Content | വത്തിക്കാന്‍ സിറ്റി: കൊറോണ പകര്‍ച്ചവ്യാധി മൂലം കൂദാശകളുടെ വിശിഷ്യ വിശുദ്ധ കുര്‍ബാനയുടെയും കുമ്പസാരത്തിന്‍റെയും ആത്മീയസാന്ത്വനവും അസാധ്യമായി നിലനില്ക്കെ, ദൈവം നമ്മെ കൈവെടിഞ്ഞതായി കരുതരുതെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഉയിര്‍പ്പു ഞായറാഴ്ച വിശുദ്ധ കുര്‍ബാനക്ക് ശേഷം ‘ഉർബി ഏത് ഓർബി’ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ലോകമെമ്പാടുമുള്ള സമൂഹത്തിന് ഈസ്റ്റര്‍ ആശംസകളുമായി സന്ദേശം ആരംഭിച്ച പാപ്പ ക്രിസ്തുവിന്‍റെ ഉയിര്‍പ്പ്, തിന്മയുടെമേലുള്ള സ്നേഹത്തിന്‍റെ വിജയമാണെന്നും തിന്മയെ നന്മയാക്കി രൂപാന്തരപ്പെടുത്താനുള്ള ഉപാധിയാണെന്നും പറഞ്ഞു.
മഹത്വമാര്‍ന്ന അവിടുത്തെ ശരീരത്തില്‍ മങ്ങാത്ത മുറിപ്പാടുകളുണ്ട്. അവ പ്രത്യാശയുടെ അടയാളങ്ങളാണ്. അതിനാല്‍ വേദനിക്കുന്ന മനുഷ്യകുലത്തിന്റെ സൗഖ്യത്തിനായി ക്രൂശിതനും ഉത്ഥിതനുമായ ക്രിസ്തുവിലേയ്ക്കു ദൃഷ്ടികള്‍ പതിക്കാം. കോറോണ ബാധിതരായ രോഗികള്‍, മരണമടഞ്ഞവര്‍, പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ കേഴുന്നവര്‍, മരിച്ച പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണുവാന്‍ സാധിക്കാതെ വിഷമിച്ചവര്‍ എല്ലാവരെയും അനുസ്മരിക്കുന്നതായി പാപ്പ പറഞ്ഞു. ജീവന്‍റെ അതിനാഥനായ ദൈവം മരണമടഞ്ഞവരെ തിരുസന്നിധിയില്‍ സ്വീകരിക്കുകയും, രോഗത്താല്‍ ക്ലേശിക്കുന്നവരെ, വിശിഷ്യാ പ്രായമായവരെയും അനാഥരെയും സമാശ്വസിപ്പിക്കട്ടെ.
കൊറോണ പകര്‍ച്ചവ്യാധിമൂലം സഹോദര്യ സാമീപ്യത്തിന്‍റെ സമാശ്വാസവും, കൂദാശകളുടെ വിശിഷ്യ കുര്‍ബാനയുടെയും കുമ്പസാരത്തിന്‍റെയും ആത്മീയസാന്ത്വനവും അസാദ്ധ്യമായിട്ടുണ്ട്. ചില രാജ്യങ്ങളില്‍ കൂദാശകള്‍ ഒട്ടും സാധ്യമല്ലാത്ത അവസ്ഥയും നിലനില്ക്കെ, ദൈവം നമ്മെ കൈവെടിഞ്ഞതായി കരുതരുത്. പ്രാര്‍ത്ഥനയില്‍ ദൈവവുമായുള്ള ആത്മീയ ഐക്യത്തില്‍ ജീവിക്കാം. രോഗത്തിന്‍റെ തീവ്രതയുള്ള മേഖലകളില്‍ തങ്ങളുടെ ജീവന്‍ അപകടപ്പെടുത്തിക്കൊണ്ടുപോലും സഹോദര സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും സാക്ഷ്യം നല്‍കുന്ന ഡോക്ടര്‍മാരും നഴ്സുമാരും തളരാതെ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ ശാരീരിക ശക്തിയും ആത്മധൈര്യവും പെസഹാക്കുഞ്ഞാടായ യേശു അവര്‍ക്കു നല്‍കട്ടെ.
ലക്ഷോപലക്ഷം ജനങ്ങളുടെ ജീവിതക്രമമാണ് ഇന്നാളുകളില്‍ തകിടംമറിഞ്ഞിരിക്കുന്നത്. വീടുകളില്‍ പ്രിയപ്പെട്ടവരുടെ കൂടെയായിരിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുന്നവര്‍ക്ക് തങ്ങളുടെ ഭ്രാന്തവേഗത്തിലുള്ള ജീവിതക്രമത്തെക്കുറിച്ച് ചിന്തിക്കുവാനുള്ള ഒരവസരമാണിത്. എന്നാല്‍ മറ്റുചിലര്‍ക്ക് തങ്ങളുടെ ഭാവിയെക്കുറിച്ചും, നഷ്ടപ്പെട്ടേക്കാവുന്ന ജോലിയെക്കുറിച്ചും, ഇപ്പോഴുള്ള മറ്റു ജീവിതക്ലേശങ്ങളുടെ പ്രത്യാഘാതങ്ങളെക്കുറിച്ചും ആകുലതയാണ്. അതിനാല്‍ സാമൂഹ്യ നേതാക്കളോട് പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കണമെന്നും, അന്തസ്സുള്ളൊരു ജീവിതം നയിക്കുവാന്‍ എല്ലാവരെയും സഹായിക്കുന്ന വിധത്തില്‍ സമൂഹത്തിന്‍റെ സമ്പത്തും സ്രോതസ്സുകളും ഉപയോഗപ്പെടുത്തണമെന്നും, ചുറ്റുപാടുകള്‍ മെച്ചപ്പെടുമ്പോള്‍ അവരുടെ സാധാരണ ജീവിതങ്ങളിലേയ്ക്ക് തിരികെപോകാന്‍ സഹായിക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.
ലോകം മുഴുവനും ജനങ്ങള്‍ യാതനകള്‍ അനുഭവിക്കുന്ന ഈ സമയത്ത് ആര്‍ക്കും നിസംഗരായിരിക്കാന്‍ ആവില്ല. മഹാമാരിയെ നേരിടാന്‍ ഒത്തൊരുമിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കണം. ഉത്ഥിതനായ ക്രിസ്തു പാവങ്ങള്‍ക്കും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും ഭവനരഹിതര്‍ക്കും പ്രത്യാശപകരട്ടെ.നഗരങ്ങളിലും അവയുടെ പ്രാന്ത പ്രദേശങ്ങളിലും പാര്‍ക്കുന്ന സഹോദരീസഹോദരന്മാരില്‍ ഏറ്റവും അധികം ക്ലേശിക്കുന്നവരെ കൈവെടിയരുതേയെന്നും ഇവര്‍ അടിസ്ഥാന അവശ്യങ്ങള്‍ക്ക്, പ്രത്യേകിച്ച് മരുന്നിനും ആരോഗ്യപരിചരണത്തിനും വകയില്ലാതെ ക്ലേശിക്കുവാന്‍ ഇടവരുത്തരുതേയെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു. നിത്യരക്ഷയുടെ വഴിതെളിച്ച ക്രിസ്തു വേദനിക്കുന്ന മാനവകുലത്തിന്‍റെ ആത്മീയാന്ധത അകറ്റി ദിവ്യപ്രകാശത്തിന്‍റെ മഹത്വപൂര്‍ണ്ണമായ ദിനത്തിലേയക്ക്, അറുതിയില്ലാത്ത ദൈവികനന്മയുടെ നാളുകളിലേയ്ക്ക് നമ്മെ നയിക്കുമാറാകട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |