Content | അയർക്കുന്നം: ചങ്ങനാശ്ശേരി അതിരൂപതയിലെ പുന്നത്തുറ സെന്റ് തോമസ് ഇടവക വികാരി ഫാ.ജോർജ് എട്ടുപറയിലിനെ (55) പള്ളിവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടത്വ സ്വദേശിയാണ്. ഇന്നലെ വൈകിട്ടോടെ കാണാതായെന്ന വിവരം പോലീസിനു ലഭിച്ചിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
പോലീസും ഇടവകാംഗങ്ങളും തിരച്ചിൽ നടത്തിവരികയായിരുന്നു. വിദേശത്തു നിന്നു വന്ന് ഏതാനും മാസങ്ങൾക്കു മുമ്പാണ് പള്ളിയുടെ ചുമതലയേൽക്കുന്നത്. വൈദിക ന്റെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റവ. ഫാ. ജോര്‍ജ് എട്ടുപറയുടെ അസ്വഭാവിക മരണത്തില്‍ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നുവെന്നും ചങ്ങനാശ്ശേരി അതിരൂപത പ്രസ്താവനയിൽ കുറിച്ചു. ഏതാനും നാളുകള്‍ക്കുമുന്‍പ് പള്ളി കോമ്പൗണ്ടില്‍ ഉണ്ടായ തീപിടുത്തത്തില്‍ ചിലര്‍ക്ക് പരിക്ക്പറ്റിയ സംഭവം രക്തസമ്മര്‍ദ്ദരോഗിയായിരുന്ന അദ്ദേഹത്തിന് വലിയ വിഷമത്തിന് ഇടയായിട്ടുണ്ടെന്ന് മനസ്സിലായിട്ടുള്ളതാണെന്നും ജോര്‍ജ്ജ് എട്ടുപറയച്ചന്റെ അകാല നിര്യാണത്തില്‍ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെയും പുന്നത്തുറ ഇടവകയുടെയും ദു:ഖത്തില്‍ ചങ്ങനാശേരി അതിരൂപതാ കുടുംബം മുഴുവന്‍ പങ്കുചേരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. |