട്ടിയായി പ്രാര്ഥിക്കുക, അവരെ ഇരട്ടിയായി പരിപാലിക്കുക, മൂന്നാം നൂറ്റാണ്ടിലെ മഹാമാരിക്ക് മധ്യേ നിന്നുകൊണ്ട് വിശുദ്ധ സിപ്രിയാന്‍ നടത്തിയ ഈ പ്രഭാഷണം കത്തോലിക്കാ സഭയുടെ ഗര്‍ഭപാത്രത്തിലെ ഊര്‍ജമാണ്. ആ ഊര്‍ജവുമായി തെരുവിലേക്കിറങ്ങിയ ക്രിസ്ത്യാനികളുടെ സ്‌നേഹവും പരിപാലനയും കണ്ടു വിജാതീയ ചക്രവര്‍ത്തിയായ ജൂലിയസിന്റെ പോലും കണ്ണ് തള്ളിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. രണ്ടായിരം വര്‍ഷത്തിന് ശേഷവും, വിശ്വാസത്തിനും സ്‌നേഹത്തിനും ഒരു കുറവും വരാതെ ഫ്രാന്‍സിസ് എന്ന് പേരുള്ള മാര്‍പാപ്പ റോമന്‍ തെരുവീഥികളിലൂടെ ഒരു തീര്‍ഥാടകനെ പോലെ നടന്നു പ്രാര്‍ത്ഥിക്കുന്നു. മിലാനിലെ കൊറോണ ബാധിത പ്രദേശങ്ങളില്‍ മരണപ്പെട്ട ഇരുപത്തഞ്ചോളം വൈദീകരും സമര്‍പ്പിതരും, രോഗം ബാധിച്ച ഇടവകാംഗങ്ങളെ ആശ്വസിപ്പിക്കാനും ശുശ്രൂഷിക്കാനുമായി പോയിരുന്നവരാണ് എന്ന് വായിക്കുമ്പോഴാണ് വിശുദ്ധ സിപ്രിയന്റെ വാക്കുകള്‍ ഇന്നും മാംസം ധരിക്കുന്നുവെന്നു നാം തിരിച്ചറിയുന്നത്. ത്യാഗ പരിചരണത്തിന്റെ ഈ ശീലം ചരിത്രത്തിലുടനീളം വീണ്ടും പ്രത്യക്ഷപ്പെട്ടു. 1527ല്‍ വിറ്റന്‍ബെര്‍ഗില്‍ ബ്യൂബോണിക് പ്ലേഗ് ബാധിച്ചപ്പോള്‍, നഗരം വിട്ട് സ്വയം രക്ഷപ്പെടാനുള്ള ആഹ്വാനം നിരസിച്ചത് മാര്‍ട്ടിന്‍ ലൂഥറാണ്. 'ക്രിസ്ത്യന്‍ ഡോക്ടര്‍മാര്‍ക്ക് അവരുടെ ആശുപത്രികള്‍ ഉപേക്ഷിക്കാന്‍ കഴിയില്ല, ക്രിസ്ത്യന്‍ ഗവര്‍ണര്‍മാര്‍ക്ക് അവരുടെ ജില്ലകളില്‍ നിന്ന് പലായനം ചെയ്യാന്‍ കഴിയില്ല, ക്രിസ്ത്യന്‍ പുരോഹിതര്‍ക്ക് അവരുടെ സഭകള്‍ ഉപേക്ഷിക്കാന്‍ കഴിയില്ല', കൂടെയുള്ള മനുഷ്യരെ തനിച്ചാക്കി ഓടിയൊളിക്കാന്‍ കഴിയാത്ത ക്രിസ്ത്യാനിയുടെ ഈ മാനസികാവസ്ഥയെ വിളിക്കുന്ന പേരാണ് ആത്മീയതയെന്നത്. സത്യാന്വേഷണത്തിലേക്കു പറന്നുയരാന്‍ മനുഷ്യനുള്ള രണ്ടു ചിറകുകളാണ് മതവും ശാസ്ത്രവും എന്ന് പറഞ്ഞത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. ആത്മീയതയുടെ നിരാസമായിട്ടല്ല ശാസ്ത്രം വളരേണ്ടത്. ശാസ്ത്രത്തിന് അന്ധതയേല്‍ക്കുന്ന ഇടങ്ങളിലാണ് മതം വിളക്കാകുന്നത്. അതുകൊണ്ടാണ് യുദ്ധം അരുതെന്നാവശ്യപ്പെട്ടുകൊണ്ട് ആത്മീയനായ ആ മനുഷ്യന്‍ രാഷ്ട്ര നേതാക്കളുടെ കാലു കഴുകി ചുംബിച്ചത്. അവര്‍ക്കിനി എങ്ങനെ സമാധാനക്കരാറില്‍ ഒപ്പു വയ്ക്കാതിരിക്കാനാകും! നമുക്ക് മിസൈലുകള്‍ കണ്ടുപിടിക്കാം എന്ന് പറയുന്ന ശാസ്ത്രജ്ഞനോടു നമുക്ക് മരുന്ന് കണ്ടുപിടിക്കാം എന്ന് പറയുന്നതാണ് ആത്മീയത. കഴിക്കാന്‍ ഭക്ഷണമോ മരുന്നോ ഇല്ലാതിരുന്നത് കൊണ്ടല്ല...കടിച്ചു പിടിച്ചു പോരാടാനും ജീവിക്കാനും പ്രതീക്ഷയും പ്രത്യാശയും ഇല്ലാതായിപ്പോയത് കൊണ്ടാണ് അവരില്‍ ഭൂരിഭാഗം ആളുകളും മരിച്ചു പോയത്. ക്രൂരതയും കരച്ചിലും കൊലപാതകങ്ങളും മാത്രം അരങ്ങേറിക്കൊണ്ടിരുന്ന ഔഷ്വിറ്റ്‌സിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് ജീവിതം അതിജീവിച്ചു വന്ന വിക്റ്റര്‍ ഫ്രാങ്കലിന്റെ പുസ്തകത്തിലേതാണ് ഈ സങ്കടാക്ഷരങ്ങള്‍. അപ്രതിരോധ്യമായ കൊറോണ ഭീതിയില്‍ ജീവനുവേണ്ടി പൊരുതി കൊണ്ടിരിക്കുന്ന രോഗികളുടെ കൂടെ വൈദ്യമായും വേദമായും കൂടെയുള്ളത് ഭൂരിഭാഗവും നെഞ്ചില്‍ വിശ്വാസം പേറുന്നവരാണ്. വീട്ടിലുള്ള പ്രിയപ്പെട്ടവരോട് 'പ്രാര്‍ത്ഥിച്ചാല്‍ മാത്രം മതി ' എന്നും പറഞ്ഞു ആശുപത്രികളിലേക്ക് നീങ്ങുകയാണ് മാലാഖമാരുടെ മുഖമുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും സന്നദ്ധപ്രവര്‍ത്തകരും. മണിക്കൂറുകള്‍ മാസ്‌ക് ധരിച്ചു മുഖം ചുവന്നു പുറത്തേക്കു വരുന്ന അവര്‍ മനുഷ്യരോട് ആവശ്യപ്പെടുന്ന കാര്യം ഒന്ന് മാത്രമാണ് 'ദൈവത്തെ ഓര്‍ത്തു വീടിനകത്തിരിക്കുക''. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് രോഗികളുടെ അടുത്തേക്ക് ചെല്ലുക എന്ന് പറഞ്ഞ മാര്‍പാപ്പമാരുടെ വാക്കുകളെ വിശ്വാസികള്‍ അന്ന് എങ്ങനെ എടുത്തോ അതെ ആദരവോടും അനുസരണയോടും കൂടെ ഇന്ന് ഇവരുടെ വാക്കുകളെയും എടുക്കുകയാണ്. കാരണം, ദൈവം എന്നും സംസാരിച്ചിട്ടുള്ളത് മനുഷ്യരിലൂടെ തന്നെയാണ്. അപകടകരമായ സാഹചര്യങ്ങള്‍ക്കെതിരേ മുന്‍കരുതലെടുക്കണം എന്ന ആഹ്വാനവുമായി വൈദ്യശാസ്ത്രവും ആരോഗ്യമന്ത്രാലയങ്ങളും നിര്‍ദേശങ്ങള്‍ തരുമ്പോള്‍ അതിനനുസരിച്ചു സാമൂഹ്യാകലം പാലിക്കുന്നതിനാണ് ദേവാലയങ്ങള്‍ അടച്ചതും പ്രാര്‍ത്ഥന കൂട്ടായ്മകള്‍ നിര്‍ത്തിയതും. അനുസരണയുടെ ഈ നിലപാടിനെ നോക്കി 'വിശ്വാസത്തിന്റെ പരാജയം' എന്നും 'ദൈവങ്ങളുടെ തോല്‍വി' എന്നൊക്കെ പറയുന്നവരോട് യാതൊരു വിരോധവുമില്ല; പക്ഷെ അവരെയൊക്കെ യുക്തിവാദി എന്ന് വിളിക്കുന്നവരുടെ യുക്തിഹീനതയെക്കുറിച്ചാണ് സത്യത്തില്‍ ആകുലത! കത്തോലിക്കാ വിശ്വാസകൂട്ടായ്മയുടെ ആദിമരൂപത്തിന് 'അപ്പം മുറിക്കല്‍ ശുശ്രൂഷ'യെന്നായിരുന്നു മാമ്മോദിസപ്പേര്. ക്രിസ്തു എന്ന മനുഷ്യപുത്രനെ ദൈവപുത്രനായി നെഞ്ചിലേറ്റിയവരുടെ ഒത്തുചേരലായിരുന്നു അത്. ആനന്ദത്തോടും ആഹ്‌ളാദത്തോടും ഭയത്തോടും ഭീതിയോടും വിശപ്പോടും ദാഹത്തോടും കൂടി അവര്‍ ചേര്‍ന്നിരുന്നു. അവരവരുടെ അടുപ്പില്‍ ചുട്ടെടുത്ത അപ്പക്കഷണങ്ങള്‍ അവര്‍ മറ്റുള്ളവര്‍ക്കായി പങ്കിട്ടു. ആ പങ്കുവയ്പ്പിന്റെ ആധാരശിലയായി നിലകൊണ്ടതോ, അന്ത്യത്താഴരാത്രിയില്‍ മുപ്പത്തിമൂന്നുവയസുകാരന്‍ മനുഷ്യപുത്രന്‍ പകുത്തു നല്‍കിയ സ്വന്തം ശരീരരക്തങ്ങളും. ആ അത്താഴമേശയില്‍ നിന്നുമാണ് ഇന്നും ഭൂമിയില്‍ പങ്കുവയ്ക്കലുകള്‍ നടന്നുകൊണ്ടിരിക്കുന്നത്. നീണ്ട വര്‍ഷങ്ങളുടെ കടന്നുപോകലില്‍ ആ അപ്പം മുറിക്കല്‍ ശുശ്രൂഷയ്ക്ക് നവമാനങ്ങള്‍ കൈവന്നുവെങ്കിലും കത്തോലിക്കന്റെ നെഞ്ചില്‍ വേവുന്ന അപ്പത്തിന് ക്രിസ്തുവിന്റെ ശരീരത്തിന്റെ അതേ സ്വാദും അവന്റെ രക്തത്തിന്റെഅതേ ലഹരിയുമാണ്. അതുകൊണ്ടാണ് ആ ലഹരിയില്‍ അവര്‍ ഭൂമിയില്‍ സ്‌നേഹം പങ്കു വയ്ക്കാനിറങ്ങിതിരിക്കുന്നത്. അകന്നിരിക്കുന്നതിലും ആത്മീയതയുണ്ടെന്ന് ആര്‍ക്കാണ് അറിയാത്തത് അന്ന്, അപ്പംമുറിക്കലിന് വന്നവര്‍ അപരന്റെ ഉദരത്തിന് ആവശ്യമായ അന്നവുമായി വന്നവരാണ്. അവര്‍ക്കത് ജീവദായകമായ ദൗത്യമായിരുന്നു. എന്നാല്‍ ഇന്ന്, വിജ്ഞാനത്തിന്റെ വൈദ്യശാസ്ത്രം, 'അടുത്തിരുന്നാല്‍ അപകടം ഉണ്ടാകും' എന്ന് മുന്നറിയിപ്പ് തരുമ്പോള്‍, എന്റെ സാന്നിധ്യം അപരന്റെ ആയുസിന് ഹാനിയാകും എന്ന തിരിച്ചറിവ് കിട്ടിയവര്‍ അപ്പംമുറിക്കല്‍ ചടങ്ങുകളില്‍ നിന്നും വിട്ടുനില്‍ക്കുന്നതാണ് ജീവാദായകം. ഇവിടെ അകലമാണ് ആത്മീയത. ആത്മാവ് വന്നു ശക്തിപ്പെടുത്തുന്നത് വരെ അവര്‍ അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തിയിരുന്നത് 'അടച്ചിട്ട മുറികളില്‍' ആയിരുന്നുവെന്നു മറക്കരുത്. പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാനുള്ള മരുന്നാണ് നമുക്ക് ഇന്ന് ആത്മാവ്. അത് വരുന്നതുവരെ അടച്ചിട്ട മുറികളില്‍ മറിയത്തിന്റെ മധ്യസ്ഥതയില്‍ നമുക്കായിരിക്കാം. കൊളോസിയത്തിന്റെ നിണവഴികളിലേക്കു ക്രിസ്ത്യാനിയെ വലിച്ചിഴയ്ക്കുന്ന മതപീഡകരുടെ കണ്‍വെട്ടത്ത് നിന്നും ഒഴിഞ്ഞു മാറിയാണ് അവര്‍ നാളുകളത്രയും പ്രാര്‍ഥിച്ചത്: സര്‍പ്പത്തിന്റെ വിവേകം! ക്രിസ്തുവിനുമുണ്ടായിരുന്നു പിന്‍വാങ്ങലുകള്‍. നാല്പതു നാളിന്റെ വിശപ്പ്, കല്ലിനെ അപ്പമാക്കാനുള്ള പ്രലോഭകനായി മുന്നില്‍ നിന്നപ്പോഴും, മലമുകളില്‍ നിന്നെടുത്തു ചാടി മാലാഖമാരെക്കൊണ്ട് മാജിക് കാണിച്ചു കയ്യടി നേടാനുള്ള മറ്റൊരു ഓഫറും അയാള്‍ നൈസ് ആയി തള്ളിക്കളഞ്ഞു. അദ്ഭുതങ്ങള്‍ ചെയ്തു അസാമാന്യകയ്യടികള്‍ കിട്ടിയിട്ടും അയാള്‍ ആരുമറിയാതെ സീന്‍ വിട്ടു. ജനങ്ങള്‍ അയാളെ രാജാവാക്കാന്‍ നോക്കിനടന്നപ്പോളൊക്കെ ആളൊഴിഞ്ഞ കടല്‍ത്തീരത്തെ ആറ്റുവഞ്ചിയില്‍ തല ചായ്ച്ച് അങ്ങേരു വെറുതെ കിടന്നുറങ്ങി. കാരണം അയാള്‍ക്കറിയാമായിരുന്നു അപ്പന്‍ പ്ലാന്‍ ചെയ്ത സമയമായിട്ടില്ല എന്ന്. അതിനു മുന്‍പേ കളത്തിലിറങ്ങുന്നത് അവിവേകമാണെന്ന്. വിവേകം, അത് പരിശുദ്ധാത്മാവിന്റെ ദാനമാണെന്ന് കത്തോലിക്കര്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് ആരാധനാലയങ്ങള്‍ അടച്ചിടുന്നത്. ലോകാരോഗ്യ സംഘടനയിലൂടെയും ആരോഗ്യ മന്ത്രിയിലൂടെയും പഞ്ചായത്ത് പ്രസിഡന്റിലൂടെയും പുരോഹിതരിലൂടെയും വരുന്ന നിര്‍ദേശങ്ങളുടെ അനുസരണമാണ് ആരാധനാലയങ്ങളില്‍ ഈ കാലയളവില്‍ അര്‍പ്പിക്കപ്പെടുന്ന ബലികളേക്കാള്‍ ശ്രേഷ്ഠം. ആത്മീയതയുടെയും ദൈവികതയുടെയും അടയാളമായി കല്ലുകളെയും കെട്ടിട സമുച്ചയങ്ങളെയും സ്ഥാപനങ്ങളെയും മാത്രം കാണുന്നവരുടെ കണ്ണുകളിലാണ് ദൈവം തോറ്റുപോയൊരു രാജാവായും വിശ്വാസികള്‍ പരാജിത ചക്രവര്‍ത്തിയുടെ പടയാളികളായും തോന്നലുണ്ടാകുന്നത്. കല്ലുകള്‍ കൊണ്ട് കെട്ടിപ്പൊക്കിയ കെട്ടിടസമുച്ചയ ദേവാലയങ്ങളില്‍ ബലിയര്‍പ്പണം നിലച്ചു എന്നു കരുതി നിരീശ്വരവാദികള്‍ ആനന്ദിക്കാന്‍ വരട്ടെ. ഹൃദയത്തിനുള്ളിലെ ബലിക്കല്ലുകളില്‍ ബലികള്‍ മുടങ്ങാതെ അര്‍പ്പിക്കപ്പെടുകതന്നെ ചെയ്യും. വീടിനകത്തെ അള്‍ത്താരയായ രൂപക്കൂടുകള്‍ക്കു മുന്നില്‍ പ്രതീക്ഷയുടെയും വിശ്വാസത്തിന്റെയും തിരികള്‍ ജ്വലിച്ചുകൊണ്ടേയിരിക്കും. ** കടപ്പാട് : ‍സൺഡേ ദീപിക
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-01-25 13:00:00
Keywordsനിരീശ്വര, ദൈവ
Created Date2020-03-31 21:12:37