Content | വത്തിക്കാന്‍ സിറ്റി: പ്രാർത്ഥിക്കുന്നവർ സമാധാനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യരാണെന്ന് ബൈബിളില്‍ കാണുന്നുവെന്നും യഥാർത്ഥ പ്രാർത്ഥന അക്രമ വാസനകളിൽ നിന്ന് നമ്മെ മുക്തരാക്കുന്നുവെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച വിശുദ്ധ ഗ്രന്ഥഭാഗ പാരായണത്തിന് ശേഷം ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. പ്രാർത്ഥന ദൈവത്തിലേക്കുള്ള വാതിൽ തുറക്കുന്നുവെന്നും പാപ്പ പറഞ്ഞു.
ഇന്നത്തെ നമ്മുടെ പരിചിന്തനം നീതിമാന്മാരുടെ പ്രാർത്ഥനയെ അധികരിച്ചാണ്. മനുഷ്യരാശിയെ സംബന്ധിച്ച ദൈവിക പദ്ധതി ഉത്തമമാണ്. എന്നാൽ നമ്മുടെ ദൈനംദിന ജീവിതത്തിൽ തിന്മയുടെ സാന്നിധ്യം നാം അനുഭവിച്ചറിയുന്നു. ഉല്പത്തി പുസ്തകത്തിലെ ആദ്യ അധ്യായങ്ങൾ മാനവ കാര്യങ്ങളിൽ തിന്മയുടെ പടിപടിയായുള്ള വ്യാപനത്തെക്കുറിച്ച് വിവരിക്കുന്നുണ്ട്. ആദവും ഹവ്വയും ദൈവത്തിൻറെ സദുദ്ദേശങ്ങളെ സംശയിക്കുന്നു. തങ്ങളുടെ സന്തോഷത്തിനു തടസ്സം നില്ക്കുന്ന അസൂയാലുമായ ദൈവവുമായിട്ടാണ് തങ്ങൾ ഇടപഴകുന്നതെന്ന് അവർ ചിന്തിക്കുന്നു. അതിൽ നിന്നാണ് എതിർപ്പിൻറെ ആരംഭം: തങ്ങളുടെ സന്തോഷം ആഗ്രഹിക്കുന്ന മഹാമനസ്കതയുള്ള ഒരു സ്രഷ്ടാവിൽ മേലിൽ അവർ വിശ്വസിക്കുന്നില്ല. നരകുലത്തിൻറെ രണ്ടാം തലമുറയിൽ തിന്മ ഉപരി വിനാശകരമായിത്തീരുന്നു. അതായത്, കായേൻ ആബേൽ സംഭവം അരങ്ങേറുന്നു.
എന്നിരുന്നാലും ബൈബിളിൻറെ ആദ്യ താളുകളിൽ പകിട്ടു കുറഞ്ഞതും എളിയതും അർപ്പണഭാവ പ്രകടനമുള്ളതും പ്രത്യാശയുടെ വീണ്ടെടുപ്പിനെ പ്രതിനിധാനം ചെയ്യുന്നതുമായ മറ്റൊരു കഥ വിരചിതമായിരിക്കുന്നു. മിക്കവാറും എല്ലാവരും തന്നെ ക്രൂരമായ രീതിയിൽ പെരുമാറുകയും വിദ്വേഷം സൃഷ്ടിക്കുകയും മാനവ സംഭവങ്ങളുടെ നിയന്ത്രണ സംവിധാനത്തെ കീഴടക്കുകയും ചെയ്യുന്നുവെങ്കിലും, ദൈവത്തോട് ആത്മാർത്ഥതയോടെ പ്രാർത്ഥിക്കാൻ കഴിവുള്ളവരും മനുഷ്യൻറെ ഭാഗധേയം മാറ്റിയെഴുതാൻ പ്രാപ്തിയുള്ളവരുമായ വ്യക്തികളുമുണ്ട്. ആബേൽ ദൈവത്തിനു ആദ്യഫലങ്ങൾ അർപ്പിക്കുന്നു.
ഈ വിവരണങ്ങൾ വായിക്കുമ്പോൾ, ലോകത്തുയരുന്ന തിന്മയുടെ തിരമാലയ്ക്കു മുന്നിൽ പ്രാർത്ഥനയാണ് മനുഷ്യൻറെ തടയണയും അഭയസ്ഥാനവും എന്ന പ്രതീതിയുളവാകുന്നു. നമ്മുടെ തന്നെ രക്ഷയ്ക്കായും നാം പ്രാർത്ഥിക്കുന്നു. ബൈബിളിൻറെ ആദ്യ താളുകളിലെ അർത്ഥികർ സമാധാനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യരാണ്: വാസ്തവത്തിൽ, യഥാർത്ഥ പ്രാർത്ഥന അക്രമ വാസനകളിൽ നിന്ന് നമ്മെ മുക്തരാക്കുന്നു. മാനവ ഹൃദയത്തിൻറെ പരിപാലനം ദൈവം വീണ്ടും ഏറ്റെടുക്കുന്നതിന് ദൈവത്തിങ്കലേക്കുള്ള നോട്ടവുമാണത്. പ്രാർത്ഥന ശക്തിയുള്ളതാണ്, കാരണം, അത് ദൈവത്തിൻറെ കരുത്തിനെ ആകർഷിക്കുന്നു. ദൈവത്തിൻറെ ശക്തി എന്നും ജീവൻ പ്രദാനം ചെയ്യുന്നു.
അതുകൊണ്ടാണ് ദൈവത്തിൻറെ അധീശത്വം പലപ്പോഴും ലോകത്തിൽ, തെറ്റിദ്ധരിക്കപ്പെടുകയോ പാർശ്വവൽക്കരിക്കപ്പെടുകയോ ചെയ്യുന്ന സ്ത്രീപുരുഷന്മാരുടെ ശൃംഖലയിലൂടെ കടന്നുപോകുന്നത്. എന്നാൽ ഈ ദൈവദാസന്മാർ അവരുടെ പ്രാർത്ഥനയാൽ ആകർഷിക്കുന്ന ദൈവത്തിന്റെ ശക്തിയാൽ ലോകം ജീവിക്കുകയും വളരുകയും ചെയ്യുന്നു. പ്രാർത്ഥന എന്നും ജീവിത ശൃംഖലയാണ്. പ്രാർത്ഥിക്കുന്ന നിരവധിയായ സ്ത്രീപുരുഷന്മാർ ജീവിതം വിതയ്ക്കുന്നു. കുഞ്ഞുങ്ങൾ പ്രാർത്ഥിക്കാൻ പഠിക്കേണ്ടത് സുപ്രധാനമാണ്. ഒരു പക്ഷേ, പിന്നീട് അത് മറന്നു പോയേക്കാം, മറ്റൊരു വഴി തിരഞ്ഞെടുത്തേക്കാം. എന്നിരുന്നാലും കുഞ്ഞുനാളിൽ പഠിച്ച പ്രാർത്ഥന ഹൃദയത്തിൽ പതിഞ്ഞു കിടക്കും. കാരണം, അത് ജീവൻറെ വിത്താണ്, ദൈവവുമായുള്ള സംഭാഷണത്തിൻറെ വിത്താണ്.
ദൈവചരിത്രത്തിലെ ദൈവത്തിൻറെ യാത്ര പ്രാർത്ഥനയുടെ മനുഷ്യരിലൂടെ കടന്നുപോകുന്നു: അത്, ശക്തന്മാരുടെ നിയമത്തോടു ഒന്നു ചേരാത്തവരും എന്നാൽ അത്ഭുതം പ്രവർത്തിക്കാൻ, വിശിഷ്യ, ശിലാഹൃദയങ്ങളെ മാംസളഹൃദയമാക്കി രൂപാന്തരപ്പെടുത്താൻ ദൈവത്തോടു പ്രാർത്ഥിക്കുന്നവരുമായ, നരകുലത്തിലെ ഒരു വിഭാഗം മനുഷ്യരിലൂടെ കടന്നുപോയി. ഇത് പ്രാർത്ഥനയ്ക്ക് സഹായകമാണ്. കാരണം, പ്രാർത്ഥന ദൈവത്തിലേക്കുള്ള വാതിൽ തുറക്കുകയും, പലപ്പോഴും നമ്മുടെ ശിലാഹൃദയത്തെ മാനവഹൃദയമായി രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നുവെന്നും പാപ്പ പറഞ്ഞു. അപ്പസ്തോലിക ആശീര്‍വ്വാദത്തോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |