Content | വത്തിക്കാന്‍ സിറ്റി/ വാഷിംഗ്ടൺ ഡിസി: കോവിഡ് 19 മൂലം ക്ലേശിക്കുന്ന ദരിദ്ര രാജ്യങ്ങൾക്ക് കടം ഇളച്ച് നൽകണമെന്ന് ഈസ്റ്റർ ഞായറാഴ്ചത്തെ 'ഉർബി എത് ഒർബി' സന്ദേശത്തിൽ ഫ്രാൻസിസ് പാപ്പ ആഹ്വാനം നൽകിയതിന് പിന്നാലെ ഐഎംഎഫ് ദരിദ്ര രാജ്യങ്ങൾക്ക് ഇളവുകൾ നൽകാമെന്ന് പ്രഖ്യാപനം നടത്തി. ഇതുകൂടാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന രാജ്യങ്ങളുടെ കടങ്ങൾ എഴുതിത്തള്ളുന്നതിനെ പറ്റി ചിന്തിക്കണമെന്ന് ലോക രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് ഇളവുകൾ നൽകുക, അല്ലെങ്കിൽ കടം മൊത്തമായി എഴുതിത്തള്ളുക എന്ന നിർദ്ദേശമായിരുന്നു ഫ്രാൻസിസ് മാർപാപ്പ ഈസ്റ്റര്‍ ദിനത്തില്‍ മുന്നോട്ടുവെച്ചത്.
പാപ്പയുടെ ആഹ്വാനത്തിന് പിറ്റേന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് 25 രാജ്യങ്ങൾക്ക് കടങ്ങൾ ഇളച്ച് നൽകുന്നതായി അന്താരാഷ്ട്ര നാണയനിധി പ്രഖ്യാപനം നടത്തിയത്. ഇതില്‍ 19 ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടുന്നു. കൊറോണ വൈറസ് രൂക്ഷമായ രാജ്യങ്ങൾക്കും, ദരിദ്ര രാജ്യങ്ങൾക്കും അടുത്ത ആറ് മാസത്തേക്കാണ് ഇളവുകൾ നൽകിയിരിക്കുന്നതെന്നും ഇതുമൂലം പ്രസ്തുത രാജ്യങ്ങൾക്ക് ആരോഗ്യരംഗത്തും, മറ്റ് മേഖലകളിലും കൂടുതൽ പണം ചെലവഴിക്കാൻ സാധിക്കുമെന്നും അന്താരാഷ്ട്ര നാണയനിധിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായ ക്രിസ്റ്റലീന ജോർജീവ പറഞ്ഞു. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, നൈജർ, മൊസാംബിക്ക് തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങൾക്കാണ് പ്രധാനമായും ഇളവുകൾ ലഭിക്കുന്നത്.
പ്രത്യേക സാഹചര്യത്തില്‍ വലിയ തോതിൽ തന്നെ കടങ്ങൾ എഴുതിത്തള്ളാൻ സാധിക്കണമെന്നു ടെലിവിഷനിലൂടെ നൽകിയ സന്ദേശത്തിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോൺ പ്രസ്താവിച്ചു. കടങ്ങൾ എഴുതി തള്ളിയാൽ പ്രസ്തുത രാജ്യങ്ങൾക്ക് കൊറോണ വൈറസിനെ തുരത്തുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഈ പോരാട്ടത്തിൽ തനിച്ചു വിജയിക്കാൻ ആർക്കും സാധിക്കില്ലെന്നും, ലോകത്തിൻറെ വിവിധ പ്രദേശങ്ങളിൽ ഒരേ വൈറസ് മൂലം നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിരിക്കുന്നതിനാൽ സഹകരണവും, കൂട്ടായ്മയും വളർത്തിയെടുക്കുക എന്നത് കടമയായി കരുതണമെന്നും ഫ്രഞ്ച് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കടങ്ങൾ ഇളച്ച് നൽകുന്നതിനെ പറ്റി ജി20, ജി7 രാജ്യങ്ങൾ ഈ ആഴ്ച ചർച്ച ചെയ്യാൻ ഇരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സില്‍ റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. 2000 ജൂബിലി വർഷത്തിൽ, ദരിദ്ര രാജ്യങ്ങളുടെ കടങ്ങൾ ഇളവു ചെയ്യണമെന്ന് ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ആഹ്വാനം ചെയ്തിരുന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/G7mvi3sa2IxD6CeYxCBFBE}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |