Content | കൊൽക്കത്ത: വന്‍ ജനസാന്ദ്രതയുള്ള കൊൽക്കത്ത നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സഭയിലെ അംഗങ്ങള്‍ നടത്തുന്നത് നിസ്തുലമായ ജീവകാരുണ്യ പ്രവര്‍ത്തനം. ഇതിനോടകം നാൽപതിനായിരം ഭക്ഷണപ്പൊതികൾ സന്യാസ സമൂഹം വിതരണം ചെയ്തു കഴിഞ്ഞു. ഏറ്റവും ദരിദ്രരായ ആളുകൾ വസിക്കുന്ന ഹൗറാ മേഖലയിലാണ് കൂടുതൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യപ്പെട്ടത്. മാർച്ച് 24 മുതൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം തൊഴിലും, വേതനവും നഷ്ടപ്പെട്ട ദരിദ്രരായവർ, സന്യാസിനികൾ സ്നേഹത്തോടെ ഭക്ഷണ പൊതിയിലൂടെയാണ് ജീവന്‍ പിടിച്ചു നിര്‍ത്തുന്നത്. ഇതിൽ നിരവധി പേർ അന്യസംസ്ഥാന തൊഴിലാളികളാണ്.
ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ സന്യാസിനികൾ വിവിധ ചേരികളില്‍ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുണ്ട്. അരിയും, ഗോതമ്പും, പഞ്ചസാരയും, പയർവർഗങ്ങളും, ധാന്യങ്ങളും ഉൾപ്പെടെയുള്ള കിറ്റുകളും ജനങ്ങള്‍ക്കു കൈമാറുന്നുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആംബുലൻസ് സംവിധാനവും, പാവങ്ങള്‍ക്കായി സന്യാസികൾ സജ്ജീകരിച്ചിട്ടുണ്ട്. സന്യാസിനി സഭയുടെ തലപ്പത്തുള്ള സിസ്റ്റർ മേരി പ്രേമയാണ് ഇതിനെല്ലാം നേരിട്ട് നേതൃത്വം നൽകുന്നത്. രാവും പകലും ഇല്ലാതെയുള്ള സന്യാസിനികളുടെ സഹായത്തിന് പോലീസിന്റെ സഹായവും സഹകരണവും ലഭിക്കുന്നുണ്ട്.
ദരിദ്ര മേഖലയായ ഹൗറായിൽ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നത് ദരിദ്രരായവർക്ക് വലിയ അനുഗ്രഹമാണെന്ന്, സന്യാസികളെ പ്രശംസിച്ചുകൊണ്ട് അതിരൂപത ആർച്ച് ബിഷപ്പായ തോമസ് ഡിസൂസ പറഞ്ഞു. പാവപ്പെട്ടവരെയും, അഭയാർത്ഥികളെയും, തൊഴിൽ നഷ്ടപ്പെട്ടവരെയും സഹായിക്കുന്നതിനാണ് ഈ ദിവസങ്ങളിൽ പ്രഥമപരിഗണന നൽകുകയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ടുന്ന ദരിദ്രരായ ആളുകൾക്ക് വേണ്ടി മുൻനിരയിൽ നിന്ന് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനികൾ നിസ്വാർത്ഥമായ സേവനമാണ് ചെയ്യുന്നതെന്ന് അതിരൂപതയുടെ വികാരി ജനറാളായ ഫാ. ഡൊമിനിക്ക് ഗോമസ് സ്മരിച്ചു. സമൂഹത്തിൽ വിസ്മരിക്കപ്പെട്ടവർക്കുവേണ്ടി മനുഷ്യത്വപരമായ വലിയ സേവനമാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
1950-ലാണ് മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന് മദർ തെരേസ തുടക്കമിടുന്നത്. ഇന്നു ലോകമെമ്പാടും അയ്യായിരത്തിലധികം സന്യസ്തരാണ് കോണ്‍ഗ്രിഗേഷന് കീഴില്‍ ശുശ്രൂഷ ചെയ്യുന്നത്. |