Content | വത്തിക്കാന്‍ സിറ്റി: കോവിഡ് 19 രോഗബാധ മൂലം ഇറ്റലിയിലും മറ്റു രാജ്യങ്ങളിലും മരണമടഞ്ഞവരോടുള്ള ആദരസൂചകമായി വത്തിക്കാൻ പതാകകൾ താഴ്ത്തിക്കെട്ടി. രോഗബാധയെ തുടര്‍ന്നു മരണപ്പെട്ടവരോടും അവരുടെ കുടുംബാംഗങ്ങളോടും, പകർച്ചവ്യാധിക്കെതിരെ പോരാടുന്നവരോടും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഇന്നലെ ചൊവ്വാഴ്ച വത്തിക്കാൻ പതാകകൾ പകുതി താഴ്ത്തിക്കെട്ടിയത്. വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി ഇക്കാര്യം മാധ്യമപ്രവർത്തകരോട് നേരത്തെ സൂചിപ്പിച്ചിരിന്നു. അതേസമയം വത്തിക്കാൻ സിറ്റിയിൽ ഇതുവരെ ആറ് പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 170 ജോലിക്കാരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫ്രാൻസിസ് മാർപാപ്പക്കു കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ഇക്കഴിഞ്ഞ ദിവസവും വത്തിക്കാൻ വ്യക്തമാക്കി. കോവിഡ് 19 വ്യാപനത്തിനെതിരെ ഇറ്റാലിയൻ സർക്കാർ ശക്തമായ പോരാട്ടം തുടരുകയാണ്. ഇതുവരെ 101,739 കൊറോണ വൈറസ് കേസുകളാണ് ആരോഗ്യമന്ത്രാലയം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 11,500 ആളുകൾ ഇറ്റലിയിൽ മാത്രമായി മരണമടഞ്ഞു. ലോകത്താകമാനം കോവിഡ്- 19 മൂലം 37500 ആളുകൾ മരണമടഞ്ഞിട്ടുണ്ടെന്ന് ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റിയുടെ കണക്കുകൾ പറയുന്നു. ചൈനക്ക് ശേഷം ലോക്ക്ഡൗൺ പ്രഖ്യാപിച്ച ആദ്യത്തെ രാജ്യം ഇറ്റലിയാണ്.
മാർച്ച് ഒന്‍പതിന് പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഇനിയും നീളാനാണ് സാധ്യത. മതപരമായ എല്ലാ ഒത്തുചേരലുകളും ഇറ്റാലിയൻ സർക്കാർ നിരോധിച്ചിട്ടുണ്ട്. റസ്റ്റോറന്റുകളും, സ്കൂളുകളുമടക്കം അടഞ്ഞു കിടക്കുന്നു. ഇതിനിടെ റോമിന്റെ മേയർ വിർജീനിയ റാഗി മാർച്ച് 28നു മാർപാപ്പയെ സന്ദർശിക്കാൻ എത്തിയിരുന്നു. പ്രസ്തുത കൂടിക്കാഴ്ചയെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ വത്തിക്കാൻ പുറത്തുവിട്ടിട്ടില്ല. വിശുദ്ധവാര കർമ്മങ്ങൾ വത്തിക്കാനില്‍ ജനപങ്കാളിത്തമില്ലാതെയാണ് നടക്കുകയെന്ന് പരിശുദ്ധ സിംഹാസനം നേരത്തെ തന്നെ വ്യക്തമാക്കിയിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JFQD5k3HEm5LRcGBaDFAJD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |