Content | പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന, വേദപാരംഗതയായ സിയന്നായിലെ വിശുദ്ധ കാതറീന്റെ അസാധാരണമായ ജ്ഞാനം എക്കാലത്തും സഭയിൽ പ്രസിദ്ധമാണ്. നിരവധി പാപികളെ മാനസാന്തരപ്പെടുത്തുവാനും, ജീവിച്ചിരിക്കുമ്പോൾ തന്നെ നിരവധി ആളുകള്‍ക്ക് ശാരീരികവും, ആത്മീയവുമായ സൗഖ്യവും നല്‍കുവാനും വിശുദ്ധ കാതറിന് സാധിച്ചു
അക്കാലത്ത് ഫ്ലോറെന്‍സിലേയും, പെറൂജിയായിലേയും, ടസ്കാനിയായിലെയും നല്ലൊരു ഭാഗം ജനങ്ങളും ഒരു സഖ്യമുണ്ടാക്കുകയും കത്തോലിക്കാ സഭക്കെതിരായി തിരിയുകയും ചെയ്തു. ഈ വാര്‍ത്ത വിശുദ്ധയുടെ ചെവിയിലുമെത്തി. ഗൂയെല്‍ഫ്സ്, ഗിബെല്ലിനസ് എന്നീ രണ്ട് വിരുദ്ധ കക്ഷികള്‍ ഫ്ലോറെന്‍സിനെ വിഭജിക്കുകയും പാപ്പാക്കെതിരായി ഐക്യത്തോടെ അണിചേരുകയും ചെയ്തു.
നിരവധി പ്രദേശങ്ങള്‍ അവര്‍ പിടിച്ചടക്കി. അവരുമായുള്ള മാധ്യസ്ഥ ചര്‍ച്ചക്ക് മജിസ്ട്രേറ്റുമാരും, മാർപാപ്പായും വിശുദ്ധ കാതറിനെയാണ് പരിഗണിച്ചത്. അതിന്‍ പ്രകാരം വിശുദ്ധ കാതറിന്‍ അവിഗ്നോണിലേക്ക് വന്നു. അവര്‍ക്കിടയില്‍ നിലനിന്നിരിന്ന ഭിന്നിപ്പുകള്‍ ഇല്ലാതാക്കുവാന്‍ വിശുദ്ധയ്ക്ക് കഴിഞ്ഞു. വിശുദ്ധയോട് ശത്രുത വെച്ച് പുലര്‍ത്തിയിരുന്ന നിരവധി ദൈവശാസ്ത്ര പണ്ഡിതന്മാർ വിശുദ്ധയുടെ ആത്മീയ അറിവിന്റെ വെളിച്ചത്തിനു മുന്‍പില്‍ അമ്പരന്നു പോയിട്ടുണ്ട്.
ഗ്രിഗറി പതിനൊന്നാമന്‍ മാര്‍പാപ്പയുടെ നിർദ്ദേശമനുസരിച്ച്, ഫ്ലോറെന്‍സിലെത്തിയ വിശുദ്ധ കാതറിൻ നിരവധി അപകട ഘട്ടങ്ങള്‍ തരണം ചെയ്ത് അവിടുത്തെ കുഴപ്പക്കാരായ ജനതയെ ശാന്തരാക്കുകയും, സമാധാനം പുനസ്ഥാപിക്കുകയും അവരെ പാപ്പായുടെ അധികാരപരിധിയില്‍ കൊണ്ട് വരികയും ചെയ്തു. ഈ കാലഘട്ടത്തിൽ വിശുദ്ധ കാതറിൻ, ഗ്രിഗറി പതിനൊന്നാമൻ മാർപാപ്പയ്ക്കെഴുതിയ കത്ത് എക്കാലത്തും പ്രസക്തമാണ്.
ദിശാബോധം നഷ്ടപ്പെട്ട ഇടയന്മാരുടെ പ്രവർത്തികളിൽ മനംനൊന്താണ് ആളുകൾ സഭ വിട്ടു പോയത് എന്ന് വിശുദ്ധ കാതറിൻ ഈ കത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇന്നും ആളുകൾ കത്തോലിക്കാ സഭ ഉപേക്ഷിച്ചു പോകുന്നു, വിശ്വാസികൾപോലും ദേവാലയങ്ങളിൽ നിന്നും അകന്നു കഴിയുന്നു. എന്തുകൊണ്ട്?
വിശുദ്ധ കാതറിൻ, ഗ്രിഗറി പതിനൊന്നാമൻ മാർപാപ്പയ്ക്കെഴുതിയ കത്തിന്റെ മലയാള പരിഭാഷ
#{red->n->n->ക്രൂശിതനായ യേശുവിന്റെ നാമത്തിൽ കന്യകാമറിയത്തിന്റെ നാമത്തിൽ, യേശുക്രിസ്തുവിലൂടെ വിശുദ്ധനും ബഹുമാനിതനുമായ പിതാവേ, കർത്താവിന്റെ തിരുരക്തത്താൽ ക്രിസ്തുവിന്റെ ദാസിയായ കാതറിൻ എന്ന ഈ വിനീതദാസി എഴുതുന്നത് .
അങ്ങയുടെ ആട്ടിൻപറ്റത്തെ ചെന്നായ വഹിച്ചുകൊണ്ടു പോകുന്നത് ഞാൻ കാണുന്നു. അവയെ രക്ഷിക്കാൻ ആരെയും കാണുന്നില്ല. മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹത്തിന്റെ ജ്വാലയിൽ സ്വയം അർപ്പിച്ച് കുരിശുമരണം വരിച്ച് മോചനമാർഗ്ഗം തുറന്നു തന്ന യേശുവിന്റെ പാതയിലൂടെ ചരിക്കുന്ന അങ്ങ്, ക്രൂശിതനായ യേശുവിന്റെ സഹായത്തോടെ, നഷ്ടപ്പെട്ടു പോകുന്ന ആട്ടിന്‍പറ്റത്തെ, പിശാചിന്റെ കരങ്ങളിൽ നിന്നും മോചിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
ദൈവത്തിന്റെ അനന്ത നന്മയാൽ, തിന്മയുടെ മേൽ വിജയം നേടാൻ ശാപവും യുദ്ധവുമല്ല വേണ്ടത് എന്ന് നാം അറിയുന്നു. തന്റെ വാക്കുകൾ ധിക്കരിച്ചവനായിട്ടു പോലും ദൈവം തന്റെ അനന്ത നന്മയാൽ സ്നേഹത്തിന്റെ വഴിയിലൂടെ മനുഷ്യവർഗ്ഗത്തെ രക്ഷിക്കാനെത്തുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് സ്നേഹം കൊണ്ടാണ്. അതു കൊണ്ട് മനുഷ്യൻ എപ്പോഴും സ്നേഹത്തിലേക്ക് ആകർഷിക്കപ്പെടുന്നു. മാതാപിതാക്കളിൽ നിന്നും മനുഷ്യൻ രൂപമെടുക്കുന്നതും സ്നേഹത്തിൽ നിന്നുമാണ്.
അതു കൊണ്ട് ദൈവം മനുഷ്യന് സ്നേഹത്തിന്റെ വചനം നൽകി: സ്നേഹവചനം മാംസമായി രൂപമെടുത്ത തന്റെ ഏകപുത്രൻ മനുഷ്യവർഗ്ഗത്തിന്റെ മോചനത്തിനായി ആഗതനായി.
ദൈവത്തിനെതിരായ പാപങ്ങൾക്ക് പക്ഷേ, ന്യായമായ പരിഹാരക്രിയ ആവശ്യമാണ്. ദൈവം തന്റെ അനന്തമായ കാരുണ്യത്താൽ തന്റെ ഏകപുത്രനെ ലോകത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി പീഠനങ്ങൾക്കും കുരിശുമരണത്തിനും ഏൽപ്പിച്ചു കൊടുക്കുന്നു. തന്റെ ഏകപുത്രന്റെ ആത്മബലിയിലൂടെ സംപ്രീതനായ പിതാവ് പിശാചുക്കളിൽ നിന്നും മനുഷ്യവർഗ്ഗത്തിന് മോചനം നൽകുന്നു.
ദൈവപുത്രൻ തന്റെ മരണത്തിലൂടെ നമുക്ക് നിത്യജീവൻ നൽകി. അനന്തമായ ആ സ്നേഹത്താൽ യേശു നമ്മെ അവിടുത്തെ സന്നിധിയിലേക്ക് അടുപ്പിച്ചു.
തന്റെ ശത്രുക്കളോടു യേശുവിനുള്ള സ്നേഹവും കരുണയും മൂലമാണ് സ്വന്തം ജീവൻ ത്യജിക്കാൻ അവിടുന്ന് തയ്യാറായത്. അതേ, ദൈവത്തിനെതിരായ പാപം ചെയ്ത മനുഷ്യൻ ദൈവത്തിന്റെ ശത്രുവായിരുന്നു. ആ ശത്രുവിനു വേണ്ടിയാണ് ദൈവം തന്റെ ഏകപുത്രനെ കുരിശുമരണത്തിന് ഏൽപ്പിച്ചു കൊടുത്തത്. അങ്ങനെ മനുഷ്യവർഗ്ഗത്തിന് നഷ്ടപ്പെട്ടിരുന്ന നിത്യ ജീവിതം, പാപപരിഹാര ബലിയിലൂടെ പുനസ്ഥാപിക്കപ്പെട്ടു.
നഷ്ടപ്പെട്ടു പോകുന്ന ആടുകളെ തിരിച്ചെത്തിക്കാൻ, മറ്റൊരു മാർഗ്ഗം എളിയവളായ എന്റെ ചിന്തയിൽ തെളിയുന്നില്ല. അതുകൊണ്ട്, സ്നേഹമുള്ള പിതാവെ, ഞാൻ അങ്ങയോട് അപേക്ഷിക്കുകയാണ്- വഴിപിരിഞ്ഞു പോകുന്നവരെ വിദ്വേഷത്തിലുടെ പിന്തുടരാതെ, സ്നേഹത്തോടെയും ദയയോടെയും നേരിടുക.
പിതാവെ, ഞങ്ങളെല്ലാം അവിടുത്തെ സ്വന്തമാണ്. സഭയിൽ നിന്നും വിട്ടു പോയവർക്ക് പശ്ചാത്താപമുണ്ട്. ആ പ്രത്യേക സന്ദർഭത്തിൽ സഭ വിട്ടു പോകാതെ മാർഗ്ഗമില്ല എന്നാണ് അവർ കരുതിയത്. പക്ഷേ ദിശാബോധം നഷ്ടപ്പെട്ട ഇടയന്മാരുടെ പ്രവർത്തികളിൽ മനംനൊന്താണ് അവർ സഭ വിട്ടു പോയത്.
അനവധി ഭരണാധികാരികൾ പിശാചുക്കളെ പോലെ പെരുമാറിയിട്ടുണ്ട്. സ്വന്തം അധികാരം സ്ഥാപിക്കാൻ വേണ്ടി പിലാത്തോസ് യേശുവിനെ കുരിശിലേറ്റാൻ വിധിച്ചതു പോലെ, ഇപ്പോഴത്തെ ഭരണാധികാരികൾ സ്വന്തം സ്ഥാനം കാത്തു സൂക്ഷിക്കാനായി അങ്ങയെ പീഠിപ്പിക്കുന്നു. അങ്ങ് അവരോട് ദയ കാണിക്കുക അങ്ങയുടെ മക്കളുടെ അജ്ഞതയും അഹന്തയും അങ്ങ് കണക്കിലെടുക്കരുതേ! പകരം അവരോട്സ്നേഹത്തോടെ ഇടപെട്ട് അവരെ അച്ചടക്കത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്ന് ഞാൻ അപേക്ഷിക്കുന്നു.
യേശുവിന്റെ നാമത്തിൽ ഞാൻ അങ്ങയോട് അപേക്ഷിക്കുകയാണ്, യുദ്ധവും വിദ്വേഷവുമില്ലാതെ അവരെയെല്ലാം തിരുസഭയിലേക്ക് തിരിച്ചു കൊണ്ടുവരാൻ അങ്ങ് സ്നേഹം ആയുധമാക്കുക! അത് അവർക്കും നമുക്കും സന്തോഷിക്കാനുള്ള അവസരമൊരുക്കും.
അതിനു ശേഷം ദൈവത്തിന്റെ ആഗ്രഹമനുസരിച്ച്, അങ്ങയുടെ ആഗ്രഹപ്രകാരം വിശുദ്ധമായ കുരിശുയുദ്ധത്തിന് സന്നദ്ധനായാലും. അവരെല്ലാം അത് ആഗ്രഹിക്കുന്നുണ്ട്. യേശുവിനു വേണ്ടി സ്വന്തം ജീവിതം ത്യജിക്കാൻ അവരെല്ലാം തയ്യാറാണ്. അങ്ങ് കുരിശിന്റെ കൊടി ഉയർത്തുമ്പോൾ ചെന്നായ്ക്കൾ ആട്ടിൻ കുട്ടികളായി മാറും. യുദ്ധം സമാധാനത്തിന് വഴിമാറും.
പകരം അവരോട് ന്യായമായ പ്രതികാരമാണ് അങ്ങ് ആഗ്രഹിക്കുന്നത് എങ്കിൽ ആ പീഠനവും മരണം തന്നെയും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. എനിക്ക് ധാരാളം തെറ്റുകളുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. അതു കൊണ്ട് ഏതു ശിക്ഷയ്ക്കും ഞാൻ അർഹയാണ് എന്ന് ഞാൻ അറിയുന്നു. പത്രോസ് അപ്പോസ്തലന്റെ പിൻഗാമിയായ അങ്ങയുടെ ഉചിതമായ തീരുമാനങ്ങൾക്കും അങ്ങയുടെ അനുഗ്രഹത്തിനുമായി ഞങ്ങളെല്ലാം കാത്തിരിക്കുകയാണ്. അങ്ങയ്ക്ക് ഈ എഴുത്ത് എഴുതാന്‍ തയ്യാറായ എന്റെ ധിക്കാരം അവിടുന്ന് പൊറുക്കണം.
യേശുവിന്റെ നാമത്തിൽ, സ്നേഹത്തോടെ
Sr.കാതറീന}# |