Content | ലാഹോര്‍: പാക്കിസ്ഥാനിലെ പെഷവാറിലുളള മുസ്ലിം ഭൂരിപക്ഷ മേഖലയിൽ സ്ഥലവും വീടും വാങ്ങിയതിന്റെ പേരിൽ വെടിയേറ്റ് ചികിത്സയിലായിരിന്ന ക്രൈസ്തവ വിശ്വാസിയായ നദീം ജോസഫ് മരിച്ചു. ഉദരഭാഗത്ത് വെടിയേറ്റ നദീമിനെ രക്ഷിക്കാൻ അഞ്ചു സർജറികൾ നടത്തിയെങ്കിലും വിഫലമാകുകയായിരിന്നു. നദീമും, കുടുംബവും താമസിക്കുന്ന വീട്ടിൽ നിന്നും 24 മണിക്കൂറിനുള്ളിൽ വിട്ടു പോകണമെന്ന് തീവ്ര ഇസ്ലാമിക വാദികൾ അദ്ദേഹത്തിന്റെ കുടുംബത്തോടെ ആവശ്യപ്പെട്ടതു മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. നദീം ഉടനെ പോലീസിനെ വിളിച്ചു. പോലീസുകാർ എത്തുന്നതിനുമുമ്പ് ഇസ്ലാമിക വാദികൾ അദ്ദേഹത്തെ ക്രൂരമായി മർദ്ദിക്കുകയും, നദീമിനും, കുടുംബത്തിനും നേരെ വെടിയുതിർക്കുകയും ചെയ്തു.
പോലീസ് എത്തുന്നതിന് മുമ്പ് അവിടെ നിന്ന് അവർ രക്ഷപ്പെട്ടു. നദീമിനും, കുടുംബത്തിനും നീതി ലഭിക്കണമെന്ന് ക്രൈസ്തവ മനുഷ്യാവകാശപ്രവർത്തകൻ സാബിർ മൈക്കിൾ ഏജൻസിയ ഫിഡെസ് മാധ്യമത്തോട് പറഞ്ഞു. "എല്ലാവർക്കും പാകിസ്താനിൽ സ്വത്തുവകകൾ വാങ്ങാനുള്ള അവകാശമുണ്ട്. ഇപ്പോൾ അക്രമകാരികൾ നടത്തിയിരിക്കുന്നത് മനുഷ്യാവകാശത്തിനെയും, നിയമ വ്യവസ്ഥിതിയെയും വെല്ലുവിളിക്കുന്ന കാര്യമാണ്. അതിനാൽ അവർ ശിക്ഷിക്കപ്പെടാതെ പോകാൻ പാടില്ല," അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ വർധിക്കുകയാണെന്നും സാബിർ മൈക്കിൾ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സമൂഹത്തെ മുഴുവൻ വിഷമാവസ്ഥയിലാക്കിയ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും, കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും മറ്റൊരു മനുഷ്യാവകാശ പ്രവർത്തകനായ ഖലീൽ ഷഹസാദ് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ജീവൻ രക്ഷിക്കാൻ ആരാണ് മുന്നോട്ടുവരിക എന്ന ചോദ്യമാണ് റാത്താരി തെഹരീക്ക് പാക്കിസ്ഥാൻ എന്ന സംഘടനയുടെ അധ്യക്ഷൻ സാംസൺ സലാമത്ത് ഉന്നയിച്ചത്. |