Content | വത്തിക്കാന്‍ സിറ്റി: മറ്റുള്ളവരുടെ മുമ്പാകെ യേശുവിനെ ഏറ്റുപറയണമെന്നും ജീവിതത്തിലെ വെല്ലുവിളികൾക്കു മുന്നിൽ ഭയപ്പെടാതിരിക്കുകയും ശക്തരും ആത്മധൈര്യമുള്ളവരുമായിരിക്കുകയും വേണമെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ഞായറാഴ്ച്ചത്തെ മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു ശേഷമുള്ള പ്രഭാഷണത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. ഇന്നത്തെ സുവിശേഷഭാഗം ദിവ്യഗുരു ദൈവരാജ്യ പ്രഘോഷണത്തിൻറെ ആദ്യാനുഭവത്തിന് അപ്പസ്തോലന്മാരെ ഒരുക്കുന്ന പ്രേഷിത പ്രഭാഷണത്തിൻറെ ഭാഗമാണെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ പ്രഭാഷണം ആരംഭിച്ചത്.
ഭയമരുത്, ഭയപ്പെടരുത് എന്ന് യേശു അവരെ നിരന്തരം ഉദ്ബോധിപ്പിക്കുകയും അവർ അഭിമുഖീകരിക്കേണ്ടിവരുന്ന മൂന്നു സമൂർത്തമായ അവസ്ഥകൾ അവർക്ക് വിശദീകരിച്ചുകൊടുക്കുകയും ചെയ്യുന്നു. ദൈവവചനത്തെ തടയാൻ ആഗ്രഹിക്കുന്നവരുടെ ശത്രുതയാണ് ആദ്യത്തേത്. ഇവിടെ യേശു ചെയ്യുന്നത്, താൻ അപ്പസ്തോലന്മാരെ ഏല്പിച്ച രക്ഷാകരസന്ദേശം പ്രസരിപ്പിക്കാൻ അവർക്ക് പ്രചോദനം പകരുകയാണ്. യേശു ജാഗ്രതയോടെ, ശിഷ്യന്മാരുടെ ചെറിയൊരു ഗണത്തിന് അത് കൈമാറുന്നു. എന്നാൽ അവരാകട്ടെ സുവിശേഷം “പ്രകാശത്തിൽ”, അതായത് പരസ്യമായി പ്രഘോഷിക്കണം. അത് അവർ, യേശു പറയുന്നതു പോലെ, പുര മുകളിൽ നിന്നു അതായത്, പരസ്യമായി പ്രഘോഷിക്കണം.
ക്രിസ്തുവിൻറെ പ്രേഷിതർ അഭിമുഖീകരിക്കേണ്ട രണ്ടാമത്തെ ബുദ്ധിമുട്ട് അവർക്കെതിരായ ശാരീരിക ഭീഷണിയാണ്. അത് അവർക്കെതിരായ വ്യക്തിപരമായ, വധിക്കപ്പെടുകപോലും ചെയ്യാവുന്ന തരത്തിലുള്ള പീഢനമാണ്. യേശുവിൻറെ പ്രവചനം എക്കാലത്തും പൂർത്തീകരിക്കപ്പെടുന്നു: ഇത് വേദനാജനകമായ ഒരു യാഥാർത്ഥ്യമാണെങ്കിലും സാക്ഷികളുടെ വിശ്വസ്തതയെ അത് സാക്ഷ്യപ്പെടുത്തുന്നു. ഇന്നു ലോകമെങ്ങും എത്രയോ ക്രിസ്ത്യാനികൾ പീഢിപ്പിക്കപ്പെടുന്നു. അവർ സ്നേഹത്താൽ സുവിശേഷത്തെ പ്രതി സഹിക്കുന്നു, അവർ നമ്മുടെ ഇക്കാലത്തെ നിണസാക്ഷികളാണ്. അവർ ആദ്യകാല രക്തസാക്ഷികളേക്കാൾ കൂടുതലാണെന്ന് നമുക്കു ഉറപ്പിച്ചു പറയാൻ കഴിയും.
ക്രൈസ്തവരാണ് എന്ന ഒറ്റക്കാരണത്താൽ നിരവധി രക്തസാക്ഷികൾ മരണം വരിച്ചിട്ടുണ്ട്. പിഡിപ്പിക്കപ്പെടുന്ന ഇന്നലത്തെയും ഇന്നത്തെയും ശിഷ്യരെ യേശു ഉദ്ബോധിപ്പിക്കുന്നത് ഇങ്ങനെയാണ്: “ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ട” (മത്തായി 10,28). സുവിശേഷവത്ക്കരണ ശക്തിയെ ധാർഷ്ട്യവും അക്രമവും വഴി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നവരെ ഭയപ്പെടേണ്ട കാര്യമില്ല. വാസ്തവത്തിൽ, ആത്മാവിനെതിരായി, അതായത്, ദൈവവുമായുള്ള ഐക്യത്തിനെതിരായി, അവർക്ക് ഒന്നും ചെയ്യാനാകില്ല. ഇത് ശിഷ്യന്മാരിൽ നിന്ന് എടുത്തു കളയാൻ ആർക്കും സാധിക്കില്ല, കാരണം, ഇത് ദൈവത്തിൽ നിന്നുള്ള ദാനമാണ്.
ദൈവം തങ്ങളെ ഉപേക്ഷിച്ചു, മൗനിയായി അകന്നു നില്‍ക്കുന്നു എന്ന ചിലർക്കുണ്ടാകുന്ന തോന്നലാണ് അപ്പസ്തോലന്മാർ അഭിമുഖീകരിക്കേണ്ട മൂന്നാമത്തെ പരീക്ഷണമായി യേശു ചൂണ്ടിക്കാട്ടുന്നത്. ഇവിടെയും യേശു വര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം 'ഭയപ്പെടരുത്' എന്നാണ്. എന്തെന്നാൽ ഇവയും മറ്റു അപകടങ്ങളും അനുഭവിച്ചറിയുമ്പോഴും ശിഷ്യരുടെ ജീവിതം നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിൻറെ കരങ്ങളിൽ സുരക്ഷിതമാണ്. അവ മൂന്നു പ്രലോഭനങ്ങൾ പോലെയാണ്, അതായത് ഒന്ന് സുവിശേഷത്തെ പഞ്ചസാരയിൽ പൊതിയുക, അതിൽ വെള്ളം ചേർക്കുക, രണ്ട്, പീഡനം. മൂന്ന്, ദൈവം നമ്മെ കൈവിടും എന്ന ചിന്ത.
ചില സമയങ്ങളിൽ ഒരുവന് ആത്മീയമായ ഈ വരൾച്ച അനുഭവപ്പെടുന്നു. എന്നാൽ നാം അതിനെ ഭയപ്പെടരുത്.
പിതാവ് നമ്മെ പരിപാലിക്കുന്നു. എന്തെന്നാൽ അവിടത്തെ ദൃഷ്ടിയിൽ നാം വിലയേറിയവരാണ്. ഇവിടെ പ്രധാനം, ആത്മാർത്ഥതയും നമ്മുടെ ധീര വിശ്വാസസാക്ഷ്യവുമാണ്, അതായത്, മറ്റുള്ളവരുടെ മുമ്പാകെ യേശുവിനെ അംഗീകരിക്കുക, സൽക്കർമ്മം തുടരുക എന്നിവയാണ്. നിരാശയ്ക്കു കീടങ്ങാതെ ദൈവത്തിനും, അവിടത്തെ കൃപയ്ക്കും എല്ലായ്പ്പോഴും നമ്മെത്തന്നെ സമർപ്പിക്കുന്നതിന്, വിശ്വാസത്തിൻറെയും ദൈവപരിപാലനയിലുള്ള ആശ്രയത്തിൻറെയും മാതൃകയായ ഏറ്റം പരിശുദ്ധയായ കന്യാകാമറിയം നമ്മെ സഹായിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
#{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Dle5KpNLg7a7FJNpFadJCr}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }} |