Content | കൊറോണ മഹാമാരിയുടെ കെടുതികളിൽ നിന്ന് ലോകം മുക്തി നേടുന്നതിനുവേണ്ടി ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്ത പ്രാർത്ഥനാദിനത്തിൽ യുകെയിലെ മലങ്കര കത്തോലിക്കാ സഭ സമൂഹം 13 മണിക്കൂർ ദിവ്യകാരുണ്യ ആരാധന നടത്തി. ഇന്നലെ വ്യാഴാഴ്ച രാവിലെ ഒന്‍പതിന് ഫാ. ജോൺസൻ മനയിൽ അർപ്പിച്ച വി. കുർബാനയോടു കൂടി ആരംഭിച്ച പ്രാർത്ഥനാദിനം രാത്രി 10-ന് മലങ്കര ക്രമത്തിലെ പ്രത്യേക ദിവ്യകാരുണ്യ ആശീർവാദത്തോടു കൂടിയാണ് അവസാനിച്ചത്. യുകെ മലങ്കര കത്തോലിക്കാ സഭ കോഓർഡിനേറ്റർ ഫാ. തോമസ് മടുക്കുംമൂട്ടിൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനമായിരുന്ന മെയ് 13ന് പിറ്റേന്ന് പ്രഭാതം മുതലുള്ള 13 മണിക്കൂർ ആരാധന വലിയ കൃപയുടെ അനുഭവം തന്നെയായിരുന്നു. സഭയുടെ 18 മിഷൻ കൂട്ടായ്മകൾ വിവിധ സമയങ്ങളിൽ പ്രാർത്ഥനകൾ നയിച്ചു. അനേകം വിശ്വാസികള്‍ ഓൺലൈനായി നടന്ന ദിവ്യകാരുണ്യ ആരാധനയിൽ പങ്കുചേർന്നു. യുവജനങ്ങളുടെയും കുഞ്ഞുങ്ങളുടെയും സജീവമായ പങ്കാളിത്തം പ്രതികൂലമായ സാഹചര്യങ്ങളിലും വിശ്വാസസമൂഹത്തിനു വലിയ പ്രത്യാശ പകർന്നു. ഫാ. രഞ്ജിത്ത് മടത്തിറമ്പിൽ, ഫാ. ജോൺ അലക്സ്, എന്നിവർ ആരാധനയിലുടനീളം പ്രാത്ഥനകൾക്ക് നേതൃത്വം നൽകി. നമുക്ക് ലഭിച്ച ക്രിസ്തുവിന്റെ പ്രകാശംഫ്രാൻസിസ് മാർപാപ്പ ഓർമിപ്പിച്ചതു പോലെ, പ്രാർത്ഥനയിലൂടെയും ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെയും ലോകത്തിനു സംലഭ്യമാക്കണമെന്നു ഫാ. തോമസ് മടുക്കുംമൂട്ടിൽ സന്ദേശത്തിൽ വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.
ദിവ്യകാരുണ്യ ആശീർവാദത്തിന് മുന്നോടിയായി സമാപന ആരാധനയ്ക്ക് ഫാ. മാത്യു നെരിയാട്ടിൽ നേതൃത്വം നൽകി . കോവിഡ് മഹാമാരിയുടെ ദുരന്തഫലങ്ങൾ ഏറ്റവുമധികം അനുഭവിക്കുന്ന യു കെ യിലെ പൊതുസമൂഹത്തോടുള്ള മലങ്കര കൂട്ടായ്മയുടെ പ്രതിബദ്ധതയും ഐക്യദാർഢ്യവും ഊട്ടിയുറപ്പിക്കുന്ന അനുഭവമായിരുന്നു അഖണ്ഡ ദിവ്യകാരുണ്യ ആരാധന. മലങ്കര കത്തോലിക്കാ സഭാ തലവൻ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് ബാവായുടെയും അപ്പസ്തോലിക വിസിറ്റർ മാർ തിയഡോഷ്യസിന്റെ യും ആശീർവാദവും ഈ ശുശ്രൂഷകൾക്കുണ്ടായിരുന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |