Content | വാഷിംഗ്ടണ്‍ ഡി.സി: കാന്‍സര്‍ രോഗത്തോട് നീണ്ട പോരാട്ടത്തിന് ഒടുവില്‍ ലോക പ്രശസ്ത സുവിശേഷകനും, ക്രിസ്ത്യന്‍ അപ്പോളജിസ്ററുമായ ഡോ. രവി സഖറിയാസ് നിത്യതയിലേക്ക് യാത്രയായി. മരണ വാര്‍ത്ത രവി സഖറിയാസ് ഇന്‍റര്‍നാഷ്ണല്‍ മിനിസ്ട്രീസ് (RZIM) സിഇഓയും മകളുമായ സാറ ഡേവിസ് തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുകയായിരിന്നു. നട്ടെല്ലിന്റെ കശേരുക്കളെ ബാധിക്കുന്ന അപൂർവവും മാരകവുമായ കാൻസർ ബാധയെ തുടർന്ന് ഏറെ നാളായി ഹൂസ്റ്റണിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ രണ്ടാഴ്ച മുൻപാണ് അറ്റ്ലാൻ്റയിലുള്ള സ്വവസതിയിലേക്ക് കൊണ്ടുവന്നത്.
ഭാരതത്തിലെ മദ്രാസില്‍ ജനിച്ച രവി, പതിനേഴാം വയസു വരെ നിരീശ്വരവാദിയായിരുന്നു. ആത്മഹത്യ ശ്രമത്തിനിടെ ആശുപത്രിയില്‍ നിന്ന്‍ ലഭിച്ച ബൈബിള്‍ വഴി യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയായിരിന്നു. കൗമാരപ്രായത്തിൽ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ബൈബിൾ വായിക്കുന്നതിനിടെയാണ് ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള തന്റെ പരിവർത്തനം സംഭവിച്ചതെന്ന് അദ്ദേഹം തന്റെ പ്രസംഗവേദികളിൽ പറഞ്ഞിട്ടുണ്ട്. ഇരുപതാമത്തെ വയസ്സിൽ അദ്ദേഹം കാനഡയിലേക്ക് കുടിയേറി. ക്രിസ്ത്യൻ മിഷ്ണറി അലയൻസ് (സിഎംഎ) വഴിയാണ് സഖറിയാസ് തന്റെ ശുശ്രൂഷ ആരംഭിച്ചത്.
ഒന്റാരിയോ ബൈബിൾ കോളേജിലെയും (ഇപ്പോൾ ടിൻഡേൽ യൂണിവേഴ്‌സിറ്റി) ട്രിനിറ്റി ഇന്റർനാഷണൽ യൂണിവേഴ്‌സിറ്റിയിലെയും ബിരുദം നേടി. 1984-ൽ അദ്ദേഹം സ്ഥാപിച്ച രവി സഖറിയാസ് ഇൻറർനാഷണൽ മിനിസ്ട്രിസിലൂടെ (RZIM) പതിനായിരങ്ങള്‍ ക്രൈസ്തവ വിശ്വാസത്തിലേക്ക് വന്നിട്ടുണ്ട്. ഉയർന്ന ചിന്താ നിലവാരത്തിലുള്ളവരുടെ മുതൽ സാധാരണക്കാരുടെ വരെ വിശ്വാസ സംബന്ധിയായതും ബൈബിൾ അടിസ്ഥാനപ്പെടുത്തിയുമുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകുവാന്‍ പ്രാവീണ്യം ഉണ്ടായിരിന്ന അദ്ദേഹം വിവിധ ക്രൈസ്തവ സഭകള്‍ക്ക് സ്വീകാര്യനായിരിന്ന വ്യക്തി കൂടിയായിരിന്നു.
യേശു ക്രിസ്തുവിലുള്ള നിത്യരക്ഷയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ക്ലാസുകള്‍ ലോക രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളെയും ബഹു ഭൂരിപക്ഷം ആളുകളെയും സ്വാധീനിച്ചിട്ടുണ്ട്. എഴുപതില്‍ അധികം രാജ്യങ്ങളിൽ പ്രസംഗിച്ച അദ്ദേഹം തന്റെ 48 വർഷത്തെ മിനിസ്ട്രി ജീവിതത്തിൽ മുപ്പതിലധികം പുസ്തകങ്ങൾ രചിച്ചു. അദ്ദേഹത്തിന്റെ പല രചനകളും അമേരിക്കയിലും മറ്റ് ലോക രാജ്യങ്ങളിലും ബെസ്റ്റ് സെല്ലറുകളായി മാറി.
ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച് അനേകായിരങ്ങളിലേക്ക് യേശുവിനെ പകര്‍ന്ന നബീല്‍ ഖുറേഷി- രവി സഖറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസിലെ മുഖ്യ പ്രഭാഷകനായിരുന്നു. തന്റെ ഗുരുനാഥനായാണ് രവി സഖറിയാസിനെ ഖുറേഷി വിശേഷിപ്പിച്ചിരിന്നത്. ഇഹലോകം ജീവിതം കൊണ്ട് രവി സഖറിയാസ് മടങ്ങിയെങ്കിലും അദ്ദേഹം നല്കിയ സന്ദേശങ്ങളും പ്രബോധനങ്ങളും അനേകരുടെ ഉള്ളില്‍ തീയായി പടരുമെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FmYZ33QthRB9SxmHc7ZrND}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |