Content | ഡബ്ലിന്‍: കോവിഡ് 19 മൂലം മരിച്ചവരുടെ സ്മരണക്കായി അയർലണ്ടിലെ ഡബ്ലിനിലുള്ള ചർച്ച് ഓഫ് ദി അസംപ്ഷൻ ഓഫ് ദി ലോഡ് ദേവാലയത്തിന്റെയും സമീപത്തുള്ള പാരിഷ് സെന്ററിന്റെയും ഭിത്തികളിൽ രണ്ടായിരത്തോളം സ്മാരക കുരിശുകൾ സ്ഥാപിച്ചു. ചുവപ്പ് ചുമരുകളുള്ള കെട്ടിടങ്ങളില്‍ വെള്ളനിറത്തിലുള്ള കുരിശുകളാണ് ഇടവക വൈദികനായ ഫാ. പീറ്റർ ബിർണിന്റെ നേതൃത്വത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. "ദി വാൾ ഓഫ് തൗസൻഡ് ക്രോസസ് ആൻഡ് മില്യൻ ടിയേർസ്" എന്നായിരുന്നു ആദ്യം ഈ സ്മാരകങ്ങൾക്ക് പേരിട്ടിരുന്നത്.നിരവധി വിശ്വാസികൾ ഈ മതിലിന് സമീപം വന്നും, കാറിലിരുന്നും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന്‍ ഇടവക നേതൃത്വം പറയുന്നു.
കുരിശുകള്‍ സ്ഥാപിച്ചിട്ടുള്ള ഒരു ജനാലയിലൂടെ നോക്കിയാൽ വിശുദ്ധ കുർബാന സക്രാരിയിൽ എഴുന്നള്ളി വെച്ചിരിക്കുന്നതും ദൃശ്യമാണ്. ഇടവകയിലെ ദമ്പതികളായ പാട്രിക് ഹാൻഡും, കേയ് ഹാൻഡുമാണ് ഈ ദിവസങ്ങളിൽ കുരിശുകൾ സ്ഥാപിക്കുന്ന ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഓരോ ദിവസവും പുലർച്ചെ ആരോഗ്യവകുപ്പിൽ നിന്നും കൊറോണാ വൈറസ് മൂലം മരിച്ചവരുടെ എണ്ണം അറിഞ്ഞാൽ ഉടനെ കണക്കനുസരിച്ച് അവർ കുരിശുകൾ സ്ഥാപിക്കും. ഒരു ദിവസം 70 മുതൽ 80 വരെ കുരിശുകൾ സ്ഥാപിക്കേണ്ടി വരുന്നുണ്ടെന്ന് പാട്രിക് ഹാൻഡ് പറഞ്ഞു.
എത്രയും പെട്ടെന്ന് സാധാരണ അവസ്ഥയിലേക്ക് മടങ്ങിപ്പോകാൻ സാധിക്കണമേയെന്നാണ് തന്റെ പ്രാർത്ഥനയെന്ന്‍ അദ്ദേഹം പറയുന്നു. വൈറസിന്റെ ആദ്യത്തെ ഇര മരിച്ചപ്പോൾ തന്നെ കുരിശുകൾ സ്ഥാപിക്കാൻ ആരംഭിച്ചിരുന്നുവെന്ന് ഫാ. പീറ്റർ ബിർണി പറഞ്ഞു. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ മരിക്കുന്ന ആളുകളെ സംബന്ധിച്ച് ആർക്കും ഒരു അറിവും കാണില്ലെന്നും എന്നാൽ ദേവാലയത്തിന്റെ ഭിത്തിയിലെ കുരിശുകളിലേക്ക് നോക്കുമ്പോൾ ജീവൻ പൊലിഞ്ഞവരെ പറ്റിയുള്ള ഒരു ബോധ്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാത്ത ദിവസത്തിനായി പ്രത്യാശയോടെ കാത്തിരിക്കുകയാണ് ഫാ. പീറ്റർ ബിർണിയും ഇടവകാംഗങ്ങളും.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IK4V5PbUWIEFjQUN9WxQja}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |