Content | വത്തിക്കാന്‍ സിറ്റി: പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയ തിരുനാൾ ദിനമായിരിന്ന ജൂണ്‍ 20 ശനിയാഴ്ച ഫ്രാന്‍സിസ് പാപ്പ ഉള്‍പ്പെടുത്തിയ ലുത്തിനീയയിലെ യാചനകളുടെ മലയാള പരിഭാഷയില്‍ തിരുത്തലുമായി കെസിബിസി. ലുത്തീനിയയിൽ 'കാരുണ്യത്തിന്‍റെ മാതാവേ' (Mater misericordiae), 'പ്രത്യാശയുടെ മാതാവേ' (Mater spei), 'കുടിയേറ്റക്കാരുടെ ആശ്വാസമേ' (Solacium migrantium) എന്നീ മൂന്ന് യാചനകൾ ഉള്‍പ്പെടുത്തുവനാണ് പാപ്പ ആഹ്വാനം ചെയ്തിരിന്നത്. വിവര്‍ത്തനം വത്തിക്കാന്‍ ന്യൂസ് മലയാള വിഭാഗമാണ് നടത്തിയത്. ഇതില്‍ മൂന്നാമത്തേത് 'അഭയാര്‍ത്ഥികളുടെ ആശ്വാസമേ' എന്നാക്കി മാറ്റുവാന്‍ കേരള മെത്രാന്‍ സമിതിയുടെ കാര്യാലയമായ പിഒസിയില്‍ നിന്നും നിര്‍ദേശം ലഭിച്ചതായാണ് വത്തിക്കാന്‍ ന്യൂസ് മലയാള വിഭാഗം ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
'കാരുണ്യത്തിന്‍റെ മാതാവേ” എന്ന യാചന ലുത്തിനിയായിലെ 'തിരുസഭയുടെ മാതാവേ' എന്നതിനും “പ്രത്യാശയുടെ മാതാവേ” എന്നത് 'ദൈവവരപ്രസാദത്തിൻറെ മാതാവേ' എന്നതിനും “അഭയാര്‍ത്ഥികളുടെ ആശ്വാസമേ” എന്നത് “പാപികളുടെ സങ്കേതമേ” എന്നതിനും ശേഷം ചേർക്കാനാണ് ആരാധനയ്ക്കായുള്ള വത്തിക്കാൻ തിരുസംഘം മെത്രാന്മാരുടെ സംഘങ്ങളുടെ തലവന്മാർക്കു ഏഴുതിയ കത്തിൽ നിർദ്ദേശിച്ചിരിക്കുന്നത്. ലൊറെറ്റോയിലെ ലൂത്തീനിയ എന്നറിയപ്പെടുന്ന ഇപ്പോഴത്തെ പ്രാര്‍ത്ഥനയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1587-ല്‍ അന്നത്തെ പാപ്പയായിരിന്ന സിക്സ്റ്റസ് അഞ്ചാമനാണ് ഇതിനു അംഗീകാരം നല്‍കിയത്. |