Content | യഥാര്‍ത്ഥവഴി യേശു മാത്രമാണ് എന്ന യാഥാര്‍ത്ഥ്യം മറന്നുകൊണ്ട് പാപത്തിന്റെ വഴിയെ നടക്കുന്ന അനേകം ക്രിസ്ത്യാനികള്‍ നമ്മുടെയിടയിലുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. നിശ്ചലരായ ക്രിസ്ത്യാനികള്‍, അനുസരണയില്ലാത്ത ക്രിസ്ത്യാനികള്‍, നാടോടികള്‍ക്ക് തുല്യരായ ക്രിസ്ത്യാനികള്‍, ആദ്ധ്യാത്മികയാത്ര പാതിവഴിയില്‍ നിര്‍ത്തുന്ന ക്രിസ്ത്യാനികള്‍ എന്നീ വിഭാഗങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നതെന്നാണ് പ. പിതാവ് പങ്ക് വെച്ചു. ചൊവ്വാഴ്ച സാന്താമാര്‍ത്താ ഭവന മന്ദിരത്തിലെ പ്രഭാത കുര്‍ബ്ബാനാര്‍പ്പണ മധ്യേ പ്രസംഗിക്കുകയായിരുന്നു മാര്‍പാപ്പ.
വിശ്വാസയാത്രയില്‍ വഴിയില്‍ കുടുങ്ങിപ്പോകുകയോ, തടസ്സങ്ങളില്‍പ്പെടുകയോ ചെയ്യാതെ ഇടതടവില്ലാതെ യേശുവിനെ പിന്‍തുടരേണ്ട ആവശ്യത്തെ പ്രതിഫലിപ്പിക്കുകയായിരുന്നു പോപ് ഫ്രാന്‍സിസ്. നിശ്ചലരായ ക്രിസ്ത്യാനികള്‍, നാടോടികള്‍ക്ക് സമാനരായ ക്രിസ്ത്യാനികള്‍, മര്‍ക്കടമുഷ്ടി ക്രിസ്ത്യാനികള്‍, പാതിവഴി ക്രിസ്ത്യാനികള്‍ എന്നിങ്ങനെ വിവിധ വ്യത്യസ്ത വിഭാഗത്തില്‍പ്പെട്ട ക്രിസ്ത്യാനികള്‍ നമ്മുക്ക് ചുറ്റുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
"വിശ്വാസയാത്രയില്‍ അനങ്ങുകയോ, മുന്നോട്ടു നീങ്ങുകയോ ചെയ്യാതെ, സുഗന്ധദ്രവ്യങ്ങളാല്‍ സംസ്‌ക്കരണം ചെയ്യപ്പെട്ട ഒരു മൃതശരീരത്തെ ഓര്‍മ്മപ്പെടുത്തുന്ന മാതൃകയിലുള്ള ക്രിസ്ത്യാനികളാണ് ആദ്യവിഭാഗം. വിശ്വാസ ജീവിതത്തില്‍ അല്പം പോലും മുന്നോട്ട് പോകാതെ, നിശ്ചലരായി നില്‍ക്കുന്ന 'അക്രൈസ്തവരായ' ക്രൈസ്തവരാണിവര്‍. ഇവര്‍ വിശ്വാസസമൂഹത്തില്‍ സന്നിഹിതരാണ്, പക്ഷെ വിശ്വാസജീവിതത്തില്‍ പുരോഗതി പ്രാപിക്കാതെ, ദൈവം നല്കിയ ജീവിതത്തെ മുരടിപിച്ച് നില്‍ക്കുന്നവരാണ്. സമൂഹത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താത്ത സ്വന്തം ജീവിതത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇവര്‍, അഴുകിപ്പോകാത്ത ശവശരീരങ്ങളെപ്പോലെയാണ്. ഇങ്ങനെയൊക്കെ പറയുന്നതില്‍ എനിക്കു അതിയായ ദുഃഖമുണ്ട്. എന്നിരിന്നാലും ഇത് പറയാതിരിക്കുന്നത് ശരിയല്ല". പാപ്പ പറഞ്ഞു.
"രണ്ടാമത്തെ വിഭാഗം മര്‍ക്കടമുഷ്ടിക്കാരായ ക്രിസ്ത്യാനികളുടെതാണ്. തെറ്റായ മാര്‍ഗ്ഗമാണ് തങ്ങള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് ഇക്കൂട്ടര്‍ക്ക് നല്ല ബോധ്യമുണ്ട്; പക്ഷെ, തങ്ങളുടെ പാത ശരിയായ മാര്‍ഗ്ഗമാണെന്ന്‍ അവര്‍ സ്വയം അനുമാനിക്കുന്നു; ശരിയായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കുവാന്‍ പറയുന്ന കര്‍ത്താവിന്റെ ശബ്ദം ഇവര്‍ കേള്‍ക്കുന്നില്ല. ഇക്കൂട്ടര്‍ ദുശാഠ്യക്കാരായ ക്രൈസ്തവരാണ്". പാപ്പ തുടര്‍ന്നു.
"അടുത്ത വിഭാഗം, നാടോടികളുടേതിന് സമാനരായ ക്രൈസ്തവരാണ്. ജീവിതത്തിന്റെ ലക്ഷ്യമെന്തെന്ന് അറിയാതെ മുന്നോട്ട് പോകുന്നവരാണിവര്‍. ജീവിതത്തിന്റെ സമയം മുഴുവന്‍ നഷ്ട്ടപ്പെടുത്തുന്ന ഇവര്‍, യേശുവില്‍ നിന്ന്‍ ഏറെ അകലയാണ്. തെറ്റായ വഴിയില്‍ നിന്നും തെറ്റായ വഴിയിലേക്ക് ഇവര്‍ ചരിക്കുന്നു. ജീവിതമാകുന്ന യാത്രക്കിടയില്‍ ഭൌതിക നേട്ടങ്ങളില്‍ ആകൃഷ്ടരായി പകുതിക്ക് വച്ച് നിര്‍ത്തുന്ന വിഭാഗത്തില്‍പ്പെട്ടവരാണ് അവസാന വിഭാഗത്തിലെ ക്രൈസ്തവര്‍".
ഒരു കാഴ്ചവസ്തുവിലോ ആരുടെയെങ്കിലും സൌന്ദര്യത്തിലോ ഭൌതിക നേട്ടങ്ങളിലോ ആകൃഷ്ട്ടരായി ഇവര്‍ വശീകരിക്കപ്പെടുന്നു. ഈ പറഞ്ഞ ക്രിസ്ത്യാനികളില്‍ നാമുണ്ടോയെന്ന് വിചിന്തനം ചെയ്യണമെന്നും നാം വഴി തെറ്റിപ്പോയവരാണോയെന്ന് എന്ന് സ്വയം തിരിച്ചറിയണണമെന്നും ഫ്രാന്‍സിസ് പാപ്പ കൂട്ടി ചേര്‍ത്തു.
"യേശുവിന്റെ വഴി കുരിശും സഹനവും നിറഞ്ഞതാണ്, പക്ഷെ, ഈ കുരിശിനെ സന്തോഷപൂര്‍വ്വം സ്വീകരിക്കുമ്പോള്‍ മാത്രമേ നമ്മുടെ ആത്മാവില്‍ സമാധാനം ഉണ്ടാകുക: ലൌകിക സുഖങ്ങള്‍ തേടി പോകുന്നവരാണോ അതോ ദൈനംദിന ജീവിതത്തില്‍ കാരുണ്യ പ്രവര്‍ത്തികള്‍ പ്രായോഗികമാക്കിക്കൊണ്ട് മുന്നോട്ട് പോകുന്നവരാണോ നാം ചിന്തിക്കേണ്ടിയിരിക്കുന്നു '' ഇങ്ങനെ പറഞ്ഞാണ് പരിശുദ്ധ പിതാവ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
|