Content | പാലാ: പാലാ മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ അടുക്കള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11നാണു മാര്‍ കല്ലറങ്ങാട്ട് സമൂഹ അടുക്കള സന്ദര്‍ശനത്തിനെത്തിയത്. സമൂഹ അടുക്കളയിലെ പാചകക്കാരെ അഭിനന്ദിക്കുന്നെന്നും സമൂഹത്തിന് ആകെ ഒരു ദുരിതമുണ്ടായപ്പോള്‍ അവര്‍ക്കു സമയത്തിനു ഭക്ഷണം നല്‍കി ഊട്ടുന്നതു സാമൂഹ്യ പ്രതിബദ്ധത ഉള്ളവര്‍ക്കേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
പാലായിലെ സമൂഹ അടുക്കളയ്ക്കു മാത്രമല്ല എല്ലാ സമൂഹ അടുക്കളയ്ക്കും കഴിയുന്നത്ര സഹായം ചെയ്യണമെന്ന് എല്ലാ വൈദികര്‍ക്കും നിര്‍ദേശം നല്‍കിയ കാര്യവും ബിഷപ്പ് പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമിനിക്, സെക്രട്ടറി മുഹമ്മദ് ഹസീബ്, കൗണ്‍സിലര്‍മാരായ ബിനു പുളിക്കക്കണ്ടം, ടോമി തറക്കുന്നേല്‍ ജോബി വെള്ളാപ്പാണി, ബിജു പാലൂപടവില്‍, ജിജി ജോണി, സിജി പ്രസാദ്, പാലാ രൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ എന്നിവരും സന്നിഹിതരായിരുന്നു. പാലാ രൂപതയുടെ സഹായം നേരത്തെ സമൂഹ അടുക്കളയ്ക്കു നല്‍കിയിരുന്നു.
|