Content | സന്യസ്തരെ പൊതുവേ അഭിസംബോധന ചെയ്യുക സമർപ്പിതരെന്നാണ്. യേശുവിനായി ജീവിതം മുഴുവനായി മാറ്റി വച്ചവരാണ് ഓരോ സന്യസ്തരും. ലോകത്തിന്റെ ദൃഷ്ടിയിൽ ഭോഷത്തമായും, നഷ്ടമായും വ്യാഖ്യനിക്കപ്പെടാവുന്ന ജീവിതങ്ങൾ. സമർപ്പിതരുടെ ഏക ആശ്രയം വിളിച്ചു വേർതിരിച്ചു മാറ്റി നിർത്തിയ യേശുവിലാണ്. ഇന്നത്തെ കാലഘട്ടത്തിൽ സന്യസ്ത ജീവിതത്തെ അധിക്ഷേപിക്കാനും സന്യാസത്തിലേക്കുള്ള വിളിയുടെ അന്തഃസത്ത ചോർത്തിക്കളയാനും സംഘടിതമായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുവെന്നത് തികച്ചും വേദനാജനകവും തീർത്തും ദൗർഭാഗ്യകരവുമാണ്.
ഈ ലോകത്തിലുള്ള ഒരു മനുഷ്യനും പൂർണ്ണനല്ല. കുറവുകളുടെ ആകെ തുകയാണ് ഓരോ മനുഷ്യനും. കുറവുകളോ ബലഹീനതകളോ ഇല്ലാത്ത മനുഷ്യരില്ല. സമർപ്പിതരിലും വൈദികരിലും കുറവുകൾ ഉണ്ട്. സമർപ്പിതർക്കെതിരായ ആക്രമണങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുന്ന ഒരു ലോകത്തിൽ സന്യാസവും പൗരോഹിത്യവും കലഹരണപ്പെട്ടവയാണ് അവ തച്ചുടയ്ക്കപ്പെടണമെന്ന് നിരന്തരം ആഹ്വ്നം ചെയ്യുന്ന സ്വയം പ്രഖ്യപിത സാമൂഹിക പരിഷ്കർത്താക്കൾ സാത്താന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിക്കുന്നുണ്ടെന്ന കാര്യം നാം വിസ്മരിച്ചുകൂടാ. പൗരോഹിത്യ സന്യാസത്തിലേക്കുള്ള ദൈവവിളികൾ ഇത്തരം പ്രവർത്തനങ്ങളിലൂടെ കുറയ്ക്കാം എന്നുള്ളത് വെറും ദിവാസ്വപ്നം മാത്രമാണ്.
സോഷ്യൽ മീഡിയയിലൂടെയുള്ള വ്യക്തിഹത്യ ഇന്ന് തീർത്തും സാധാരണമായി മാറിയിരിക്കുന്നു. മരിക്കുന്നത് ഒരു സന്യാസിനി ആണെങ്കിൽ അതിനെ എത്രയും പെട്ടെന്ന് കൊലപാതകമാക്കി മാറ്റാനും അതിന്റെ പുറകിൽ വൈദികരാണെന്ന് വരുത്തിത്തീർക്കാനും മരണത്തിന്റെ കാരണം ചികഞ്ഞു കൽപ്പിത കഥകൾ മെനയുവാനും വെമ്പൽകൊള്ളുന്ന സാംസ്‌കാരിക നായകരും സ്വയം പ്രഖ്യപിത മനുഷ്യാവകാശ പ്രവർത്തകരും വർദ്ധിച്ചുവരുന്നു.
സഭയെ ഏത് വിധേനയും നേരേയാക്കിയിട്ടേയുള്ളു എന്ന് പ്രതിജ്ഞ എടുത്തിറങ്ങിയിരിക്കുന്നവരും, ഫെസ്ബുക് ജഡ്ജിമാരും, സഭയിൽ നിന്നും തന്റേതായ കാരണത്താൽ ദൈവവിളി നഷ്ടപ്പെടുത്തുകയോ പുറത്താക്കപ്പെടുകയോ ചെയ്തവരും, ഏത് വിധേനയും കത്തോലിക്കാ സഭ നശിച്ചു കാണണമെന്നാഗ്രഹിക്കുന്നവരും, ഒരു പ്രതേകതരം നിരീശരവാദികളും, ഭൗതിക വാദികളും, ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കളും ഇന്ന് സന്യാസ ജീവിതത്തിനെതിരെ ഉറഞ്ഞുതുള്ളുന്നുണ്ട്.
കത്തോലിക്ക സഭയിലെയോ സന്യസ്ത ജീവിതം നയിക്കുന്ന വ്യക്തികളിലെയോ നന്മകളോ പുണ്യമോ ഇന്ന് ആർക്കും കാണേണ്ട. നന്മകൾ ചെയ്തു കടന്നുപോകുന്നവർ, സംഭവങ്ങൾ ഇവയൊന്നും ആർക്കും പങ്കുവയ്ക്കുകയും വേണ്ടാ. ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം, ശവം തീനികളായ കഴുകന്മാർ എവിടെ ശവം വീഴുമെന്ന് കാത്തു വട്ടമിട്ട് കറങ്ങുന്നതുപോലെ, സഭയ്‌ക്കെതിരെ എന്തെങ്കിലും വീണു കിട്ടാൻ മഴയ്ക്കുവേണ്ടി വേഴാമ്പൽ കാത്തിരിക്കുന്നതുപോലെയാണ് ചില മനുഷ്യർ കത്തോലിക്കാ സഭയെ ലക്ഷ്യം വച്ചിരിക്കുന്നത്.
ഇന്ന് സോഷ്യൽ മീഡിയയിൽ ആരുടെയെങ്കിലും കണ്ണുനീരോ, വേദനയോ ആഘോഷമാക്കുന്നുണ്ടെങ്കിൽ അത് ഒരു തരം മനസികരോഗമാണ്. നിർഭാഗ്യവശാൽ ഇന്ന് ഈ മാനസിക രോഗികളുടെ എണ്ണം കൊറോണ വൈറസ് ബാധിതരെക്കാൾ വളരെക്കൂടുതലാണ്. ഉള്ളിൽ ഇല്ലാത്ത നന്മ പുറമേയും കാണില്ല. തനിക്ക് സാധിക്കാത്ത കാര്യം മറ്റൊരാൾ ചെയ്യുമ്പോൾ അതെങ്ങനെ അംഗീകരിക്കും ? വെറുപ്പും, വിദേഷവും, പകയും, മാത്സര്യവും, വർഗ്ഗീയതയും, ചേരിതിരിവും, കുത്തിത്തിരിപ്പും, ചീഞ്ഞളിഞ്ഞ പൈങ്കിളി കഥകളും, സ്വന്തം ജീവിതവും ചേർത്തുവച്ചു എഴുതിപിടിപ്പിക്കുന്ന നുണകഥകൾക്ക് ഇന്ന് ആസ്വ്ദകർ വര്ധിച്ചുവരുമ്പോൾ വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടാവുക തികച്ചും സ്വഭാവികമാണ്.
സോഷ്യൽ മീഡിയ ജഡ്ജിമാരുടെ എണ്ണം ഇന്ന് ഉത്തരോത്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നു. കത്തോലിക്ക സഭക്കെതിരെ എഴുതാനും പറയാനും കിട്ടുന്ന ഒരവസരവും പാഴാക്കാതെ അഭംഗുരം തങ്ങളുടെ കർത്തവ്യത്തിൽ മുഴുകിയിരിക്കുന്നവരോടൊക്കെ ഒരു കാര്യം മാത്രം സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു 2020 വർഷങ്ങളായി കത്തോലിക്ക സഭ ഇവിടുണ്ട് ഇനിയും ആരൊക്കെ എന്തൊക്കെ നിറം പിടിപ്പിച്ച കഥകൾ എഴുതിപിടിപ്പിച്ചാലും, ഭാവനകൾ നിറഞ്ഞ തിരക്കഥകൾ രചിച്ചാലും സഭ ഇവിടെ തന്നെയുണ്ടാകും.
ആദ്യം സ്വന്തം കുടുംബത്തിലെ സ്ത്രീകളെ സ്വതന്ത്രരാക്കുക, അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നിട്ട് പോരെ കത്തോലിക്ക സഭയിലെ സന്യാസിനികളുടെ ജീവിതത്തിൽ ഇടപെടേണ്ടു.
സന്യാസം നേരാംവണ്ണം ജീവിക്കാതെ, അധികാരികളെ അനുസരിക്കാതെ, സന്യാസ സഭയുടെ നിയമങ്ങൾ പാലിക്കാതെ, സ്വന്തം സഭയെ ഏതുവിധേനയും സമൂഹമദ്ധ്യത്തിൽ താറടിച്ചു കാണിക്കുന്ന, വായ് തുറന്നാൽ ഉള്ളിൽ കെട്ടികിടക്കുന്ന ദുർഗന്ധം വമിപ്പിക്കുന്ന ചില വ്യക്തികളിലൂടെയാണ് സന്യസ്‌തരെ മനസിലാക്കുന്നതെങ്കിൽ അത് നിർബാധം തുടരുക വഴിതെറ്റിപ്പോയ ഒറ്റുകാരൻ യൂദാസിലൂടെ യേശുവിനെ മനസിലാക്കുന്നതിന് തുല്യമാണത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |