Content | പ്രസ്റ്റണ്‍: ഈശോയുടെ തിരുഹൃദയ തിരുനാൾ ദിനമായ നാളെ ജൂൺ 19ന് ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലെ മുഴുവൻ ഭവനങ്ങളെയും ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും. തിരുനാള്‍ ദിനത്തില്‍ വൈകിട്ട് 7.30ന് ഓൺലൈനിലൂടെയാണ് രൂപതാധ്യക്ഷന്‍ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ഭവനങ്ങളെ ഒന്നടങ്കം തിരുഹൃദയത്തിന് പ്രതിഷ്ഠിക്കുന്നത്. ഇതിന് മുന്നൊരുക്കമായി, ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിനുവേണ്ടി രൂപതാ പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ആന്റണി ചൂണ്ടെലിക്കാട്ട് പ്രത്യേക വീഡിയോ സന്ദേശം പുറപ്പെടുവിച്ചു
വിശുദ്ധ മർഗരീത്ത മറിയത്തിലൂടെ അലകോക്കിലൂടെ ദൈവം വെളിപ്പെടുത്തിയ തിരുഹൃദയത്തിന്റെ 12 വാഗ്ദാനങ്ങൾ ദൈവജനത്തിന്റെ ആത്മീയ, ഭൗതിക മേഖലകളിൽ അനുഗ്രഹ പൂർണമായ വിണ്ടെടുപ്പിന് സഹായമാകുമെന്ന ഓർമപ്പെടുത്തലോടെയാണ് വീഡിയോ സന്ദേശം ആരംഭിക്കുന്നത്. തിരുഹൃദയ രൂപങ്ങൾ അലങ്കരിച്ചും മെഴുകുതിരികൾ കത്തിച്ചുവെച്ചും ഓരോ കുടുംബവും പ്രാർത്ഥനാപൂർവം പ്രതിഷ്ഠാകർമത്തിൽ പങ്കെടുക്കണമെന്ന് മോൺ. ആന്റണി ചൂണ്ടെലിക്കാട്ട് ആഹ്വാനം ചെയ്തു.
വൈകിട്ട് 7.30ന് സാധിക്കുന്നിടത്തോളം കുടുംബാംഗങ്ങൾ ഒന്നിച്ചായിരിക്കാൻ ശ്രമിക്കണം. ഈ സമയത്ത്, അഭിവന്ദ്യ പിതാവ് തന്റെ അപ്പസ്‌തോലിക അധികാരം ഉപയോഗിച്ച് രൂപതയിലെ ഓരോ ഭവനങ്ങളെയും ആശീർവദിച്ച് തിരുഹൃദയത്തിന് പ്രതിഷ്ഠിക്കും. ആശീർവാദ തിരുക്കർമങ്ങൾക്കുശേഷം, ഓരോ ഭവനങ്ങളിലും സൂക്ഷിച്ചിരിക്കുന്ന ഹന്നാൻ വെള്ളം കുടുംബനാഥന്റെ നേതൃത്വത്തിൽ വീടുകളിലും പരിസരങ്ങളിലും തളിക്കണം. ഒരു വിശ്വാസവും ഒരു ഹൃദയവും ഒരു മനസുമായി മാർ സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ മുന്നേറുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രയാണത്തിൽ തിരുഹൃദയ പ്രതിഷ്ഠ കൂടുതൽ ശക്തിപകരുമെന്നും മോൺ. ആന്റണി ചൂണ്ടെലിക്കാട്ട് പറഞ്ഞു. |