Content | വാഷിംഗ്ടണ്‍ ഡിസി: കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്നുണ്ടായ ആഗോള പ്രതിസന്ധിയില്‍ കൂടുതല്‍ പേര്‍ പ്രാര്‍ത്ഥനയിലേക്ക് തിരിഞ്ഞതായി ഗവേഷണഫലം. പ്രതികൂലമായ സാഹചര്യത്തില്‍ പ്രാര്‍ത്ഥനകള്‍ക്ക് വേണ്ടി ഓണ്‍ലൈനില്‍ തിരച്ചില്‍ നടത്തിയവരുടെ എണ്ണത്തില്‍ 50% വര്‍ദ്ധനവുണ്ടെന്ന കണ്ടെത്തലുമായി കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ ഗവേഷണ വിഭാഗമാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രാര്‍ത്ഥനക്ക് വേണ്ടി കൂടുതല്‍ ആളുകള്‍ തിരച്ചില്‍ നടത്തുന്ന അവസരങ്ങളായ ക്രിസ്തുമസ്, ഈസ്റ്റര്‍, റമദാന്‍ എന്നിവയേക്കാള്‍ കൂടുതല്‍ പേരാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഗൂഗിളില്‍ തിരച്ചില്‍ നടത്തിയതെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. പ്രാര്‍ത്ഥനക്കായുള്ള ഗൂഗിളിലെ തിരച്ചില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്.
95 രാജ്യങ്ങളിലെ ഗൂഗിള്‍ തിരച്ചിലുകളുടെ ദിവസം തോറുമുള്ള കണക്കുകള്‍ വിശകലനം ചെയ്തതില്‍ നിന്നും കൊറോണ വൈറസ് കാലത്ത് പ്രാര്‍ത്ഥനക്കായി തിരച്ചില്‍ നടത്തിയവരുടെ എണ്ണത്തിലെ ഗണ്യമായ വര്‍ദ്ധനവ് ആഗോള പ്രതിഭാസമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കോപ്പന്‍ഹേഗന്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസ്സര്‍ കൂടിയായ ജീനെറ്റ് സിന്‍ഡിങ് ബെന്റ്സന്‍ പറഞ്ഞു. കൊറോണ ഒരു പകര്‍ച്ചവ്യാധിയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച മാര്‍ച്ച് 11ന് ശേഷമാണ് ശക്തമായ വര്‍ദ്ധനവെന്നതും ശ്രദ്ധേയമാണ്.
കാമറൂണ്‍, കൊളംബിയ, നൈജീരിയ തുടങ്ങിയ രാഷ്ട്രങ്ങളിലാണ് പ്രാര്‍ത്ഥനക്കായി തിരച്ചില്‍ നടത്തിയവരുടെ എണ്ണം കൂടുതലെങ്കിലും, വടക്കന്‍ യൂറോപ്പിലെ ശക്തമായ മതനിരപേക്ഷ രാജ്യങ്ങളിലുള്ളവര്‍ പോലും പ്രാര്‍ത്ഥനക്കായി തിരച്ചില്‍ നടത്തിയിട്ടുണ്ടെന്ന് ബെന്റ്സന്‍ ചൂണ്ടിക്കാട്ടി. മൊബൈല്‍ ആപ്പുകളുടെ കാര്യമെടുത്താല്‍, ഇംഗ്ലീഷിലെ മുന്‍നിര ബൈബിള്‍ ആപ്പ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മാത്രം 20,00,000-ത്തോളം തവണയാണ് കൂടുതലായി ഡൌണ്‍ലോഡ് ചെയ്യപ്പെട്ടത്. ലോക്ക്ഡൌണ്‍ തുടങ്ങിയതിന് ശേഷം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ “ടൈം റ്റു പ്രേ” ആപ്പ് 10,000 തവണ കൂടുതലായി ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായതായി പ്യൂ റിസേര്‍ച്ച് ഏജന്‍സി നേരത്തെ നടത്തിയ പഠനത്തിലും വ്യക്തമായിരിന്നു.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/LT0YyUg2XqO6xyzcVqF1i0}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |