Content | കോട്ടയം: ഹൈദരാബാദില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയായ പത്തൊന്‍പതുകാരി നാട്ടില്‍ അവധിക്കെത്തിയപ്പോള്‍ പ്രണയം നടിച്ചു യുവാവും കൂട്ടാളികളും ചേര്‍ന്നു വീട്ടില്‍ നിന്നു കടത്തിക്കൊണ്ടുപോയതായി കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി. പരിചയം മറയാക്കി സോഷ്യല്‍ മീഡിയ വഴി ബന്ധം സ്ഥാപിച്ചാണ് പെണ്‍കുട്ടിയെ വലയിലാക്കിയതെന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പറയുന്നു. ഉന്നതവിജയം നേടി സ്കൂള്‍ പഠനം പൂര്‍ത്തിയാക്കി ഹൈദരാബാദില്‍ നഴ്സിംഗിനു പോയ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശിനിയായ പെണ്‍കുട്ടിയെ പാറത്തോടു സ്വദേശിയായ യുവാവാണ് വന്‍ സംഘത്തോടൊപ്പമെത്തി കൊണ്ടുപോയത്. ഹൈദരാബാദില്‍നിന്നെത്തി വീട്ടില്‍ ക്വാറന്റൈനില്‍ ആയിരുന്നു പെണ്‍കുട്ടി.
ക്വാറന്റൈന്‍ കാലാവധി തീരുന്ന ദിവസം രാത്രി ഉറങ്ങിക്കിടന്ന പിതാവും അനുജനും അറിയാതെ കടത്തിക്കൊണ്ടു പോയെന്നാണ് പരാതി. പെണ്‍കുട്ടിയുടെ അമ്മ വിദേശത്തു ജോലി ചെയ്യുകയാണ്. നഴ്സിംഗിനു ശേഷം മകള്‍ക്കു അവിടെ ജോലി തരപ്പെടുത്താന്‍ അമ്മ ശ്രമം നടത്തുന്നതിനിടെയാണ് മകള്‍ പ്രണയക്കെണിയിലായതെന്നു പിതാവ് പറയുന്നു. ഇതിനിടെ, നാടകീയ രംഗങ്ങള്‍ക്കു പോലീസ് സ്‌റ്റേഷന്‍ വേദിയായി. ഇത്തരം ബന്ധങ്ങളുടെ അപകടവും അനന്തര ഫലങ്ങളും എണ്ണിപ്പറഞ്ഞു പിതാവ് മകളുടെ കാലില്‍വീണു തിരിച്ചുവരണമെന്ന് അപേക്ഷിച്ചതു കണ്ടുനിന്ന പലരുടെയും കണ്ണുനനച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് സംഘത്തിന്റെ തട്ടിക്കൊണ്ടു പോകല്‍.
നിരവധി പെണ്‍കുട്ടികള്‍ അടുത്ത കാലത്തായി പ്രണയക്കെണികളില്‍ കുരുങ്ങി രാജ്യത്തിനു പുറത്തേക്കുതന്നെ കടത്തപ്പെടുക പോലും ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ മകളുടെ ഭാവിയെക്കുറിച്ചു കടുത്ത ആശങ്കയുണ്ടെന്നു പിതാവ് പറഞ്ഞു. പ്രണയക്കെണി നിര്‍ബന്ധിത മതംമാറ്റത്തിനും സ്വത്തു തട്ടിയെടുക്കലിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിനാല്‍ സമീപകാലത്ത് ഇതേ പ്രദേശത്തുണ്ടായ സമാനമായ സംഭവങ്ങളും അന്വേഷിക്കണമെന്നു ബന്ധുക്കള്‍ ആവശ്യപ്പെട്ടു. അതേസമയം പെണ്‍കുട്ടിയെ യുവാവിന്റെ അമ്മ മൊന്ത നല്‍കി വീട്ടിലേക്കു സ്വീകരിക്കുന്നതിന്റെ ഫോട്ടോ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അര്‍ദ്ധ രാത്രി തട്ടിക്കൊണ്ടു വരുന്ന പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ ഉറക്കമിളച്ച് പ്രതിയുടെ ഉമ്മ കാത്തിരിന്നതും പെണ്‍കുട്ടിയുടെ തലയില്‍ തട്ടം വീണതും അടക്കമുള്ള വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംഭവം ലവ് ജിഹാദ് ആണെന്ന ആരോപണം ശക്തമാണ്. ഇതിനെതിരെ സോഷ്യല്‍ മീഡിയായില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുക്കൊണ്ടിരിക്കുന്നത്. |