Content | വേനലവധികാലഘട്ടത്തിലെ പറപ്പൂരുകാരുടെ പ്രാദേശികോൽസവമായ, സെന്റ് ജോൺ നെപുംസ്യാൻ ഫൊറോന പള്ളിയിലെ ചക്കപ്പെരുന്നാൾ (മെയ് 16, 17, 18), കോവിഡ് ഭീതി തീർത്ത വിജനതയിലൊതുങ്ങുകയാണ്. നവംബറിലെ "തമുക്കു തിരുനാൾ" ബന്ധുമിത്രാദികൾക്കും ജില്ലയിലെ തന്നെ വിശ്വാസ സഹസ്രങ്ങൾക്കും പെരുന്നാൾ പ്രേമികൾക്കും പ്രിയപ്പെട്ടതെങ്കിൽ, വേനലവധിയിലെ ലോന മുത്തപ്പന്റെ തിരുനാൾ ഒരു പരിധി വരെ വീട്ടുകാരുടേയും നാട്ടുകാരുടേയും സ്വകാര്യതയാണ്.
കെട്ടിച്ചു വിട്ട പെൺമക്കളും അവരുടെ മക്കളും പഴയ തലമുറയിലെ അമ്മായിമാരും അവരുടെ മക്കളുമൊക്കെയായി കൊടിയേറ്റു മുതൽ തിരുനാൾ ദിനം വരെ ഒരാഴ്ച വരെ നീളുന്ന തിരുനാൾ മാമാങ്കം.ലോന മുത്തപ്പന്റെ (നെപ്പോമുക്കിലെ വി.ജോൺ അല്ലെങ്കിൽ വി.ജോൺ നെപുംസ്യാൻ ) നാമധേയത്തിലുള്ള കേരളത്തിലെ ചുരുക്കം ദൈവാലയങ്ങളിലൊന്നും തൃശ്ശൂർ അതിരൂപതയിലെ ഏകദൈവാലയവുമായതു കൊണ്ട് തന്നെ, സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നു പോലും ആളുകൾ, വിശുദ്ധന്റെ മദ്ധ്യസ്ഥം തേടി, നേർച്ച കാഴ്ചകൾ സമർപ്പിക്കുക പതിവുണ്ട്. പറപ്പൂരിന് താലുവശവും ചുറ്റപ്പെട്ടുകിടക്കുന്ന കോൾപ്പാടങ്ങളിലെ പുഞ്ചവിളവെടുപ്പ് കഴിഞ്ഞുള്ള, പെരുന്നാളായതുകൊണ്ടാകണം, പരമ്പരാഗതമായി ഈ പെരുന്നാൾ, വിളവെടുപ്പിന്റെയും നാട്ടിലെ കാർഷിക സമൃദ്ധിയുടേതും കൂടിയായിരുന്നു.
ഇന്നൊക്കെ തിരുനാളുകൾക്ക് പള്ളിപ്പറമ്പുകളും പരിസരങ്ങളും കേന്ദ്രീകരിച്ച് കരിമ്പ് വിൽപ്പന തകൃതിയായി നടക്കുന്ന പോലെ, ഒന്നര പതിറ്റാണ്ടു മുമ്പുവരെ മൂത്തതും പഴുത്തതുമായ ചക്കകൾ, പള്ളിപ്പരിസരങ്ങളിൽ മലപോലെ കൂട്ടിയിട്ട് കച്ചവടം ചെയ്യുമായിരുന്നു. മെയ് മാസത്തിലെ ലോന മുത്തപ്പന്റെ തിരുന്നാളിന് പള്ളിമുറ്റം, ചക്കയുടെ വലിയൊരു വിപണിയായതുകൊണ്ട് തന്നെയാണ്, "ചക്കപ്പെരുന്നാൾ " എന്ന പേര് നൂറ്റാണ്ടുകളായി, ഈ പെരുന്നാളിന് കൈവന്നത്. പണ്ടു മുതൽ പറപ്പൂർ പള്ളിയിലെ ഇരു തിരുനാളുകൾക്കും, പള്ളിമുറ്റം,വീട്ടുപകരണങ്ങളുടേയും കാർഷികോപകരണളുടേയും കച്ചവടകേന്ദ്രം കൂടിയായിരുന്നു.
കയറും കട്ടിലും കലപ്പയും മുറവുമൊക്കെ തേടി ആളുകൾ പള്ളിമുറ്റത്തെത്തുമായിരുന്നു. വരുന്ന മഴക്കാലത്ത് നടാനുള്ള, വിത്തിന്റെ വിപണി കൂടിയായിരുന്നു, ഈ പെരുന്നാളിന് പള്ളിമുറ്റം. വിത്തുഗവേഷണ കേന്ദ്രങ്ങൾ നാട്ടിലാരംഭിക്കുന്നതിനെത്രയോ മുൻപ് തന്നെ ചേമ്പ്, കാച്ചിൽ ഉൾപ്പടെ വിവിധ കാർഷികോൽപ്പന്നങ്ങളുടെ വിത്തുകൾ തേടി ചക്കപ്പെരുന്നാളിന് വിവിധ ദേശങ്ങളിൽ നിന്ന് ആളുകളെത്തുക പതിവുണ്ട്. പഴയ തിരുക്കൊച്ചി - മലബാർ നാട്ടുരാജ്യങ്ങളുടെ അതിർത്തി, ഇടവകാതിർത്തിയ്ക്കുള്ളിലായതു കൊണ്ട് തന്നെ, ഇടവകക്കാർക്കു പോലും (കടാം തോടിനപ്പുറമുള്ള അന്നകര പ്രദേശം, പഴയ മലബാർ പ്രവിശ്യയുടെ ഭാഗമായിരുന്നു) രാജ്യാതിർത്തിയിലൂടെ കച്ചവടസാമഗ്രികൾ കടത്താൻ ചുങ്കം ( നികുതി ) കൊടുക്കണമായിരുന്നത്രേ.
ഒന്നര പതിറ്റാണ്ടു മുൻപു വരെ, വീടുകളിലേയ്ക്കാവശ്യമുള്ള, വീട്ടു സാമഗ്രികളും കാർഷികോപകരണങ്ങളും ഉൽപ്പന്നനങ്ങളും വിത്തുമൊക്കെയായി ശബ്ദമുഖരിതമായിരുന്ന പള്ളിമുറ്റമിപ്പോൾ, കോവിഡ് പശ്ചാത്തലത്തിൽ ശ്മശാന മൂകമാണ്. കാർഷിക മേഖലയിലേയും നിർമ്മാണമേഖലയിലേയും ആളുകളാണ്, പറപ്പൂരിലെ ഭൂരിഭാഗവുമെന്നതുകൊണ്ട്, രണ്ടു മാസക്കാാലമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങൾ അവരിൽ ഭൂരിപക്ഷത്തേയും സാമ്പത്തികമായി തളർത്തിയിട്ടുണ്ട്. ഈയവസ്ഥ കണ്ടറിഞ്ഞ്, അഞ്ഞൂറോളം കുടുംബങ്ങൾക്ക് 1000 രൂപ വീതം സാമ്പത്തിക സഹായം നൽകിയത്, അൽപ്പം ആശ്വാസമേകിയിട്ടുണ്ട്.
കൊടിയേറ്റ് മുതലുള്ള നവനാൾ തിരുകർമ്മങ്ങളും നേർച്ചവിതരണവും കൂടു തുറക്കലും ഇടവകയിലെ കുരുന്നുകളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും യൂണിറ്റുകളിൽ നിന്നുള്ള അമ്പ് - വളപ്രദക്ഷിണങ്ങളോ, തിരുനാൾ പ്രദക്ഷിണമോ വെടിക്കെട്ടോ നാടകമോയില്ലാത്തതുകൊണ്ടാകണം, ഒരു തരത്തിലെ വിജനത, പള്ളിപ്പരിസരങ്ങളിൽ മാത്രമല്ല; നാട്ടിൽ അങ്ങിങ്ങായി തളം കെട്ടി നിൽപ്പുണ്ട്. ഈ ത്യാഗം, നല്ല നാളെയ്ക്കു വേണ്ടിയുളള കരുതലായതു കൊണ്ട് തന്നെ, നവ മാധ്യമങ്ങളിലൂടെയുള്ള ലൈവ് തിരുക്കർമ്മങ്ങളിൽ സംതൃപ്തരാകുകയാണ്, ഇടവക സമൂഹം.മൂന്നു നൂറ്റാണ്ടിനടുത്ത പറപ്പൂർ ഇടവക ചരിത്രത്തിലെ, ആഘോഷങ്ങളില്ലാതെ, ആചരണം മാത്രമായി, ഇതാദ്യ തവണ. ലോന മുത്തപ്പന്റെ തിരുസ്വരൂപം വണങ്ങാതെ, തിരുശേഷിപ്പ് ചുംബിക്കാതെ ഇതാദ്യം. ചുണ്ടത്ത് വിരൽ വെച്ച്, പാടില്ലെന്നോർമ്മിപ്പിച്ച്, വിശുദ്ധൻ (കുമ്പസാരരഹസ്യം പുറത്തു പറയല്ലേയെന്നോർമ്മിപ്പിച്ച്) പള്ളി മുഖ വാരത്തിൽ നിൽപ്പുണ്ട്.
സാഹചര്യങ്ങളിങ്ങനെയെങ്കിലും ലോന മുത്തപ്പന്റെ തിരുനാൾ നേർച്ച, പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കി, കുടുംബ കൂട്ടായ്മ ഭാരവാഹികൾ വീടുകളിലെത്തിച്ചതിന്റെ സന്തോഷം, വിശ്വാസ സമൂഹത്തിനുണ്ട്. ഒപ്പം തങ്ങൾക്കു വേണ്ടിയും നാട് ഇപ്പോഴഭിമുഖീകരിക്കുന്ന ഈ മഹാവ്യാധിയൊഴിയുന്നതിനു വേണ്ടിയും വിശുദ്ധന്റെ മാധ്യസ്ഥമുണ്ടാകുമെന്ന പ്രതീക്ഷയും.
ഇനിയുള്ളത് നവംബറിലേയ്ക്കുള്ള കാത്തിരിപ്പാണ്. മഹാവ്യാധിയുടെ ഭീതിയൊഴിഞ്ഞ്, നവംബറിൽ നടക്കാനിരിക്കുന്ന തമുക്ക് തിരുനാളിനെ മനസ്സിൽ താലോലിച്ച് കൊണ്ടുള്ള അവരുടെ കാത്തിരിപ്പിനും ഒരു സുഖമുണ്ട്. എല്ലാ അർത്ഥത്തിലും അതിജീവനത്തിന്റേതു കൂടിയാണ്; ലോക് ഡൗൺ സീസണിലെ ഈ ചക്കപ്പെരുന്നാൾ.
#{black->none->b->ഡോ. ഡെയ്സൻ പാണേങ്ങാടൻ, അസി. പ്രഫസർ, സെന്റ് തോമസ് കോളേജ്, തൃശ്ശൂർ }#
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DHCOczgtMYrLV34DehrjKB}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
|