Content | കൊളംബോ: ‘ശത്രുക്കളെ സ്നേഹിക്കുവിന്‍’ എന്ന യേശു ക്രിസ്തുവിന്റെ വചനം സ്വാംശീകരിച്ച് കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ ദിനത്തില്‍ അനേകരുടെ മരണത്തിനിടയായ ബോംബാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ചാവേറുകളോട് ശ്രീലങ്കയിലെ കത്തോലിക്കര്‍ ക്ഷമിക്കുന്നുവെന്ന് കൊളംബോ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ മാല്‍ക്കം രജ്ഞിത്ത്. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ബിഷപ്പ് ഹൌസില്‍ വെച്ച് തത്സമയ സംപ്രേഷണം ചെയ്ത വിശുദ്ധ കുര്‍ബാനക്കിടയില്‍ നടത്തിയ പ്രസംഗത്തിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം പറഞ്ഞത്.
തെറ്റായ വഴിയിലൂടെ നയിക്കപ്പെട്ട ഒരു സംഘം യുവാക്കള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ കത്തോലിക്കര്‍ മാത്രമല്ല ബുദ്ധമതവിശ്വാസികളും, ഹിന്ദുക്കളും, ഇസ്ലാം മതസ്ഥരും വരെ കൊല്ലപ്പെട്ടു. മനുഷ്യരായ നമ്മള്‍ മാനുഷികവും, സ്വാര്‍ത്ഥതാപരവുമായി പ്രതികരിക്കുമായിരിന്നു. എന്നാല്‍ യേശുവിന്റെ പ്രബോധനങ്ങളെ കുറിച്ച് ചിന്തിച്ചതിനാല്‍ നമ്മള്‍ അവരോടു ക്ഷമിക്കുകയും സഹതപിക്കുകയും ചെയ്യുന്നു. സ്വാര്‍ത്ഥതയുടെ പരിപൂര്‍ണ്ണ തിരസ്കരണമാണ് പുനരുത്ഥാനമെന്നും അദ്ദേഹം പറഞ്ഞു. കൊറോണയെ തുടര്‍ന്ന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് വേണ്ടി പ്രത്യേക അനുസ്മരണ ചടങ്ങുകള്‍ ഒന്നും തന്നെ ഈസ്റ്റര്‍ ദിനത്തില്‍ നടത്തിയില്ലെങ്കിലും വരുന്ന ഏപ്രില്‍ 21ന് സ്വകാര്യ അനുസ്മരണ ചടങ്ങ് നടത്തുവാന്‍ ശ്രീലങ്കന്‍ സഭ തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21ന് ഇസ്ലാമിക തീവ്രവാദി സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅഅത്തുമായി ബന്ധപ്പെട്ട ഒന്‍പതു ചാവേറുകള്‍ ക്രിസ്ത്യന്‍ ദേവാലയങ്ങളിലും ആഡംബര ഹോട്ടലുകളിലും നടത്തിയ ബോംബാക്രമണങ്ങളില്‍ 37 വിദേശികള്‍ ഉള്‍പ്പെടെ 279 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റിരിന്നു. ബോംബാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമായതോടെ സ്വതന്ത്ര കമ്മീഷനെക്കൊണ്ട് നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ശ്രീലങ്കന്‍ മെത്രാന്‍ സമിതിയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IwtFLbkBCCXF1BqQlCYWVa}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |