Content | ഇരിട്ടി: കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്ത് രണ്ടാംകടവില്‍ മാതാവിന്റെ ദര്‍ശനമുണ്ടായതുമായി ബന്ധപ്പെട്ട് വിവാദങ്ങളും അനാവശ്യ പ്രചാരണങ്ങളും ഒഴിവാക്കണമെന്ന് തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. തലശ്ശേരി അതിരൂപതയിൽ ഈസ്റ്റര്‍ ഞായറാഴ്ച ലഭിച്ച മരിയൻ ദര്‍ശനം ആധികാരികമായി വിലയിരുത്തുന്നത് സഭയിൽ ഇത്തരം ദര്‍ശനങ്ങളും അതിസ്വാഭാവിക സംഭവങ്ങൾ വിലയിരുത്തുന്നത്തിനു വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. കോൺഗ്രിഗേഷൻ ഓഫ് ഡോക്ടറെയ്ൻ ഫെയ്ത് പുറത്തിറക്കിയ ഒരു മാർഗ്ഗരേഖയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
ഫാത്തിമയിലെ രഹസ്യം പുറത്തിറക്കിയ മറ്റൊരു മാർഗ്ഗരേഖയുണ്ട്. രേഖ പരിഷ്കരിച്ചുകൊണ്ട് വീണ്ടും വിശ്വാസ തിരുസംഘം മാർഗരേഖ പുറത്തിറക്കിയിട്ടുണ്ട്. ഈ മാർഗരേഖകളുടെ വെളിച്ചത്തിൽ ആണ് ഇത്തരം സംഭവങ്ങളെ സഭ വിശകലനം ചെയ്യുന്നതും പഠന വിധേയമാക്കുന്നതും അതിന്റെ ആധികാരികത നിര്‍ണ്ണയിക്കുന്നതും. വാസ്തവത്തിൽ ഇപ്രകാരം ഒരു പഠനം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിൽ വാട്സ്ആപ്, ഫേസ്ബുക്ക് പോലെയുള്ള മാധ്യമങ്ങളിലൂടെ വ്യക്തികൾ തന്നെ പ്രചാരണം നടത്തുന്നത് സഭയുടെ നിലപാടിന് എതിരായുള്ള വസ്തുതയാണ്.
പരിശുദ്ധ പിതാവ് ബെനഡിക്ട് മാർപാപ്പ വിശ്വസതിരുസംഘത്തിന്റെ തലവനായിരുന്നപ്പോൾ പുറത്തിറക്കിയ മാർഗ്ഗരേഖയിൽ രണ്ടു തരം വെളിപാട് സഭയിലുണ്ടെന്ന് വിശദീകരിക്കുന്നു. ഒന്നാമത്തേത് പൊതു വെളിപാട്, മറ്റൊന്ന് സ്വകാര്യ വെളിപാട്. ദൈവമായ കർത്താവു രക്ഷാകര പദ്ധതി പൂർത്തീകരിച്ച വെളിപാട്, വിശുദ്ധ ഗ്രന്ഥത്തിൽ രചിക്കപ്പെട്ടിട്ടുള്ള വെളിപാടിനെയാണ് പൊതു വെളിപാടു എന്ന് പറയുന്നത്. സ്വകാര്യ വെളിപാട് എന്ന് പറയുന്നത് ഒരു വ്യക്തിയ്ക്ക് സ്വർഗത്തിൽ നിന്നോ ദൈവത്തിൽ നിന്നോ ലഭിക്കുന്ന ഉൾക്കാഴ്ചകൾ അല്ലെങ്കിൽ അരുളപ്പാടുകൾ, സന്ദേശങ്ങൾ എന്നിവയാണ്. പൊതു വെളിപാട് എല്ലാ വിശ്വാസികളും അംഗീകരിക്കേണ്ടതും വിശ്വസിക്കേണ്ടതുമായ സത്യമാണ്.
എന്നാൽ സ്വകാര്യ വെളിപാടുകൾ എല്ലാവരും അംഗീകരിക്കണമെന്ന് സഭ നിർബന്ധം പിടിക്കുന്നില്ല. ഒരു സ്വകാര്യ വെളിപാടിന്റെ ആധികാരികത സഭ അംഗീകരിച്ചാൽ പോലും, ആ സ്വകാര്യ വെളിപാടിനെ അംഗീകരിക്കണമോ സ്വീകരിക്കണമോ എന്ന് വിവേചന ബുദ്ധിയോടെ തീരുമാനം എടുക്കാനുള്ള അവകാശം വിശ്വാസികൾക്ക് ഉണ്ട് എന്നതാണ് സഭയുടെ നിലപാട്. രണ്ടാമതായി ഈ പൊതുവെളിപാടു ഈശോമിശിഹായിൽ പൂർത്തീകരിക്കപ്പെട്ട സത്യമാണ്. ഈശോയിൽ പൂർത്തീകരിക്കപ്പെട്ടതു ബൈബിളിൽ രേഖപെടുത്തിയതുമായതുമായ വെളിപാടിനേക്കാൾ അധികമായി ഒരു വെളിപാടും ഈ ഭൂമിക്കു ലഭിക്കാനില്ല എന്നതാണ് സഭയുടെ നിലപാട്. അതുകൊണ്ടു തന്നെ ഒരു സ്വകാര്യ വെളിപാടിലൂടെ പുതിയ ആശയങ്ങളോ വിശ്വാസസംഹിതകളോ രൂപപെടുമെന്നു പരിശുദ്ധ കത്തോലിക്ക സഭ പഠിപ്പിക്കുന്നില്ലെന്നും നാം തിരിച്ചറിയണം.
സ്വകാര്യ വെളിപാടിനെ വിശദീകരിക്കുമ്പോൾ അഥവാ നിജസ്ഥിതി വെളിപ്പെടുത്താൻ പരിശ്രമിക്കുമ്പോൾ നമ്മൾ പരിശോധിക്കേണ്ടതു ചില വസ്തുതകളിലൂടെയാണ്. ഒന്നാമതായി ഇത്തരം ദർശനങ്ങളുടെ സ്വഭാവം നിർണയിക്കും. ദർശനങ്ങൾ കണ്ണ് കൊണ്ട് കാണുന്നതാകാം, അല്ലെങ്കിൽ ധ്യാനത്തിലായിരിക്കുമ്പോൾ ലഭിക്കുന്ന ആന്തരികമായ ഉള്‍കാഴ്ചകളാകാം. എന്നാൽ ഇവ ദൈവിക ദർശനങ്ങൾ അല്ല. പല വിശുദ്ധ ആത്മാക്കൾക്കും ഇതിനോടകം ഇത്തരം ദര്‍ശനങ്ങൾ ലഭിച്ചതായി സഭ അംഗീകരിച്ചിട്ടുണ്ട്. ദൈവിക ദർശനങ്ങളെ മനോവൈകല്യങ്ങൾ കൊണ്ട് ലഭിക്കുന്നതാണോ എന്നറിയാൻ ആ വ്യക്തിയെ മനോവിദഗ്ധന്മാർ പരിശോധിക്കേണ്ടതുണ്ട്, എന്നത് സഭയുടെ നിബന്ധനയാണ്.
ഇനി മറ്റൊരു സാധ്യത ദൈവിക ദര്‍ശനങ്ങളുടെ രൂപത്തിൽ ചില പൈശാചിക ശക്തികൾ ദര്‍ശനം തരും. അതായതു, ഒരു വെളിപാട് വ്യക്തിക്ക് ലഭിച്ചു എന്ന് പറയുമ്പോൾ അത് അംഗീകരിച്ചു പ്രസിദ്ധപ്പെടുത്തണമെന്ന നിർബന്ധബുദ്ധി ആർക്കും പാടില്ല. സഭ ഇതേക്കുറിച്ചു നൽകിയിരിക്കുന്ന നിർദ്ദേശം, സ്വകാര്യ വെളിപാടിനെ കുറിച്ച് പഠിക്കാൻ ആവശ്യത്തിന് സമയം എടുക്കണം എന്നുള്ളതാണ്. . ആവശ്യത്തിന് സമയം എടുക്കണമെന്ന് പറയുമ്പോൾ രണ്ടു കാര്യമാണ് ഉണ്ട്. ഒന്ന് പ്രസ്തുത വെളിപാട് ആ വ്യക്തിക്ക് മാത്രം നല്കപ്പെടുന്നതോ ആ കുടുംബത്തിന് നല്കപ്പെടുന്നതോ ആയിരിക്കാം. സാർവത്രിക സഭയ്ക്കു മുഴുവനുള്ള വെളിപാടുകൾ ആകണമെന്നില്ല. അതുകൊണ്ടു തന്നെ ഈ വെളിപാടുകൾ നമ്മൾ പഠിക്കുന്നതിനു സമയമെടുക്കും.
രണ്ട്- ഈ വെളിപാടുകൾ ആ വ്യക്തിയ്ക്ക് ലഭിക്കുന്നത് നാളുകൾ കൊണ്ടായിരിക്കും .സ്വർഗ്ഗീയമായ വെളിപാടുകൾ ലഭിക്കുന്ന വ്യക്തികൾക്ക് അത് പൂർണതയിൽ മനസിലാക്കണമെന്നില്ല. ലൂർദിലും ഫാത്തിമയിലും മാതാവ് പ്രത്യക്ഷപെട്ടു സംസാരിച്ചപ്പോൾ മാതാവ് പറഞ്ഞ കാര്യങ്ങൾ ആ കുഞ്ഞുങ്ങൾക്ക് മനസിലായത് വളരെ വൈകിയാണ്. മാതാവ് തന്നെ അവർക്കു വിശദീകരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അതിനാൽ ഇത്തരം വെളിപാടികൾ വിലയിരുത്താൻ നിർദ്ദേശിച്ചിരിക്കുന്നത് അതാതു പ്രദേശത്തെ മെത്രാനെയോ മെത്രാപ്പോലീത്തായോയാണ്.
തലശ്ശേരി അതിരൂപത മെത്രാൻ മാർ ജോർജ് ഞരളക്കാട്ട് പിതാവാണ് ഈ ദര്‍ശനത്തെക്കുറിച്ചു ആധികാരികമായി സംസാരിക്കേണ്ടത്. പിതാവ് ഈ വസ്തുതകൾ അറിഞ്ഞു ഇതിനെ പഠിക്കുവാൻ സമിതിയെ നിയോഗിക്കും. തുടർന്ന് സീറോ മലബാർ സിനഡ് ചർച്ച ചെയ്യും. തുടർന്ന് റോമിലെ വിശ്വാസ കാര്യാലയത്തിലേക്കു ഈ കാര്യം നിർദ്ദേശിക്കാവുന്നതാണ്. തലശ്ശേരി അതിരൂപതയിലെ വിളക്കന്നൂർ ദിവ്യകാരുണ്യ അത്ഭുതം ഇപ്പോൾ റോമിലെ വിശ്വാസകാര്യാലയത്തിന്റെ പഠനത്തിലാണ്.
തിരുസഭയിൽ ദർശനങ്ങൾ കൈകാര്യം ചെയ്യുന്നതിന് തിരുസഭാമാതാവ് നൽകിയ നിർദ്ദേശങ്ങൾ നിലനിൽക്കുമ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ ചർച്ച ചെയുന്നത് തീർത്തും ഒഴിവാക്കേണ്ടതാണ്. കൂടുതൽ പഠനത്തിന് ശേഷം മാത്രമാണ് വെളിപാടുകൾ സഭ അംഗീകരിക്കുന്നത്. വെളിപാട് ലഭിക്കുന്ന സഹോദരനോട് സന്ദേശങ്ങള്‍ രേഖപ്പെടുത്തി വെക്കുവാന്‍ അതിരൂപത ആവശ്യപ്പെട്ടിട്ടുണ്ട്. അത് ആ സഹോദരന്‍ ചെയ്യുന്നുമുണ്ട്. അനാവശ്യ ചർച്ചകൾ ഒഴിവാക്കി സ്വർഗ്ഗം ആഗ്രഹിക്കുന്ന സമയത്തു സഭാമക്കൾക്കു ഔദ്യോഗികമായി വിശദീകരിക്കും വരെ സഭാമക്കളെല്ലാം ഇക്കാര്യത്തിൽ സംയമനം പാലിച്ചു സഭയോടൊപ്പം നിലകൊള്ളണമെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FUFTCOK0JiI27uSWwaacbD}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |