category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആനിക്കുഴിക്കാട്ടില്‍ പിതാവ് മലയോര ജനതയുടെ നൊമ്പരങ്ങള്‍ അറിഞ്ഞ അജപാലകന്‍: കർദ്ദിനാൾ ആലഞ്ചേരി
Contentകാക്കനാട്: മലയോരജനതയുടെ നൊമ്പരങ്ങള്‍ അറിഞ്ഞ് അവര്‍ക്കുവേണ്ടി തന്‍റെ മെത്രാനടുത്ത ശുശ്രൂഷനിര്‍വ്വഹിച്ച അജപാലകപ്രമുഖനാണ് കാലംചെയ്ത മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ് എന്ന് സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. ഇടുക്കി രൂപതയുടെ പ്രഥമമെത്രനെന്ന നിലയില്‍ പതിനഞ്ചുവര്‍ഷം ആ പ്രദേശത്തെ ജനങ്ങളുടെ ആത്മീയവും ഭൗതികവുമായിട്ടുള്ള വളര്‍ച്ചയ്ക്കും പുരോഗതിക്കും വേണ്ടി അദ്ദേഹം ജീവിതം സമര്‍പ്പിച്ചു. ആദ്ധ്യാത്മികതയിലൂന്നിനിന്നുകൊണ്ട് ജനങ്ങളുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അദ്ദേഹം പരിശ്രമിച്ചു. അതിനായി സഭയുടെയും സര്‍ക്കാരുകളുടെയും സംവിധാനങ്ങളെ പ്രയോജനപ്പെടുത്തിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. ഇടുക്കി പ്രദേശത്തെ ജനങ്ങള്‍ കര്‍ഷകരാണ്. കേരളത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് അവര്‍ക്ക് തനതായപ്രശ്നങ്ങളുണ്ട്. ഭൂമിക്ക് പട്ടയം, വിളകള്‍ക്ക് വില, പ്രകൃതിക്ഷോഭംകൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം ഇവയെല്ലാം അവിടത്തെ ജനങ്ങളുടെ പ്രശ്നങ്ങളാണ്. ഈ പ്രശ്നങ്ങള്‍ക്കു പരിഹാരംകാണുവാനും അവിടത്തെ ജനതയുടെ അവകാശങ്ങള്‍ അംഗീകരിക്കപ്പെടാനുംവേണ്ടി സമരങ്ങള്‍ക്കും ജനകീയ മുന്നേറ്റങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളിലെ കര്‍ഷകവിരുദ്ധ നിലപാടുകള്‍ക്കെതിരെ അദ്ദേഹം നയിച്ച ജനകീയ സമരം ചരിത്രത്തിന്‍റെ ഭാഗമാണ്. കര്‍ഷക കുടുംബങ്ങളുടെ നിലനില്‍പ്പിനും പുരോഗതിക്കും ആവശ്യമായ കുടുംബഭദ്രത അദ്ദേഹം എപ്പോഴും ലക്ഷ്യംവച്ചിരുന്നു. ജീവന്‍റെ സംരക്ഷണം, മക്കള്‍ക്കു ജډം നല്‍കുന്നതില്‍ മാതാപിതാക്കള്‍ക്കുണ്ടായിരിക്കേണ്ട ഉത്തരവാദിത്വബോധം, കുടുംബസമാധാനം നശിപ്പിക്കുന്ന മദ്യപാനത്തിനെതിരെയുള്ള നിലപാട്, സംഘടിത മുന്നേറ്റങ്ങളുടെ ആവശ്യം ഇവയെല്ലാം പിതാവിന്‍റെ പ്രവര്‍ത്തനത്തിന്‍റെ സവിശേഷമായ ഊന്നലുകളായിരുന്നു. വിചാരങ്ങളും വികാരങ്ങളും മറയില്ലാതെ പ്രകടിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ സംസാരശൈലി. സത്യം മറച്ചുവയ്ക്കുന്ന നയതന്ത്രജ്ഞത അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ആര്‍ജ്ജവത്വത്തോടുകൂടി ഉള്ളകാര്യങ്ങള്‍ തുറന്നുപറഞ്ഞ് ജനങ്ങളെ നന്മയിലേയ്ക്ക് നയിക്കുവാന്‍ അദ്ദേഹം പരിശ്രമിച്ചു. അതുപോലെതന്നെ, പൊതുസമൂഹത്തിന്‍റെയും നേതാക്കളുടെയും ഭരണസംവിധാനങ്ങളുടെയും അനാവസ്ഥനിറഞ്ഞ സമീപനങ്ങളെ ചോദ്യം ചെയ്യാനും പിതാവ് മടികാണിച്ചില്ല. ഇടുക്കി രൂപതാദ്ധ്യക്ഷന്‍റെ ഉത്തരവാദിത്വങ്ങള്‍ക്കുപുറമേ കെ. സി. ബി. സിയുടെ കുടുംബങ്ങള്‍ക്കും അല്‍മായര്‍ക്കും ജീവനും വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍, പിന്നോക്കകാര്‍ക്കായുള്ള കമ്മീഷന്‍ അംഗം, സീറോമലബാര്‍ മെത്രാന്‍ സിനഡിന്‍റെ ആലുവ പൊന്തിഫിക്കല്‍ സെമിനാരി കമ്മീഷന്‍ അംഗം എന്നീ നിലകളിലും അദ്ദേഹം തനതായ സംഭവനകള്‍ നല്‍കിയിട്ടുണ്ട്. ഈവിധം ജനജീവിതത്തില്‍ നിറഞ്ഞു നിന്നു പ്രവര്‍ത്തിച്ച മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പിതാവ് ഈ ലോകത്തോട് വിടപറഞ്ഞുവെന്നുവരികിലും അദ്ദേഹം ജനഹൃദയങ്ങളില്‍ എന്നും ജീവിക്കുമെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2020-05-03 08:08:00
Keywordsആലഞ്ചേ
Created Date2020-05-03 08:09:13